ന്യൂഡൽഹി: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്നും അദ്ദേഹം വിശദമാക്കി.
തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കും. ബംഗാളിൽ 30 സീറ്റെങ്കിലും നേടും. ബിഹാറിൽ 2019ലേതിനു സമാനമായിരിക്കും തങ്ങളുടെ സീറ്റ് നില. ഒഡീഷയിൽ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. തെലങ്കാനയിൽ 10-12നും ഇടയിലാകും സീറ്റുനില. ആന്ധ്ര പ്രദേശിൽ 17-18 സീറ്റുകൾ നേടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്തുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസ് ശ്രമിക്കുന്നത് പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ സീറ്റ് സംവരണം തട്ടിയെടുത്ത് മുസ്ലിം സമുദായത്തിനു നൽകാനാണ്. സംവരണ വ്യവസ്ഥകൾ മാറ്റുന്നതിനായി ബിജെപി ഒരിക്കലും ഭരണഘടന ഭേദഗതി ചെയ്യാൻ ആഗ്രഹിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി ഭരണഘടന ഭേദഗതി ചെയ്യാൻ തക്ക ശക്തി പാർലമെന്റിൽ എൻഡിഎയ്ക്കുണ്ട്. എന്നാൽ ബിജെപി ഒരിക്കലും അതിനു മുതിർന്നിട്ടില്ല. ആർട്ടിക്കിൾ 370, രാമക്ഷേത്രം, ഏക സിവിൽ കോഡ് തുടങ്ങി തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സങ്കൽപ്പ പത്രയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളുടെ ക്വോട്ട കുറച്ചാണ് മുസ്ലിംങ്ങൾക്ക് സംവരണം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

