ഉഭയകക്ഷി ചർച്ചകൾക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾക്ക് നാളെ തുടക്കമാകും. 140 എം എൽ എമാരും വിശിഷ്‌ടവ്യക്തികളുമുൾപ്പടെ ചുരുങ്ങിയത് 200 പേരെയെങ്കിലും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടിവരും. സാംസ്‌ക്കാരിക, രാഷ്ട്രീയപരിപാടികൾക്ക് വിലക്കുളള സാഹചര്യത്തിൽ ഇത്രയും പേർ പങ്കെടുക്കുന്ന ചടങ്ങ് നടത്താൻ സാധിക്കില്ല. അതിനാൽ സത്യപ്രതിജ്ഞാചടങ്ങും കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ സാധിക്കുകയുളളൂ. സി പി എമ്മിന്റെ മന്ത്രിമാരെ തീരുമാനിക്കുന്നത് സംസ്ഥാനസമിതിയും സി പി ഐയുടെത് സംസ്ഥാന കൗൺസിലുമാണ്. സി പി എം സംസ്ഥാന സമിതിയിൽ എട്ട് ക്ഷണിതാക്കൾ ഉൾപ്പടെ 97 അംഗങ്ങളുണ്ട്. സി പി ഐ കൗൺസിലിലും എൺപതിലേറെ പേരുണ്ട്.

ഇത്രയും പേർക്ക് ഒരുമിച്ച് കൂടാൻ നിലവിൽ സാധിക്കില്ല.അഞ്ചു ദിവസം നീളുന്ന ഉഭയകക്ഷി ചർച്ചയിൽ നിർണായകമാവുക സി പി എമ്മും സി പി ഐയും എടുക്കുന്ന തീരുമാനങ്ങളായിരിക്കും. അതിനുശേഷം സി പി ഐ കൗൺസിൽ ചേരും. പതിനേഴിന് ഇടതുമുന്നണിയോഗത്തിന് ശേഷം പതിനെട്ടാം തീയതിയാണ് സി പി എം സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേരുന്നത്. ഈ ദിവസങ്ങളിലായി പാർലമെന്ററി പാർട്ടി യോഗങ്ങളും ചേരും.

മന്ത്രി പദവികളും ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനവും വിട്ടുകൊടുക്കേണ്ടെന്നാണ് സി പി ഐയിലെ നിലവിലെ ധാരണ. സമ്മർദ്ദം ശക്തമായാൽ ചീഫ് വിപ്പ് പദവി വിട്ടുകൊടുത്തേക്കും. കൊവിഡ് വ്യാപനം മൂലം പാർട്ടി കമ്മിറ്റികൾ ചേരാനുണ്ടാകുന്ന കാലതാമസമാണ് പ്രധാനമായും എൽ ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നീളാൻ കാരണം. ഇരുകക്ഷികളുമായുളള ചർച്ചയിൽ പുതിയ ഘടകക്ഷികൾക്ക് വിട്ടുകൊടുക്കേണ്ട വകുപ്പുകളിൽ തീരുമാനമെടുക്കും.

സി പി ഐയിൽ നിന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പെടുത്ത് കേരളകോൺഗ്രസ് എമ്മിന് നൽകാനാണ് സി പി എം ആലോചിക്കുന്നത്.പതിനെട്ടാം തീയതി തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നതെങ്കിലും കൊവിഡ് വ്യാപനതോത് വ്യത്യാസപ്പെടുന്നതനുസരിച്ച് ഇക്കാര്യത്തിൽ പുനരാലോചനയുണ്ടാകാനും സാദ്ധ്യതയുണ്ട്.തിങ്കളാഴ്‌ചയോടെ വകുപ്പ് വിഭജനചർച്ചകൾ പൂർത്തിയാക്കാനാണ് ഇന്നലെ ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ തീരുമാനമെന്നാണ് വിവരം. ഈ മാസം ഇരുപത്തിരണ്ടാം തീയതിക്കകം സത്യപ്രതിജ്ഞ നടത്താനാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്.