മകൾ ഡോക്‌ടറായതിന്റെ സന്തോഷം പങ്കുവെച്ച് തൃശൂർ എം പി ടി എൻ പ്രതാപൻ

prathapan

തൃശൂർ: തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരോട് ഹൃദയത്തിൽ നിന്ന് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് തൃശൂർ എം പി ടി എൻ പ്രതാപൻ.മകൾ ഡോക്‌ടറായതിന്റെ സന്തോഷമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.മകളെ പഠിപ്പിക്കാൻ എൻ ആർ ഐ അക്കൗണ്ടിൽ നിന്ന് കോളേജിലെ അക്കൗണ്ടിലേക്ക് ഫീസ് അയച്ചുകൊണ്ടിരുന്ന യൂസഫലിയെപ്പറ്റിയും പ്രതാപൻ ഓർക്കുന്നു. അമൃതാനന്ദമയി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങിയവരോടും തന്റെ ഹൃദയസ്‌പർശിയായ കുറിപ്പിൽ പ്രതാപൻ നന്ദി പറയുന്നുണ്ട്.

‘ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവിത മാർഗം നൽകിയ ഒരു മഹാമനീഷി എന്റെ മകളെ പഠിപ്പിച്ചു എന്നത് ഒരിക്കലും മങ്ങാത്ത അഭിമാന മുദ്ര‌യാണ്. ജാതി-മത-വർഗ വ്യത്യാസങ്ങളുടെ വേലികളുയരാത്ത, സ്‌നേഹം മാത്രം നിറഞ്ഞ ഒരു മനുഷ്യ മനസ്! അങ്ങനെ വേണം യൂസഫലിക്കയെ നിർവചിക്കാൻ. പടച്ചവൻ ആയുരാരോഗ്യങ്ങളോടെ ദീർഘായുസ് നൽകി അദ്ദേഹത്തെ വാഴിക്കട്ടെ.

ഈ പരിശുദ്ധ റമദാനിൽ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാർത്ഥനകൾ തന്നെ മതി ഒരു പുരുഷായുസ് സഫലമാകാൻ’ എന്നാണ് പ്രതാപൻ യൂസഫലിയെപ്പറ്റി പറയുന്നത്.മകൾ വെറുതെ ഒരു ഡോക്‌ടർ ആവില്ല. പാവങ്ങൾക്കും അശരണർക്കും സാന്ത്വനം നൽകുന്ന ഒരാളായി അവൾ മാറും. അത് അവളെ പഠിപ്പിച്ചവരുടെ സുകൃതഫലം കൂടിയാണ് എന്ന് താൻ വിശ്വസിക്കുന്നുവെന്നും പ്രതാപൻ പറയുന്നു.