പാർട്ടി അച്ചടക്കം ലംഘിച്ച കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കണം; ശുപാർശ ചെയ്ത് അച്ചടക്ക സമിതി

ന്യൂഡൽഹി: പാർട്ടി അച്ചടക്കം ലംഘിച്ച കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ ചെയ്ത് അച്ചടക്ക സമിതി. എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെ വി തോമസിനെ നീക്കാനാണ് അച്ചടക്ക സമിതി ശുപാർശ നൽകിയിരിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അച്ചടക്ക് സമിതിയുടെ ശുപാർശ കൈമാറും. വിഷയത്തിൽ സോണിയാ ഗാന്ധിയാണ് അന്തിമ തീരുമാനമെടുക്കുക.

കെ വി തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ നൽകിയിട്ടുണ്ട്. നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് കെ വി തോമസിനെതിരെ നടപടി സ്വീകരിക്കുന്നത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചിയിൽ സ്വാധീനമുള്ള കെ വി തോമസിനെ പിണക്കുന്നത് തിരിച്ചടിയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

കോൺഗ്രസുകാരനായി താൻ തുടരുമെന്നും പാർട്ടി തന്റെ വികാരം ആണെന്നും കെ വി തോമസ് അറിയിച്ചു. അച്ചടക്ക സമിതിയുടെതാണ്. സാധാരണ നടപടിക്രമം ആണിതെന്നും അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് കാര്യം വിശദീകരിക്കാൻ അനുമതി തേടിയിരുന്നു. കണ്ണൂരിൽ കാല് കുത്തിയാൽ വെട്ടും എന്നാണ് ചിലർ പറഞ്ഞു കഴിഞ്ഞു ഇത്രയും ആയില്ലേ എന്നും കെ വി തോമസ് ചോദിക്കുന്നു.