Politics (Page 22)

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌ക്കരിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ്. നാളെ ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കില്ലെന്നാണ് അറിയിപ്പ്.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളിൽ പങ്കെടുക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നുമാണ് കോൺഗ്രസ് പാർട്ടി വക്താവ് പവൻ ഖേര അറിയിച്ചിരിക്കുന്നത്.

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുകൂടി പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പിലെ ജനവിധി സംബന്ധിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ജൂൺ നാലിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം.

തിരുവനന്തപുരം: തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ ഉന്നത നേതാവുമായ ശശി തരൂരിന്റെ പിഎ സ്വർണക്കടത്തിന് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവം ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ തരൂരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിൽ തന്നെ സഹായിക്കാൻ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാർ പ്രസാദ് എന്നാണ് എംപി പറയുന്നത്. വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടത്തുന്ന ഇയാൾ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയ രാജ്യദ്രോഹ കുറ്റത്തിൽ നിന്നും തരൂരിന് ഒഴിഞ്ഞുമാറാനാവില്ല. കേരളത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിൽ ജയിലിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിലുമാണ്. ഇപ്പോൾ ഇതാ കോൺഗ്രസ് എംപിയുടെ പിഎയും സ്വർണക്കടത്ത് നടത്തിയിരിക്കുന്നു. അഴിമതിയുടെയും വർഗീയതയുടെയും കാര്യത്തിലെന്ന പോലെ സ്വർണക്കടത്തിലും ഇന്ത്യാ മുന്നണി ഐക്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മോദിയെ താഴെയിറക്കണമെന്ന് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പാർട്ടികൾ ആഗ്രഹിക്കുന്നത് സ്വർണക്കടത്ത് പോലെയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാനാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ശശി തരൂർ എംപിയുടെ പി എ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യ സഖ്യകക്ഷികളായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റംസ് ശശി തരൂരിന്റെ പിഎ ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം കണ്ടെത്തിയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ രംഗത്തെത്തി. ശിവകുമാർ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂർ വ്യക്തമാക്കി. തന്റെ മുൻ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നും തരൂർ പറഞ്ഞു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ദൈവമാണ് തന്നെ അയച്ചത്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. പാവങ്ങളെ സഹായിക്കുന്നതിന് പകരം അദാനി, അംബാനിമാരേപ്പോലുള്ളവരെ സഹായിക്കാനാണ് മോദിയെ അയച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ദിയോറിയയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി മറ്റുള്ളവരെ പോലെ ബയോളജിക്കലി ആയുള്ള ആളല്ല. മോദി മുകളിൽ നിന്ന് നേരിട്ട് വന്നതാണ്. അദ്ദേഹത്തെ ദൈവം ഇന്ത്യയിലേക്ക് അയച്ചതാണ്. അദ്ദേഹത്തെ ദൈവം അയച്ചത് അംബാനിയേയും അദാനിയേയും സഹായിക്കാനാണ്. അല്ലാതെ, കർഷകരേയും തൊഴിലാളികളേയും പാവപ്പെട്ടവരേയും സഹായിക്കാൻ വേണ്ടിയല്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

ഏതുതരത്തിലുള്ള ദൈവമാണ് അദ്ദേഹത്തെ അയച്ചിരിക്കുന്നത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം ദൈവമാണത്. അഗ്നിപഥ് പദ്ധതിയെ വലിച്ച് കുപ്പത്തൊട്ടിയിൽ ഇടും. രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച സൈനികരെ രണ്ട് വിഭാഗമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചിരിക്കുന്നു. ഒന്ന് സാധാരണ സൈനികനും മറ്റൊന്ന് പാവപ്പെട്ട വീട്ടിലെ സൈനികനും. ആദ്യത്തെ വിഭാഗത്തിന്റെ കുടുംബത്തിന് പെൻഷൻ, സ്റ്റാറ്റസ് തുടങ്ങി മറ്റുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നാൽ, അഗ്‌നിവീറുകൾക്കാകട്ടെ പെൻഷനോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ അഗ്‌നിപഥ് പദ്ധതി തുടച്ചുനീക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ പദ്ധതി സൈന്യത്തിന് വേണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ജൂൺ നാലിന് നടക്കാനിരിക്കെ വിജയ പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി. മുന്നണിയിലെ ഭൂരിഭാഗം കക്ഷികളും ഈ പ്രതീക്ഷയിലാണ്. മുസ്ലിം ലീഗിനും ഈ പ്രതീക്ഷയുണ്ട്. ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ ലീഗിന് മന്ത്രിസ്ഥാനം അടക്കം ലഭിക്കാനുൾപ്പെടെയുള്ള സാധ്യതകളുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.

അതേസമയം, പി കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് പോകുമെന്ന സൂചനകൾ നേരത്തെ പുറത്തു വന്നു. എന്നാൽ, അദ്ദേഹം തന്നെ ഈ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നും തനിക്കിവിടെ ആവശ്യത്തിന് പണിയുണ്ടെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. ആര് മത്സരിക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

താൻ മത്സരിക്കില്ലെന്ന കാര്യം പ്രസ്താവിക്കാനുള്ള അനുമതി തങ്ങൾ നൽകിയിട്ടുണ്ട്. ആര് മത്സരിക്കുമെന്ന കാര്യം തങ്ങൾ തീരുമാനിച്ച് പറയുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പി കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സാദിഖലി തങ്ങളും അറിയിച്ചു. അദ്ദേഹം ഇപ്പോൾ കേരളത്തിലാണ് പ്രവർത്തിക്കുന്നത്. യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലീഗിന്റെ പ്രധാന ദൗത്യം. കുഞ്ഞാലിക്കുട്ടിക്ക് നിയസഭയിൽ ഇനിയും കാലാവധിയുള്ളതിനാൽ ഇപ്പോൾ രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നും തങ്ങൾ വ്യക്തമാക്കി.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്ലീം ലീഗിന്റേതാണെന്ന് അദ്ദേഹം പറഞ്ഞു. എസ്‌സി എസ്ടിയേയും ഒബിസിയേയും പ്രതിപക്ഷം കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അട്ടിമറിക്കുന്നു. ഇതിനെതിരായ പോരാട്ടമാണ് താൻ നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച് താൻ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 24 വർഷമായി താൻ നിരന്തരം ആക്രമണത്തിന് വിധയേമാകുകയാണ്. ജൂൺ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്നും മോദി ചൂണ്ടിക്കാട്ടി.

അതേസമയം, അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നുവെന്ന വിമർശനവും പ്രധാനമന്ത്രി തള്ളി. എന്ത് തെളിവാണ് ആരോപണത്തിന് ഉള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. അനുച്ഛേദ്ദം 370 റദ്ദാക്കിയത് ജമ്മു കശ്മീരിന് ഗുണകരമായി മാറി. പശ്ചിമ ബംഗാളിൽ ബിജെപി വലിയ വിജയം നേടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്രമോദി സർക്കാർ ഭരണത്തിൽ തിരിച്ചെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഏക സിവിൽ കോഡ് എന്നത് ഭരണഘടനയുടെ സ്രഷ്ടാക്കൾ, സ്വാതന്ത്ര്യം നേടിയതു മുതൽ നമ്മുടെ പാർലിമെന്റിനും രാജ്യത്തെ സംസ്ഥാന നിയമസഭകൾക്കും വിട്ടുകൊടുത്ത ഉത്തരവാദിത്തമാണ്. ഭരണഘടനാ അസംബ്ലി തീരുമാനിച്ച മാർഗനിർദ്ദേശങ്ങളിൽ ഏക സിവിൽ കോഡും ഉൾപ്പെടുന്നു. ഭരണഘടനാ രൂപീകരണ സമയത്ത് കെ എം മുൻഷി, രാജേന്ദ്രബാബു, അംബേദ്കർ തുടങ്ങിയ നിയമപണ്ഡിതർ രാജ്യത്ത് മതാടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാവരുതെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഏകീകൃത സിവിൽകോഡ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ഉത്തരാഖണ്ഡിൽ പുഷ്‌കർ സിങ് ധാമി സർക്കാർ നടപ്പിലാക്കിയ ഏക സിവിൽ കോഡ് നിയമം സാമൂഹികവും നിയമപരവുമായ പരിശോധനക്ക് വിധേയമാക്കണമെന്നും, മതമേലധ്യക്ഷന്മാരുമായി കൂടിയാലോചിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും അമിത്ഷാ അറിയിച്ചു.

വിപുലമായ സംവാദങ്ങൾ നടക്കണം. ചർച്ചകൾക്ക് ശേഷം, ഉത്തരാഖണ്ഡ് സർക്കാർ നടപ്പിലാക്കിയ നിയമത്തിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ പരിശോധിച്ച് തിരുത്തണം. തീർച്ചയായും നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ആരെങ്കിലും കോടതിയെ സമീപിക്കും. അപ്പോൾ കോടതിയുടെ അഭിപ്രായവും വരും. അതുകൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമം എങ്ങനെ നടപ്പിലാക്കണമെന്ന് തീരുമാനിക്കേണ്ടത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാനായി മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. താനും അതിൽ അംഗമായിരുന്നു. അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ആയെന്നും തുടർന്നാണ് പണപ്പിരിവ് നടന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി. സൂം മീറ്റിങ്ങിന്റെ ലിങ്ക് ഉൾപ്പെടെ വി ഡി സതീശൻ പുറത്തുവിടുകയും ചെയ്തു.

ബാർ കോഴയിൽ സർക്കാരിനോട് വി ഡി സതീശൻ 6 ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

  1. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്നത് എന്തിന്?
  2. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു?
  3. ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞതെന്തിന്?
  4. ഡി.ജി.പിക്ക് എക്സൈസ് മന്ത്രി നൽകിയ പരാതി അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനല്ലേ?
  5. കെ.എം മാണിക്കെതിരെ ബാർ കോഴ ആരോപണം ഉണ്ടായപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തതെന്ത്?
  6. സർക്കാരിനെതരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്- തുടങ്ങിയ ചോദ്യങ്ങളാണ് വി ഡി സതീശൻ മുന്നോട്ടുവെച്ചത്.

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത് അഴിമതി ആരോപണത്തെക്കുറിച്ചല്ല. എങ്ങനെയാണ് വാർത്ത പുറത്തുവന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇത് വിചിത്രമായ കാര്യമാണ്. ടൂറിസം വകുപ്പ് വിഷയത്തിൽ അനാവശ്യ ഇടപെടൽ നടത്തിയിട്ടുണ്ട്. അബ്കാരി പോളിസിയിലെ മാറ്റങ്ങൾ വരുത്തേണ്ടത് എക്‌സൈസ് വകുപ്പാണ്. അതിൽ ടൂറിസം വകുപ്പിന് എന്താണ് കാര്യം. ടൂറിസം വകുപ്പ് എന്തിനാണ് ബാർ ഉടമകളുടെ യോഗം വിളിക്കുന്നത്. ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിൽ കൈകടത്തിയോ എന്ന ആക്ഷേപം മന്ത്രി എം ബി രാജേഷിനുണ്ടോ എന്ന് വ്യക്തമാക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ തൂവൽപക്ഷികളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ബാർക്കോഴയിൽ ഒളിച്ചുവക്കാൻ ഒന്നും ഇല്ലെങ്കിൽ മുഖ്യമന്ത്രി അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാർ ഉടമകളെ കുറ്റപ്പെടുത്തി തലയൂരാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ബാർകോഴ ശബ്ദരേഖാ കേസിൽ തുടങ്ങുകയാണ്. രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങുന്നതിന് ബിജെപി എതിരല്ല. പക്ഷെ കൈക്കൂലി വാങ്ങി സർക്കാർ നയം രൂപീകരിക്കുന്നത് അംഗീകരിക്കാനാകില്ല. ടൂറിസം, എക്‌സൈസ് മന്ത്രിമാർ അറിയാതെ മദ്യ നയം മാറ്റം നടക്കില്ല. ഇതേ മോഡൽ കൈക്കൂലി കേസിലാണ് മുഖ്യമന്ത്രിയുടെ സുഹൃത്ത് കെജ്രിവാൾ അഴിയെണ്ണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്‌സൈസ് മന്ത്രി വിദേശ യാത്രക്ക് അനുമതി തേടിയത് 22 ന് മാത്രമാണ്. അഞ്ച് രാജ്യങ്ങളിൽ പോകുന്നുണ്ട്. മൂന്ന് രാജ്യങ്ങളിലെന്നാണ് മന്ത്രി പറയുന്നത്. എക്‌സൈസ് മന്ത്രിയുടെ യാത്രയുടെ സ്‌പോൺസർ ആരാണെന്ന് വി മുരളീധരൻ ചോദിച്ചു.

അഞ്ച് രാജ്യങ്ങളിൽ പത്ത് ദിവസത്തോളം കുടുംബത്തോടൊപ്പം യാത്ര നടത്താനുള്ള കാശ് എവിടെ നിന്ന് ലഭിച്ചു. വിശ്രമിക്കാൻ വേണ്ടിയാണ് വിദേശയാത്രയെന്നാണ് മുഖ്യമന്ത്രിയും മാർക്‌സിസ്റ്റ് പാർട്ടി നേതാക്കളും പറയുന്നത്. പണം വാങ്ങി നയം മാറ്റം മുഖ്യമന്ത്രി അറിഞ്ഞ് നടക്കുന്ന തട്ടിപ്പാണ്. വിദേശയാത്രക്ക് ഇത് വരെ അനുമതി നൽകിയിട്ടില്ല. ഭരണഘടനാ പദവിയിലുള്ള ഒരാൾ യാത്രാനുമതി തേടണമെന്നാണ് പ്രോട്ടോകോളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ചാണ് തുടക്കംതൊട്ടേ കോൺഗ്രസ് സംസാരിക്കുന്നതെന്നും അവ ഉയർത്തിയാണ് തങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തങ്ങളുടെ പ്രകടന പത്രികയും അതേക്കുറിച്ചാണു സംസാരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി അറിയിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാമാണ് രാജ്യത്തെ പ്രധാന വിഷയങ്ങളെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിലെ അടിയൊഴുക്ക് ഇന്ത്യാ സഖ്യത്തിന് അനുകൂലമാകും. ഫലം വരുമ്പോൾ വിജയം സഖ്യത്തോടൊപ്പമാകും. തങ്ങളുടെ ആശങ്കകൾക്കു ഭരണകൂടം ശ്രദ്ധ നൽകുന്നില്ലെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. എല്ലാത്തിനെക്കുറിച്ചും സംസാരിക്കുന്ന ബിജെപി നേതാക്കൾ പ്രധാന വിഷയങ്ങളായ വിലക്കയറ്റത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നില്ല. ജനങ്ങൾ മടുത്തിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഡൽഹിയിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രിയങ്കാ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൾ മിറായ വാദ്ര, മകൻ റൈഹാൻ വാദ്ര എന്നിവർക്കൊപ്പമായിരുന്നു പ്രിയങ്ക വോട്ട് ചെയ്യാനെത്തിയത്. അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് ഞങ്ങൾ വോട്ട് ചെയ്യുന്നത്. അതിൽ അഭിമാനമേയുള്ളൂവെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.