സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

കണ്ണൂര്‍: വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം നേതാവും തളിപ്പറമ്പ് മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. പത്തു വര്‍ഷം തളിപ്പറമ്പ്എംഎല്‍എ ആയിരുന്ന അദ്ദേഹം നാല് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയമാണ് അവസാനിപ്പിക്കുന്നത്.

ഇത്തവണത്തെ സിപിഎം സമ്മേളനം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജെയിംസ് മാത്യുവിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ജില്ലാകമ്മിറ്റിയില്‍ തുടരണമെന്ന നിര്‍ദ്ദേശം സിപിഎം മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം അതും നിരസിക്കുകയായിരുന്നു.

എസ് എഫ് ഐയിലൂടെയായിരുന്നു ജെയിംസ് മാത്യു രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സിപിഐഎമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായി നിയമസഭയിലെത്തിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍ സുകന്യ ഭാര്യയാണ്.