Politics (Page 79)

നവ കേരള സദസിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ പങ്കെടുത്തു. ലീഗ് സാന്നിധ്യം നവകേരള സദസിൽ ചർച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ തിരൂരിൽ നവകേരള സദസിൽ പങ്കെടുത്തു. ഹസീബ് സഖാഫ് തങ്ങൾ തിരൂരിലെ പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. യോഗത്തിൽ കക്ഷി രാഷ്ട്രീയം പ്രസക്തമല്ല

. വികസനമാണ് പ്രധാനമെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ അതിവേഗ പാത യാഥാർഥ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ മുസ്‌ലിം ലീഗ് നേതാവ് പി പി ഇബ്രാഹിമും പങ്കെടുത്തു. നവകേരള സദസിൽ കോൺഗ്രസ്‌ നേതാവ് സി മൊയ്തീനും എത്തി. തിരുന്നാവായ മുൻ ബ്ലോക്ക്‌ പ്രസിഡന്റായ സി മൊയ്തീൻ പ്രഭാത യോഗത്തിനാണ് പങ്കെടുത്തത്.

തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ കണക്കുകൾ നൽകിയില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. ക്ഷേമ പെൻഷനായി കേന്ദ്രം നൽകുന്നത് വളരെ കുറഞ്ഞ വിഹിതം. നിരവധി തവണ കേന്ദ്ര ധാനമന്ത്രിയെ കണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേരളം ധരിപ്പിച്ചതാണ്. കഴിഞ്ഞ ഒക്ടോബറിലും സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. നിർമല സീതാരാമൻ ഇതെല്ലാം മറച്ചു വയ്ക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ കണ്ടു മുഖ്യമന്ത്രിയെന്ന നിലയിൽ താനും കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളോട് യുഡിഎഫ് എംപിമാർ സഹകരിക്കുന്നില്ല. കേരളത്തിന്റെ ഒരു ആവശ്യത്തിനും അവർ ഇന്നുവരെ ശബ്ദിച്ചിട്ടില്ല. നിവേദനത്തിൽ ഒപ്പിടാൻ പോലും അവർ തയ്യാറായില്ല. എൽഡിഎഫ് എംപിമാർ ആണ് കേന്ദ്ര ധാനമന്ത്രിയെ കണ്ടു നിവേദനം കൊടുത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവകേരള സദസിന്റെ ജനപിന്തുണ കാണണമെങ്കിൽ പറവൂരിൽ വച്ച് കാണാമെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ജനപിന്തുണ തെളിയിക്കേണ്ടത് തെരഞ്ഞെടുപ്പിലാണെന്നും തെരഞ്ഞെടുപ്പിൽ കാണാമെന്നതാണ് തന്റെ മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സദസിന്റെ ജനപിന്തുണ കാണാൻ പറവൂർ വരെ വരേണ്ട കാര്യമില്ല. അതിന് മുൻപ് തന്നെ ധാരാളം നിയോജക മണ്ഡലങ്ങളിൽ അത് കണ്ടുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുത്തുന്ന ആളുകളും പാർട്ടി പ്രവർത്തകരുമാണ് പരിപാടിക്കെത്തുന്നത്. ഭീഷണിപ്പെടുത്തി വരുത്തുന്ന കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കാർമാർ,തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി ജനപിന്തുണ കാണിക്കാനാണെങ്കിൽ അതിന് വേണ്ടി പറവൂരിൽ വരേണ്ട കാര്യമില്ല. നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി എല്ലാദിവസവും വെല്ലുവിളികൾ നടത്തുകയും അക്രമത്തിന് ആഹ്വാനം നടത്തുകയുമാണ് ചെയ്യുന്നത്. നവകേരള ബസിന് വേണ്ടി തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും മാനന്തവാടി ജി.വി.എച്ച്.എസ്.എസിന്റെയും മതിൽ പൊളിച്ചു. സ്‌കൂളുകളുടെ മതിൽ പൊളിച്ചാണ് നവകേരള സദസ് നടത്തിക്കൊണ്ടിരിക്കുന്നത്. നവകേരള സദസ് അശ്ലീല നാടകമാണെന്ന യുഡിഎഫ് ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് ഓരോ ദിവസത്തേയും സംഭവങ്ങളെന്ന് പ്രതിരക്, നേതാവ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരെയും നവകേരള സദസിന് വേണ്ടി സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ഇത് മുൻകൂട്ടി കണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് യുഡിഎഫ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിഎൽഒമാരെ നവകേരള സദസിന് ഉൾപ്പെടെ നിയോഗിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ മറുപടി നൽകിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബിഎൽഒമാരെ തൃശൂരിലെ മണലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടെ നവകേരള സദസിന്റെ സംഘാടക സമിതി കൺവീനർമാരായി നിയോഗിച്ചു. പ്രവർത്തിച്ചില്ലെങ്കിൽ നടപടി എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ബിഎൽഒമാരെ ഭീഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം മറികടന്നാണ് ബിഎൽഒമാരെ നവകേരള സദസിന് വേണ്ടി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് സർക്കാർ നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കള്ളപ്പിരിവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജി.എസ്.ടി, രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ വ്യാപകമായി പണപ്പിരിവ് നടത്തുകയാണ്. കേരളീയത്തിന് ക്വാറികളിൽ നിന്നും സ്വർണക്കച്ചവടക്കാരിൽ നിന്നും ജി.എസ്.ടി ഇന്റലിജൻസ് അഡീ. കമ്മിഷണറുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തിയത്. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥനാണ് നികുതി നൽകേണ്ടവരിൽ നിന്നും പണപ്പിരിവ് നടത്തിയത്. ഇത് എങ്ങനെയാണ് ഔദ്യോഗികമായ പണപ്പിരിവാകുന്നത്? നവകേരള സദസിന് വേണ്ടി സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തിക്കുന്നത് ശരിയാണോ? തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പണപ്പിരിവ് നടത്താൻ സർക്കാരിന് നിയമപരമായ ഒരു അവകാശവുമില്ല. ഇതിനെതിരെ യുഡിഎഫ് കോടതിയിലേക്ക് പോകുകയാണ്. എല്ലാ ദിവസവും ജനങ്ങളെയും പ്രതിപക്ഷത്തെയും വെല്ലുവിളിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തുന്നത് തെരഞ്ഞെടുപ്പ് പര്യടനമാണ്. 44 ദിവസവും മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് നിന്നും മാറി നിന്നുകൊണ്ട് ഭരണസംവിധാനത്തെ താറുമാറാക്കി. സർക്കാരും ഭരണവുമില്ലാതെ സെക്രട്ടേറിയറ്റ് അനാഥമായി. ഉദ്യോഗസ്ഥർ പോലും ഓഫീസുകളിൽ എത്തുന്നില്ല. എല്ലാ വികസനപ്രവർത്തനങ്ങളും സാമൂഹിക ക്ഷേമപരിപാടികളും സ്തംഭനത്തിലായ അപകടകരമായ അവസ്ഥയിലാണ് കേരളം നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ പേരിൽ ഖജനാവിൽ നിന്നും നികുതിപ്പണമെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. സർക്കാരിന്റെ നേട്ടങ്ങൾ പറയാനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോൾ പ്രതിപക്ഷം സർക്കാരിന്റെ കോട്ടങ്ങളും ചൂണ്ടിക്കാട്ടും. അതിന് വേണ്ടിയാണ് സർക്കാരിനെ ജനകീയ വിചാരണ ചെയ്യുന്നത്. ജില്ലാത തല അദാലത്തുകളിൽ മന്ത്രിമാർ വാങ്ങിവച്ച പരാതികളിൽ ഒരു നടപടിയും എടുക്കാതെ നവകേരള സദസുമായി ഇറങ്ങുന്നത് ജനങ്ങളോട് ചെയ്യുന്ന ചതിയാണ്. പാവങ്ങളെ കബളിപ്പിക്കുകയാണ്. എല്ലാ ഫയലുകളും കെട്ടിക്കിടക്കുകയാണ്. പണം നൽകാനില്ലാതെ ഏത് ഫയൽ ഒപ്പിട്ടിട്ടും എന്ത് കാര്യം. സപ്ലൈകോ ടെൻഡറിൽ പോലും പങ്കെടുക്കുന്നില്ല. എന്നിട്ടും കേരളത്തെ തുലച്ചെന്ന് പറയാനാണോ നവകേരള സദസ് നടത്തുന്നത്. ഇന്നലെ 126 കാറുകൾ ബസിന് പിന്നിലുണ്ടായിരുന്നു. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ പോകുന്നതെന്ന് വി ഡി സതീശൻ ചോദിക്കുന്നു.

പ്രൊബേഷൻ ക്ലിയർ ചെയ്യില്ലെന്ന് പറഞ്ഞ് മന്ത്രിയും ഓഫീസും ഉന്നത ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തുകയാണെന്നാണ് പറവൂർ നഗരസഭ സെക്രട്ടറി പറഞ്ഞത്. കൗൺസിൽ തീരുമാനം എടുത്താൽ ആ തീരുമാനം നടപ്പാക്കാൻ സെക്രട്ടറി ബാധ്യസ്ഥനാണെന്നും ചെയർപേഴ്സൺ ഓതറൈസ് ചെയ്യാതെ പണം നൽകാൻ സാധിക്കില്ലെന്നും സെക്രട്ടറിയെ അറിയിച്ചു. ഇന്നുവരെ ഒരു ഉദ്യോഗസ്ഥനെയും എനിക്ക് ഭീഷണിപ്പെടുത്തേണ്ടി വന്നിട്ടില്ല. ചെയ്യാൻ പറ്റാത്ത കാര്യളൊന്നും ഞാൻ പറയാറില്ലെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. യു.ഡി.എഫ് തീരുമാനം വന്നതോടെ അതിന് മുൻപ് തീരുമാനം എടുത്ത ശ്രീകണ്ഠാപുരം പഞ്ചായത്ത് നവകേരള സദസിന് പണം നൽകണമെന്ന തീരുമാനം പിൻവലിച്ചു. തദ്ദേശ സ്ഥാപനങ്ങളോട് അഡീ. ചീഫ് സെക്രട്ടറി പണം ആവശ്യപ്പെട്ടുള്ള ഉത്തരവ് തന്നെ നിയമവിരുദ്ധമാണ്. പല തദ്ദേശ സ്ഥാപനങ്ങളും ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം അറിയിച്ചു.

prime minister

യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്.പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഒരാഴ്ച മുന്‍പ് തേജസില്‍ യാത്ര ചെയ്തിരുന്നു. ‘തേജസില്‍ വിജയകരമായി യാത്ര പൂര്‍ത്തിയാക്കി.അവിശ്വസനീയമായ അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. തദ്ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും വര്‍ധിച്ചു’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.വ്യോമസേനയിൽ നിലവില്‍ 40 തേജസ് എംകെ-1 വിമാനങ്ങളുണ്ട്. 83 തേജസ് യുദ്ധവിമാനങ്ങള്‍ക്കാണ് 36,468 കോടി രൂപയുടെ കരാറില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതുവരെ അമ്പതിലധധികം തേജസ് യുദ്ധവിമാനങ്ങളാണ് 2001 മുതല്‍ എച്ച്എഎല്‍ വ്യോമസേനയ്ക്കായി നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്. പലരാജ്യങ്ങളും തേജസ് യുദ്ധവിമാനങ്ങള്‍ക്കായി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ന് ശേഷം ജനിച്ചവർ ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ്. കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതർ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ ഉല്‍പ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. കേരളത്തില്‍ 2005 ഒക്ടോബര്‍ 25 നാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ആയിരത്തിലേറെ കുട്ടികളാണ് 6728 പേരുടെ പട്ടികയില്‍ നിന്ന് പുറത്താകുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണിവര്‍. ഇവര്‍ക്ക് സര്‍ക്കാറിന്‍റെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഒട്ടേറെ കുഞ്ഞുങ്ങള്‍ 2011 ന് ശേഷവും ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഉത്തരവിന് പിന്നില്‍ ആരോഗ്യ വകുപ്പിന്‍റെ ഗൂഡാലോചനയുണ്ടെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പറയുന്നത്. ഉത്തരവ് എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നൽകുന്നു.

എതിരില്ലാതെ എസ് എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ പാനൽ തെരഞ്ഞെടുക്കപ്പെട്ടു. ഫലം ചേർത്തലയിൽ എസ് എൻ ട്രസ്റ്റ് പൊതുയോഗത്തിലാണ് പ്രഖ്യാപിച്ചത്. ഡോ.എം.എൻ.സോമൻ ചെയർമാനും വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. തുഷാർ വെള്ളാപ്പള്ളിയാണ് അസി.സെക്രട്ടറി. ഡോ. ജി.ജയദേവൻ ട്രഷററുമാണ്. വിമത വിഭാഗം ഹൈക്കോടതിയെ വരെ സമീപിച്ചത് വിവിധ കേസുകൾ മുൻനിർത്തി വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടായിരിന്നു. എന്നാൽ വിധി വെള്ളാപ്പള്ളിക്ക് അനുകൂലമായാരുന്നു.

യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ലെന്നും അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ടല്ലോ അന്വേഷണത്തിന്റെ ഭാഗമായി സഹകരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി എത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. വേണമെങ്കിൽ ഒഴിവാകാമായിരുന്നു. തനിക്ക് തന്നത് കുറച്ച് സമയമാണ്. സിപിഎമ്മും കോടതിയും പറയുന്ന കാര്യങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്.

അതിനാൽ ആരുടെ പേരിലും ഇപ്പോൾ നടപടിയെടുക്കേണ്ടതില്ല. കോടതിക്ക് പോലും കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടില്ല. സാക്ഷിയായിട്ടാണ് നോട്ടീസ് നൽകിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പൊലിസ് തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. ക്രമക്കേട് നടന്നിരിക്കുന്നത് വിവിധ സ്ഥലങ്ങളിലും പല രൂപത്തിലുമാണ്. അതിനാൽ വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും കമ്മീഷനെ അറിയിച്ചു.

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കൃത്യമായ പ്രപ്പോസൽ കേരളം നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാനത്തിന് 6015 കോടിയുടെ വായ്പ സഹായമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കേന്ദ്രഫണ്ട് സംബന്ധിച്ച് തെറ്റായ പ്രചരണമാണ് നടക്കുന്നത്. കൃത്യമായ പ്രപ്പോസൽ സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകിയില്ല.

കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ തുക വിധവ- വാർധക്യ പെൻഷനുകൾക്ക് നൽകുന്നില്ല എന്നാണ് പ്രചാരണം. കൃത്യമായ സമയത്ത് എല്ലാ സംസ്ഥാനങ്ങൾക്കും പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും ഉള്ള തുക നൽകിയിട്ടുണ്ട്.

അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണ് മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ദൃശ്യ മാധ്യമങ്ങളെല്ലാം ക്യാമറകൾ ഓൺ ചെയ്ത് താൻ പറയാൻ പോകുന്നതെല്ലാം റെക്കോർഡ് ചെയ്യണം എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സംസ്ഥാന പ്രചാരണത്തിനെതിരെ കണക്കുകൾ നിരത്തിലുള്ള കേന്ദ്ര ധനമന്ത്രിയുടെ വാദം.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയിലെ പറവൂര്‍ മുനിസിപ്പാലിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ നീക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മൂക്ക് കയറിട്ടു നിര്‍ത്താനുള്ള ശ്രമമാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ഏകകണ്ഠമായി എടുത്തതാണ് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നല്‍കാനുള്ള തീരുമാനമെന്നും അങ്ങനെ പണം നല്‍കിയാല്‍ സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തുന്നത് ഒരുതരത്തിലും നാടിന് അംഗീകരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ നടപടി സാധാരണ രീതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ ആ തീരുമാനം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണെ ഭീഷണിപ്പെടുത്തി കൗണ്‍സില്‍ വിളിപ്പിച്ച് പിന്‍വലിപ്പിച്ചു എന്നാണ് വാര്‍ത്ത. എന്നാല്‍,മുനിസിപ്പല്‍ സെക്രട്ടറി സന്നദ്ധനായത് നേരത്തെ തന്നെ ഔദ്യോഗികമായി അംഗീകരിച്ച തീരുമാനം നടപ്പാക്കി, പണം കൈമാറാനാണ്. പ്രാദേശിക ഭരണ സംവിധാനത്തെ ദുഷ്ടലാക്കോടെ ജനാധിപത്യ വിരുദ്ധ രീതിയിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും നേതൃത്വം എടുത്ത ബഹിഷ്‌കരണ തീരുമാനം കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

.

നവകേരള യാത്രയുടെ വാഹനത്തിന് മുന്നില്‍ ചാടി രക്തസാക്ഷിയെ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. അതിജീവനത്തിനുവേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും വിമോചന സമരക്കാലത്തെതു പോലെയുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തന്നെയാണ് ഡിവൈഎഫ് നേതാക്കള്‍ ചെയ്തത് എന്ന മുഖ്യമന്ത്രിയുടെ നിലപാട് സജി ചെറിയാനും ആവര്‍ത്തിച്ചു. മറവി രോഗമാണ് കോണ്‍ഗ്രസിന് എന്നാണ് മന്ത്രി സജി ചെറിയാന്റെ വിമര്‍ശനം.

എല്ലാ വിധത്തിലെയും സര്‍ക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിപക്ഷം എതിര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച എല്ലാ പരിപാടികളും വന്‍ ജനകീയ പങ്കാളിത്തത്തോടെ വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. നവകേരള സദസ്സിന്റെ കാര്യവും ഇങ്ങനെ തന്നെയാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വണ്ടിയ്ക്ക് മുന്നിലേക്ക് ചാടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞില്ലായെങ്കില്‍ രക്തസാക്ഷിയായേനെയെന്ന് സജി ചെറിയാന്‍ പറയുന്നു. ഇത്തരം കുരുത്തക്കേടുകള്‍ കാണിക്കാന്‍ കുട്ടികളെ വിടരുത്. വി ഡി സതീശനും കോണ്‍ഗ്രസ് നേതൃത്വവുമാണ് കുട്ടികളെ പറഞ്ഞുവിടുന്നതെന്ന് ഞങ്ങള്‍ക്ക് വ്യക്തമാണ്. ഈ നമ്പര്‍ കാണിച്ചാല്‍ ഭയപ്പെടുന്നവരല്ല തങ്ങള്‍ 21 പേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.