ചെന്നിത്തല സമനില തെറ്റിയ പോലെയാണ് സംസാരിക്കുന്നതെന്ന് എം.എം മണി

ഇടുക്കി: ചെന്നിത്തല കെഎസ്ഇബിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും , കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ്ജ സ്ഥാപനവുമായി മാത്രമേ കരാറുള്ളൂവെന്നും എം.എം മണി.അദാനിയുടെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെഎസ്ഇബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോപണം സംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി മണി പ്രതികരിച്ചത്. അദാനിയുമായി കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും കരാര്‍ വെച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ വകുപ്പുമായി മാത്രമേ കരാര്‍ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് കഥയറിയാതെ പറയുകയാണ്. കേന്ദ്ര എനര്‍ജി കോര്‍പറേഷനാണ് കേരളത്തിന് വൈദ്യുതി തരുന്നത്. അത് വാങ്ങുന്നുണ്ട്. അവരുമായി വാങ്ങണമെന്ന് നിയമമുണ്ട്. അദാനിയോ, ടാറ്റയോ റിലയന്‍സുമായി ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമായും കരാറില്ല.കേരളത്തിന് വൈദ്യുതി തരുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. ചെന്നിത്തല വിഡ്ഢിത്തം തന്നെയാണ് പറയുന്നത്. സമനില തെറ്റിയ പോലെയാണ് കുറേ നാളായി സംസാരിക്കുന്നത്. പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് കോമണ്‍ സെന്‍സുള്ളവര്‍ പറയുമോ? റേഷനരിയുടെ കാര്യത്തില്‍ കോടതിയില്‍ പോയിട്ട് എന്തുണ്ടായിയെന്നും മണി ചോദിച്ചു.