തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ സമാപനമായ കൊട്ടിക്കലാശം നടത്തില്ലെന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പൻ. അതിന് ചിലവാകുന്ന തുക ജനോപകാരപ്രദമായ കാര്യങ്ങൾ ചിലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരസ്യ പ്രചാരണങ്ങളിൽ നിന്ന് മാറി നിൽക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ആർഭാട രഹിതമായി കൊട്ടിക്കലാശം നടത്തണമെന്ന ആഹ്വാനം പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും അദ്ദേഹം അഭ്യർഥിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥിയായി കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി കാപ്പൻ ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. യു.ഡി.എഫിലിരിക്കെ ദീർഘകാലം പാലായെ പ്രതിനിധീകരിച്ച കെ.എം മാണിയുടെ മകൻ ജോസ് കെ. മാണിയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ഇത്തവണ മത്സരിക്കുന്നത്.