Politics (Page 80)

ബില്ലുകളില്‍ ഒപ്പിടാന്‍ തയ്യാറാകാത്ത ഗവര്‍ണ്ണറുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. 18-ാം ഇനമായി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേരളാ സര്‍ക്കാരിന്റെ ഹര്‍ജ്ജി കേള്‍ക്കുന്നത്. അറ്റോര്‍ണി ജനറലിനോടും സോളിസിറ്റര്‍ ജനറലിനോടും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിഷയത്തില്‍ നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഗവര്‍ണ്ണര്‍, ഗവര്‍ണ്ണറുടെഒഫിസിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി, കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയവരാണ് യഥാക്രമം കേസിലെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള എതിര്‍ കക്ഷികള്‍.

സുപ്രിം കോടതി നോട്ടീസ് നല്‍കിയിട്ടുള്ളത് ഗവര്‍ണ്ണര്‍ ഒഴിച്ചുള്ള മറ്റ് രണ്ട് കക്ഷികള്‍ക്കും ആണ്. ഭരണ ഘടനയുടെ 168-ാം അനുചേദം അനുസരിച്ച് ഗവര്‍ണ്ണര്‍ നിയമ നിര്‍മ്മാണ സഭയുടെ ഭാഗമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. ബില്ലുകളായി മുന്‍പില്‍ എത്തിയപ്പോള്‍ മുന്‍പ് അംഗികരിച്ച 3 ഒര്‍ഡിനന്‍സുകളും ഗവര്‍ണ്ണര്‍ ഒപ്പിട്ടില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപം. കഴിഞ്ഞ എഴ് മുതല്‍ ഈ മൂന്ന് ബില്ലുകള്‍ക്ക് ഉള്‍പ്പടെ ആകെ 8 ബില്ലുകള്‍ക്ക് അംഗികാരം നല്‍കിയിട്ടില്ല.

സംസ്ഥാന സര്‍ക്കാരിനെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലിന്റെ നേതൃത്വത്തില്‍,സ്റ്റാന്റിംഗ് കൌണ്‍സില്‍ സി.കെ ശശി, അഡ്വക്കേറ്റ് ജനറല്‍ ഗോപാലക്യഷ്ണക്കുറുപ്പ്, സിദാന്ത് കോഹ്ലി, വി.മനു, മിനാ കെ പൗലോസ് എന്നിവരാണ് പ്രതിനിധീകരിക്കുക. കേസില്‍ മന്ത്രിമാര്‍ക്ക് കൂടിക്കാഴ്ച അനുമതി ഗവര്‍ണ്ണര്‍ നിഷേധിച്ചു, മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ചില്ല എന്നതടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന അധിക സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

പി.ഡബ്ല്യൂ.ഡി അസിസ്റ്റൻ്റ്‌ എഞ്ചിനീയർക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. പി.ഡബ്ല്യൂ.ഡി അസിസ്റ്റൻ്റ് എഞ്ചിനീയർ താലൂക്ക് സഭാ മീറ്റിങ്ങിനിടെ പരാതി പരിശോധിക്കാൻ ഇറങ്ങിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. താലൂക്ക് സഭ ചേരുന്ന ദിവസം ഇനി വേറെ ഒരു പണിക്കും താൻ പോകരുത്.പഞ്ചായത്ത് പ്രസിഡൻ്റ് മാരും മറ്റ് ഉദ്യോഗസ്ഥരും വരുമ്പോൾ ഇനി കറങ്ങാൻ പോകാൻ നിൽക്കരുത്. ഇത് നേരത്തേയും വാണിംഗ് തന്നതാണ്. ഇത് ലാസ്റ്റ് വാണിങ്ങാണ്. ഇനി ആവർത്തിക്കരുത് എന്നുമായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ പ്രതികരണം. പരാതി പരിശോധിക്കാന്‍ ഉച്ചയ്ക്ക് ശേഷം പോകാമായിരുന്നു. എല്ലാവരും പങ്കെടുക്കുന്നതാണ് താലൂക്ക് സഭ. പഞ്ചായത്ത് അംഗങ്ങളും അധ്യക്ഷന്മാരും വന്നിരിക്കുമ്പോള്‍ നിങ്ങള്‍ കറങ്ങാന്‍ പോകുന്നത് ഇന്ന് നിര്‍ത്തണം. മേലാല്‍ ഈ പണിയെടുക്കരുത്. നേരത്തേയും നോട്ടീസ് കൊടുത്തതാണ്. മൂന്നാഴ്ച മുമ്പും നോട്ടീസ് നല്‍കിയതാണെന്നും ഗണേഷ്‌കുമാര്‍ എം.എല്‍.എ. കൂട്ടിച്ചേർത്തു. ഫോണിലേക്ക് താലൂക്ക് സഭ കൂടിയ സമയത്ത് പരാതി വന്നതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്കായി പി.ഡബ്ല്യൂ.ഡി.എന്‍ജിനീയര്‍ പോയത്. ഇതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്‌. ഉദ്യോഗസ്ഥന്‍ എം.എല്‍.എയുടെ താക്കീതിനെത്തുടര്‍ന്ന് യോഗത്തിലേക്ക് തിരികെയെത്തി.

രാജസ്ഥാനിലെ നാളത്തെ വോട്ടെടുപ്പിനായി ജനങ്ങൾ തയ്യാർ. ഇന്ന് നിശബ്ദ പ്രചാരണ ദിവസമാണ് അതിനാൽ ഫോണിൽ വിളിച്ചും വോട്ടർ മാരെ നേരിൽ കണ്ടും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. രാവിലെ ഏഴു മുതൽ വൈകീട്ട് 6 വരെയാണ് പോളിംഗ്. 200 സീറ്റുകളാണ് രാജസ്ഥാൻ നിയമ സഭയിലുള്ളത്. അഞ്ചു കോടി 25 ലക്ഷത്തിലേറെ വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്.

സംസ്ഥാനത്ത് 51756 പോളിംഗ് ബൂത്തുക്കളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് കോണ്ഗ്രസ് സ്ഥാനാർഥി ഗുർ മിത് സിങ് കോനൂർ മരിച്ചതിനെ തുടർന്ന് മാറ്റി വച്ചിട്ടുണ്ട്. ആദ്യഘട്ട അഭിപ്രായ സർവേ ഫലങ്ങളിൽ ബിജെപിക്ക് അനുകൂലമായ തരംഗം പ്രവചിച്ചിരുന്നു. എങ്കിലും, അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇരു പാർട്ടികളും ബലാബല മത്സരം തുടരുകയാണ്.

കോഴിക്കോട് കളക്ടറേറ്റിലേക്ക് നവകേരള സദസിന് മാവോയിസ്റ്റിന്റെ ഭീഷണി കത്ത്. കോഴിക്കോടാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരിലാണ് ഭീഷണി കത്ത് എത്തിയത്. സർക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു.ഇന്ന് കോഴികോട് ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പ്രവേശിക്കുകയാണ്. 13 നിയമസഭാ മണ്ഡങ്ങളിൽ മൂന്ന് ദിവസങ്ങളിലായാണ് സദസ്സ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് വടകര നാരായണ നഗരം ഗ്രൗണ്ടിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടന്നു. വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവധിക്കും. രാവിലെ 11 മണിക്ക് നാദാപുരം മണ്ഡലത്തിലെ പരിപാടി കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിലും വൈകിട്ട് 3 മണിക്ക് പേരാമ്പ്ര മണ്ഡലത്തിലെ പരിപാടി പേരാമ്പ്ര ഹൈസ്‌കൂൾ ഗ്രൗണ്ടിലും നടക്കും. വൈകിട്ട് 4.30 ക്ക് കുറ്റ്യാടി മണ്ഡലത്തിലെ നവകേരള സദസ് മേമുണ്ട ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലും വൈകിട്ട് 6 മണിക്ക് ടകര മണ്ഡലത്തിലെ പരിപാടി വടകര നാരായണ നഗരം ഗ്രൗണ്ടിലും നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നാല് കേന്ദ്രങ്ങളിലും സംസാരിക്കും. വേദികൾക്കരികെ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

ബ്രാന്‍റിംഗ് ഇല്ലാതെ പണം നൽകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ സംസ്ഥാനത്ത് അഞ്ച് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും കെ ഫോണിനും ഇതേ ആവശ്യം ഉന്നയിച്ച് മൂലധന ചെലവിനത്തിൽ സംസ്ഥാനത്തിന് അർഹമായ വിഹിതവും കേന്ദ്രം നൽകിയിട്ടില്ല. 5632 കോടിയുടെ കുടിശികയാണ് വിവിധ പദ്ധതികൾക്കും ഗ്രാന്‍റ് ഇനത്തിലും സംസ്ഥാനത്തിന് കിട്ടാനുള്ളത്. 75000 രൂപയാണ് ലൈഫ് വീടിന് കേന്ദ്രം നൽകുന്നത്.

1925 കോടി മൂലധന ചെലവിൽ കുടിശികയുണ്ട്. പേരിന് പണം തരും, എന്നിട്ട് പേരെഴുതി വയ്ക്കണമെന്ന് പറയും. കേന്ദ്രത്തിന്‍റെ ഈ നയം കാരണം ലൈഫിന് വരെ നിലവിൽ പ്രതിസന്ധിയാണെന്നാണ് സംസ്ഥാന സര്‍ക്കാർ വിശദീകരിക്കുന്നത്. നാല് ലക്ഷം രൂപ ചെലവിൽ പണിയുന്ന ലൈഫ് വീട് ഒന്നിന് 75000 രൂപയാണ് കേന്ദ്ര വിഹിതം. പക്ഷെ പ്രധാന മന്ത്രി ആവാസ് യോജന വഴി നിര്‍മ്മിക്കുന്ന വീടുകൾക്ക് മൂന്നിരട്ടിയോളം തുക സംസ്ഥാനം ചെലവാക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര പദ്ധതിയെന്ന് ബോര്‍ഡെഴുതണമെന്നാണ് നിബന്ധന. കൂടാതെ ആയുഷ്മാൻ ഭാരത്, സ്വച്ഛ് ഭാരത് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ, പോഷൻ അഭിയാൻ മിഷൻ എന്നീ പദ്ധതികൾക്കും ബ്രാന്‍റിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

മാത്രമല്ല മൂലധന ചെലവിനത്തിൽ കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധമില്ലാത്ത വിഴിഞ്ഞം തുറമുഖം കെ ഫോൺ അടക്കമുള്ളവക്ക് ഇതേ ന്യായം പറഞ്ഞ് നിഷേധിക്കുന്നു എന്നാണ് സംസ്ഥാനത്തിന്‍റെ പരാതി. 1925 കോടി രൂപയാണ് കേന്ദ്രമാനദണ്ഡപ്രകാരം സംസ്ഥാനത്തിന് കിട്ടാനുള്ള കാപ്പക്സ് വിഹിതം. നഗരവികസന ഗ്രാന്‍റ് 700 കോടിയും, യുജിസി ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ 750 കോടിയും, ഗ്രാമ വികസന ഗ്രാന്‍റിനത്തിൽ 1260 കോടിയും നിലവിൽ കുടിശികയാണ്. നെല്ല് സംഭരണം അടക്കം ഭക്ഷ്യ സുരക്ഷാ പദ്ധതികൾക്ക് കിട്ടേണ്ട 790 കോടിയും കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. 5632 കോടിയാണ് എല്ലാം ചേര്‍ത്താൽ കേന്ദ്ര കുടിശിക ഉള്ളതെന്ന് സംസ്ഥാനത്തിന്‍റെ കണക്ക്.

നവ കേരള സദസിൽ എൽഡിഎഫ് വക്താക്കളായല്ല മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം രാഷ്ട്രീയം പറയുമ്പോൾ അതിനു മറുപടി ഇനിയും നവകേരള സദസിൽ ഉണ്ടാവും.കാസര്‍കോട് നവകേരള സദസ് കഴിഞ്ഞപ്പോള്‍ മഹാ ജനമുന്നേറ്റ സദസ്സായിമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ആര്‍ പരിപാടിയായി പി.ആര്‍ ഏജന്‍സിക്ക് ബുദ്ധി പണയംവെച്ചവര്‍ക്ക് തോന്നുമെന്നും മുഖ്യമന്ത്രി.

പ്രതിപക്ഷമാണ് രാഷ്ട്രീയ മറുപടികൾക്കുള്ള സാഹചര്യം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷം ലൈഫ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പാവപ്പെട്ടവർക്ക് വീടു ലഭ്യമാക്കുന്ന പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. സമയത്തിന്റെ പരിമിധി ഉണ്ടായതു കൊണ്ടാണ് മന്ത്രിമാരുടെ പ്രതിനിധികളായി ഉദ്യോഗസ്ഥർ നിവേദനം സ്വീകരിക്കുന്നതെന്നും നവ കേരള സദസ് നടക്കുന്ന ഒരോ സ്ഥലത്തെയും ചിലവ് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ തിരക്ക് പരിഗണിച്ചാണ് നവകേരള സദസിൽ നിവേദനം നൽകുന്ന കൗണ്ടറുകളുടെ എണ്ണം 20 ആക്കി ഉയർത്തിയത്.

സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ ഉയർത്തി. 1600 രൂപയായി ഉയർത്താൻ തീരുമാനിച്ചതായാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചത്. അവശ കലാകാര , സർക്കസ്‌,അവശ കായികതാര, വിശ്വകർമ്മ പെൻഷൻ തുകകളാണ്‌ ഉയർത്തിയത്‌. നിലവിൽ 1000 രൂപയാണ്‌ അവശ കലാകാര പെൻഷൻ. അവശ കായികതാരങ്ങൾക്ക്‌ 1300 രൂപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയും, സർക്കസ്‌ കലാകാർക്ക്‌ 1200 രുപയുമാണ് ലഭിച്ചിരുന്നത്‌.

കഴിഞ്ഞ ദിവസം, അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയർത്തിയതായിരുന്നു. 1000 രൂപ വരെയാണ്‌ അങ്കണവാടി, ആശ ജീവനക്കാർക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്. ഈ നേട്ടം 88,977 പേർക്ക്‌ ലഭിക്കും. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക്‌ നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധനയുണ്ട്‌. വേതന വർധന ലഭിക്കുന്നത്‌ 62,852 പേർക്കാണ്‌. ഇതിൽ 32,989 പേർ വർക്കർമാരാണ്‌. ആശ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേർക്കാണ്‌ നേട്ടം. ഡിസംബർ മുതൽ ഇരു വർധനകളും പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നവകേരള സദസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പിണറായിയുടെ കെട്ടുകാഴ്ചയിൽ പാവപ്പെട്ടവർക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്‌കരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനസമ്പർക്ക പരിപാടി നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിർദേശം നൽകിയ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമർശിക്കാൻ എന്ത് അർഹതയാണുള്ളതെന്ന് സുധാകരൻ ചോദിച്ചു.

മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയിൽ പാവപ്പെട്ടവർക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നൽകുകയോ ചെയ്തില്ല. 2011, 2013, 2015 വർഷങ്ങളിൽ ഉമ്മൻ ചാണ്ടി മൂന്നു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ കാസർഗോഡ് ജില്ലയിലെ 94,696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവർക്ക് 11.94 കോടി രൂപയും വിതരണം ചെയ്തു. 47 മണിക്കൂർ അദ്ദേഹം കാസർഗോഡ് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൊത്തം ജനസമ്പർക്ക പരിപാടിയിൽ 11.45 ലക്ഷം പരാതികൾ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്തുവെന്നാണ് പിണറായി വിജയൻ നിയമസഭയിൽ നൽകിയ കണക്ക്. എന്നാൽ ഇങ്ങനെയൊരു തപസ്യയ്ക്ക് പിണറായി വിജയൻ തയാറായില്ല. ബെൻസ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാർട്ട് കെട്ടാനാണ് അദ്ദേഹത്തിന്റെ മോഹം. യുഡിഎഫ് കൊണ്ടുവന്നതല്ലാതെ ഒന്നും കേരളത്തിൽ സംഭവിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോ റെയിലും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും ഉദ്ഘാടനം ചെയ്യാൻ പിണറായി വിജയന് യാതൊരു ഉളുപ്പും ഇല്ലായിരുന്നു. യുഡിഎഫ് ഭരണമെങ്കിൽ ഇന്നു കാണുന്ന വികസനം സാധ്യമാകുമോയെന്ന് ചോദിക്കാൻ പിണറായി വിജയന് അപാരമായ തൊലിക്കട്ടി വേണം. മുഖ്യമന്ത്രി പൊക്കിക്കാട്ടുന്ന വികസനം സംഭവിക്കുന്നത് സിപിഎമ്മിലും അദ്ദേഹത്തിന്റെ കുടുംബത്തിലുമൊക്കെയാണ്. രാജാപ്പാർട്ടിൽ നിന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ കണ്ണീർ തുടച്ചില്ലെങ്കിൽ ചരിത്രം നിങ്ങളെ വെറുതെ വിടില്ലെന്ന് സുധാകരൻ ഓർമ്മപ്പെടുത്തി.

തിരുവനന്തപുരം: നവകേരള സദസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര യാത്രയെന്ന് അദ്ദേഹം പറഞ്ഞു. കറങ്ങുന്ന കസേരയിൽ രാജാവിനെപ്പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെ ആളുകൾ തൊഴുത് വണങ്ങി നിൽക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാത്ത സർക്കാർ നവകേരള സദസിൽ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുക. നാല് മാസമായി അമ്പത്തിരണ്ട് ലക്ഷം പേർക്ക് പെൻഷൻ ലഭിച്ചിട്ട്. മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ അവർ കഷ്ടപ്പെടുകയാണ്. ഇവരുടെയൊക്കെ പ്രശ്‌നങ്ങൾ എന്ന് പരിഹരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

കറങ്ങുന്ന കസേരയിൽ യാത്ര ചെയ്യുന്ന പിണറായി വിജയനെയും പരിവാരങ്ങളെയും താരതമ്യം ചെയ്യുക. ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ അപ്പപ്പോൾ പരിഹരിച്ച ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയുമായിട്ടായിരിക്കും. ജനസമ്പർക്ക പരിപാടി വില്ലേജ് ഓഫീസറുടെ പണിയാണെന്ന് ആക്ഷേപിച്ച സിപിഎമ്മും പിണറായി വിജയനും മനുഷ്യ സ്നേഹിയായിരുന്ന ഉമ്മൻചാണ്ടിയോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം അറിയിച്ചു.

നവകേരള സദസ്സിനായി ഒരുങ്ങുന്ന ആഡംബര ബസിന്റെ മൂല്യം പരിപാടിക്ക് ശേഷം കൂടുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കർ. ഡിസംബർ 24ന് നവകേരള ധൂർത്ത് തിരുവനന്തപുരത്ത് സമാപിച്ച ശേഷം ബസ് കൂറ്റനാട് നിന്ന് കൊച്ചിയിലേക്ക് അപ്പം കൊണ്ടുവരാൻ ഉപയോഗിക്കാമെന്ന് ജയശങ്കർ പരിഹസിച്ചു.

“നവകേരള ധൂർത്ത് ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിച്ച ശേഷം കെ ബസ് കൂറ്റനാട് നിന്ന് കൊച്ചിയിലേക്ക് അപ്പം കൊണ്ടുവരാൻ ഉപയോഗിക്കാം, കെ റെയിൽ യാഥാർത്ഥ്യമാകും വരെ ഒരു ഇടക്കാലാശ്വാസം എന്ന നിലയിൽ” ജയശങ്കർ പറഞ്ഞു. അതേസമയം, നവകേരള സദസിന്റെ ഭാഗമായി തയ്യാറാക്കിയ ബസിനു പിന്നിൽ ഒരു രഹസ്യവുമില്ലെന്നാണ് എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചു കഴിയുമ്പോൾ ബസിന്റെ മൂല്യം ഉയരും. പല വിധ ആവശ്യങ്ങൾക്കുമായി ബസ് ഉപയോഗിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.