മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ട്; സർക്കാരിനോട് ചോദ്യങ്ങളുമായി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ആയെന്നും തുടർന്നാണ് പണപ്പിരിവ് നടന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി. സൂം മീറ്റിങ്ങിന്റെ ലിങ്ക് ഉൾപ്പെടെ വി ഡി സതീശൻ പുറത്തുവിടുകയും ചെയ്തു.

ബാർ കോഴയിൽ സർക്കാരിനോട് വി ഡി സതീശൻ 6 ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

  1. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്നത് എന്തിന്?
  2. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു?
  3. ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞതെന്തിന്?
  4. ഡി.ജി.പിക്ക് എക്സൈസ് മന്ത്രി നൽകിയ പരാതി അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനല്ലേ?
  5. കെ.എം മാണിക്കെതിരെ ബാർ കോഴ ആരോപണം ഉണ്ടായപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തതെന്ത്?
  6. സർക്കാരിനെതരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്- തുടങ്ങിയ ചോദ്യങ്ങളാണ് വി ഡി സതീശൻ മുന്നോട്ടുവെച്ചത്.

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത് അഴിമതി ആരോപണത്തെക്കുറിച്ചല്ല. എങ്ങനെയാണ് വാർത്ത പുറത്തുവന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇത് വിചിത്രമായ കാര്യമാണ്. ടൂറിസം വകുപ്പ് വിഷയത്തിൽ അനാവശ്യ ഇടപെടൽ നടത്തിയിട്ടുണ്ട്. അബ്കാരി പോളിസിയിലെ മാറ്റങ്ങൾ വരുത്തേണ്ടത് എക്‌സൈസ് വകുപ്പാണ്. അതിൽ ടൂറിസം വകുപ്പിന് എന്താണ് കാര്യം. ടൂറിസം വകുപ്പ് എന്തിനാണ് ബാർ ഉടമകളുടെ യോഗം വിളിക്കുന്നത്. ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിൽ കൈകടത്തിയോ എന്ന ആക്ഷേപം മന്ത്രി എം ബി രാജേഷിനുണ്ടോ എന്ന് വ്യക്തമാക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.