സൗമ്യയുടെ മരണം രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിക്കരുത് : സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വി.മുരളീധരന്‍

സൗമ്യയുടെ മരണം രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യാന്തരമാനങ്ങളുള്ള വിഷയമാണെന്നും പ്രതികരിക്കാന്‍ പരിമിതിയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഇസ്രയേൽ സർക്കാരിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ കുടുംബത്തെ അറിയിച്ചു.

ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുടുംബത്തെ അറിയിച്ചു. ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുന്നതിന് നിയമപരമായ നടപടികൾ പൂർത്തിയാക്കണം. അത് പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങും. ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡറും കുടുംബത്തിന് സഹായം വാഗ്ദാനം നൽകി ബന്ധപ്പെട്ടു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വിദേശകാര്യ മന്ത്രാലയത്തിനും, എംബസിക്കും കത്തയച്ചിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

അഷ്‌കലോണിൽ കെയർ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സൗമ്യ, ഇന്നലെ വൈകിട്ട് ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേൽ വനിതയും മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ടുവയസുകാരനായ മകനുണ്ട്. കഴിഞ്ഞ 7 വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന സൗമ്യ 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്ന് മടങ്ങിയത്.