ന്യൂഡൽഹി: ശശി തരൂർ എംപിയുടെ പി എ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യ സഖ്യകക്ഷികളായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റംസ് ശശി തരൂരിന്റെ പിഎ ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം കണ്ടെത്തിയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ശശി തരൂർ രംഗത്തെത്തി. ശിവകുമാർ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂർ വ്യക്തമാക്കി. തന്റെ മുൻ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നും തരൂർ പറഞ്ഞു.

