മോദി സർക്കാർ ഭരണത്തിൽ തിരിച്ചെത്തിയാൽ 5 വർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കും; അമിത് ഷാ

ന്യൂഡൽഹി: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്രമോദി സർക്കാർ ഭരണത്തിൽ തിരിച്ചെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിൽ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഏക സിവിൽ കോഡ് എന്നത് ഭരണഘടനയുടെ സ്രഷ്ടാക്കൾ, സ്വാതന്ത്ര്യം നേടിയതു മുതൽ നമ്മുടെ പാർലിമെന്റിനും രാജ്യത്തെ സംസ്ഥാന നിയമസഭകൾക്കും വിട്ടുകൊടുത്ത ഉത്തരവാദിത്തമാണ്. ഭരണഘടനാ അസംബ്ലി തീരുമാനിച്ച മാർഗനിർദ്ദേശങ്ങളിൽ ഏക സിവിൽ കോഡും ഉൾപ്പെടുന്നു. ഭരണഘടനാ രൂപീകരണ സമയത്ത് കെ എം മുൻഷി, രാജേന്ദ്രബാബു, അംബേദ്കർ തുടങ്ങിയ നിയമപണ്ഡിതർ രാജ്യത്ത് മതാടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാവരുതെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഏകീകൃത സിവിൽകോഡ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ഉത്തരാഖണ്ഡിൽ പുഷ്‌കർ സിങ് ധാമി സർക്കാർ നടപ്പിലാക്കിയ ഏക സിവിൽ കോഡ് നിയമം സാമൂഹികവും നിയമപരവുമായ പരിശോധനക്ക് വിധേയമാക്കണമെന്നും, മതമേലധ്യക്ഷന്മാരുമായി കൂടിയാലോചിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും അമിത്ഷാ അറിയിച്ചു.

വിപുലമായ സംവാദങ്ങൾ നടക്കണം. ചർച്ചകൾക്ക് ശേഷം, ഉത്തരാഖണ്ഡ് സർക്കാർ നടപ്പിലാക്കിയ നിയമത്തിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ പരിശോധിച്ച് തിരുത്തണം. തീർച്ചയായും നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ആരെങ്കിലും കോടതിയെ സമീപിക്കും. അപ്പോൾ കോടതിയുടെ അഭിപ്രായവും വരും. അതുകൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയമം എങ്ങനെ നടപ്പിലാക്കണമെന്ന് തീരുമാനിക്കേണ്ടത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാനായി മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. താനും അതിൽ അംഗമായിരുന്നു. അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.