സ്വയം വിമര്‍ശനം കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ടെങ്കില്‍ ശബരിമലയിലെ നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പ് പറയണം;തോമസ് ഐസക്

thomas issac

തിരുവനന്തപുരം: സ്വയം വിമര്‍ശനം കോണ്‍ഗ്രസിന്റെ അജണ്ടയിലുണ്ടെങ്കില്‍ ശബരിമലയിലെ നിലപാട് തിരുത്തി പുതിയ തലമുറയോട് മാപ്പ് പറയണമെന്ന് തോമസ് ഐസക്. 2019ലെ പാര്‍ലമെന്റ് ഫലത്തിന്റെ തനിയാവര്‍ത്തനം സ്വപ്‌നം കണ്ട് ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കിയ യുഡിഎഫിനും ബിജെപിയ്ക്കും മുഖമടച്ച പ്രഹരമാണ് കേരളജനത നല്‍കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സത്യപ്രതിജ്ഞയ്ക്ക് തീയതി കുറിക്കുന്നു, വകുപ്പു സെക്രട്ടറിമാരെ തീരുമാനിക്കുന്നു, താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നു, വേണ്ടപ്പെട്ട പ്രമാണിമാര്‍ക്ക് സുപ്രധാന ലാവണങ്ങള്‍ മുന്‍കൂട്ടി പറഞ്ഞു വെയ്ക്കുന്നു. അങ്ങനെ സ്വപ്നാടനത്തിനിടയില്‍ എന്തെല്ലാം കാട്ടിക്കൂട്ടി?’ അദ്ദേഹം പരിഹസിച്ചു.

2019ല്‍ 96 ലക്ഷം വോട്ട് കിട്ടിയ യുഡിഎഫിന്റെ വിഹിതം ഇത്തവണ 82 ലക്ഷമായി ഇടിഞ്ഞെന്നും ബിജെപിയുടെ 31 ലക്ഷം വോട്ടുകള്‍ 26 ലക്ഷമായെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം എല്‍ഡിഎഫിന്റെ വോട്ടുകള്‍ 71 ലക്ഷത്തില്‍ നിന്ന് 94 ലക്ഷമായി വര്‍ദ്ധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ച 96 ലക്ഷം വോട്ടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.