Politics (Page 21)

ലണ്ടൻ: രാഷ്ട്രീയ പ്രതിസന്ധികളെ നേരിടാൻ ഒറ്റയാൾ പോരാട്ടവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൂടുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കാനായി ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പടെയുള്ളവരെ ഒഴിവാക്കി ഒറ്റയ്ക്കിറങ്ങാനാണ് ഋഷി സുനകിന്റെ തീരുമാനം. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഔദ്യോഗിക പ്രചാരണം ശനിയാഴ്ച്ച മുതൽ ആരംഭിച്ചു കഴിഞ്ഞു.

പല പ്രചാരണവേദികളിലും ടോറി പ്രമുഖർ ഇല്ലാതെ ഋഷി ഏകനായാണ് പ്രത്യക്ഷപ്പെടുന്നത്. ലേബർ നേതാവ് സർ കീർ സ്റ്റാർമർക്കൊപ്പം പാർട്ടിയുടെ ഉപനേതാവ് എയ്ഞ്ചല റെയ്‌നാറും, ഷാഡോ ചാൻസലർ റേച്ചൽ റീവ്സും ഉണ്ടാകുമ്പോൾ, ഋഷി ഏകനായാണ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. വെയ്ൽസിൽ ഡേവിഡ് ടി സി ഡേവിസ്, നോർത്തേൺ അയർലൻഡിൽ ക്രിസ് ഹീറ്റൺ ഹാരിസ് എന്നിവർ മാത്രമായിരുന്നു ഋഷിക്കൊപ്പം ചേർന്നത്.

അതേസമയം, ലെവെലിങ് അപ് സെക്രട്ടറി മൈക്കൽ ഗോ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ച് അണിയറയിൽ ഒതുങ്ങിക്കൂടുകയാണ്. എന്നാൽ, ഇതൊരു ബോധപൂർവ്വമായ തീരുമാനമല്ലെന്നും, അധികം വൈകാതെ മറ്റ് നേതാക്കൾ ഋഷി സുനകിനൊപ്പം പ്രചാരണത്തിനിറങ്ങുമെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സന്ദർശിച്ച് പ്രകാശ് ജാവദേക്കർ. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് അദ്ദേഹം സുരേഷ് ഗോപിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുകയായിരുന്നു. കേരളത്തിന്റെ സംഘടനാ ചുമതലയുളള നേതാവ് കൂടിയാണ് പ്രകാശ് ജാവദേക്കർ. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലെത്തിയാണ് സുരേഷ് ഗോപിയെ പ്രകാശ് ജാവദേക്കർ സന്ദർശിച്ചത്.

കേരളത്തിൽ ബിജെപി ചരിത്രം രചിച്ചിരിക്കുകയാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രകാശ് ജാവദേക്കർ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരള രാഷ്ട്രീയം മാറ്റി മറിച്ചു. കേരളത്തിലെ ബിജെപി പ്രവർത്തകർ ഏറെ ത്യാഗങ്ങൾ സഹിച്ചതിന് ലഭിച്ച അംഗീകാരമാണിതെന്നും പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.

തൃശൂരും തിരുവനന്തപുരവും രണ്ട് എംപിമാരുടെ വിജയം കേരളത്തിൽ ഉറപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമഫലത്തിന് ശേഷം പാർട്ടി ഇത് ആഘോഷിക്കും. കേരളത്തിലെ പ്രവർത്തകർക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ജയിക്കാൻ വേണ്ടിയാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 26ന് വോട്ടെടുപ്പ് കഴിഞ്ഞ് പാറശാല വരെ സഞ്ചരിച്ച് എല്ലായിടത്തും എത്തി ആളുകളുടെ അഭിപ്രായം കേട്ടിരുന്നു. എക്‌സിറ്റ് പോളുകൾ വരുന്നത് എവിടെ നിന്നാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരുടെ എക്‌സിറ്റ് പോളിലും വിശ്വാസമില്ല. ആരെ കണ്ടു, എന്തു ചോദിച്ചു എന്നൊന്നും ആർക്കും അറിയില്ല. പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരമായി കേൾക്കുന്നതാണ്. നാലു തവണ മത്സരിച്ചു. മൂന്നു തവണ ജയിച്ചു. മൂന്നു തവണയും പാർട്ടിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രചാരണം ഉണ്ടായിരുന്നു. ചില കാര്യങ്ങൾ മെച്ചപ്പെടുത്താനുണ്ടെന്നു സമ്മതിക്കുന്നു. എക്‌സിറ്റ് പോൾ എന്നത് പുതിയൊരു വോട്ടല്ലല്ലോ. 26-ാം തീയ്യതി നടന്ന ജനങ്ങളുടെ തീരുമാനത്തിൽ തങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്. എക്‌സിറ്റ് പോൾ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതുപോലെ ഇന്ത്യ മുന്നണി 295 സീറ്റുകൾ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എല്ലാ എക്സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കം തുടങ്ങി എൻഡിഎ. എക്സസിറ്റ് പോളുകൾ അനുകൂലമായ സാഹചര്യത്തിലാണ് നടപടി. സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്തുനടത്താൻ ആലോചിച്ചെങ്കിലും ഡൽഹിയിലെ കാലാവസ്ഥ ഉൾപ്പടെ കണക്കിലെടുത്ത് ചടങ്ങ് രാഷ്ട്രപതി ഭവനിൽ വെച്ച് നടത്തിയാൽ മതിയെന്നാണ് ഇപ്പോഴുള്ള ധാരണയെന്നാണ് വിവരം. ജൂൺ 9 ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ ആണ് ഇപ്പോഴത്തെ ആലോചന. സത്യപ്രതിജ്ഞാചടങ്ങിന്റെ അന്നുതന്നെ ഭാരത് മണ്ഡപത്തിലോ, കർത്തവ്യ പഥത്തിലോ ബിജെപിയുടെ ആഘോഷ പരിപാടികൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ സർക്കാർ പ്രതിനിധികൾ അടക്കം, 10,000 ത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 28 ന് രാഷ്ട്രപതി ഭവൻ സെക്രട്ടേറിയറ്റ് രാഷ്ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചിരുന്നു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.

ആവശ്യമായ പുഷ്പങ്ങളും, ചെടികളും നൽകുന്നതിന് അഞ്ച് ദിവസം ആണ് കരാറുകാരന് ലഭിക്കുക.

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും പരിധിയിലും വിവേചനം ഉണ്ടെന്ന് രാഹുൽ ഗാന്ധി കത്തിൽ പറയുന്നു.

ഇന്ത്യയുടെ സായുധ സേനയുടെ പരമോന്നത കമാൻഡർ ആയതിനാൽ വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന ആവശ്യമാണ് രാഹുൽ മുന്നോട്ടു വെയ്ക്കുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന അഗ്നിവീരന്മാർക്ക് നീതി നൽകണമെന്ന അഭ്യർത്ഥനയോടെയാണ് താൻ ഈ കത്തെഴുതുന്നത്. സാധാരണ സൈനികരെ അപേക്ഷിച്ച് കൊല്ലപ്പെട്ട അഗ്നിവീരന്മാരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും വ്യാപ്തിയിലും ഉള്ള വിവേചനം രാഷ്ട്രപതിയുടെ അടിയന്തര ശ്രദ്ധ അർഹിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാതൃരാജ്യത്തിനായി ഏറ്റവും ഉയർന്ന ത്യാഗം ചെയ്യുന്ന ഏതൊരു സൈനികനും ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ അഗ്നിവീരന്മാർക്കും ലഭിക്കുമെന്ന് ഉറപ്പുവരുത്തി, ജീവൻ ത്യജിച്ച അഗ്നിവീർ സൈനികർക്ക് നീതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ചുമതലകൾ പാർട്ടി നേതാക്കൾക്ക് കൈമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തിഹാർ ജയിലിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് കെജ്രിവാൾ നേതാക്കൾക്ക് ചുമതല കൈമാറിയത്. മന്ത്രി അതിഷി മെർലേനയ്ക്കാണ് ഭരണ നിർവഹണത്തിന്റെ ഏകോപന ചുമതല കൈമാറിയത്.

സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിനാണ് പാർട്ടി നിയന്ത്രണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. മദ്യനയക്കേസിൽ ഇടക്കാല ജാമ്യ കാലാവധി തീർന്ന് കഴിഞ്ഞ ദിവസമാണ് കെജ്രിവാൾ ജയിലിലേക്ക് മടങ്ങിയത്. മന്ത്രി സൗരഭ് ഭരദ്വാജിനെ പാർട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തിൽ ഉൾപ്പെടുത്തി.

അതേസമയം, ഭാര്യ സുനിത കേജ്‌രിവാൾ തൽക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്ന നിലപാടിലാണ് അരവിന്ദ് കെജ്രിവാൾ. മുതിർന്ന നേതാവ് സഞ്ജയ് സിങ്ങിനു ചുമതലകളൊന്നും നൽകിയിട്ടില്ല.

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ഇന്ത്യ മുന്നണിയിലെ നേതാക്കൾ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നേതാക്കളുടെ നീക്കം. വോട്ടെണ്ണൽ സുതാര്യമാക്കണമെന്നാണ് നേതാക്കൾ ഉന്നയിച്ച ആവശ്യം. തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ഇന്ത്യ സഖ്യം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപിയും കമ്മിഷനിലെത്തിയിരുന്നു.

ഇന്ത്യ സഖ്യം പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ 295 സീറ്റിലധികം നേടി വിജയിക്കുമെന്നാണ്. എന്നാൽ, ഇത് പാടെ തള്ളുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണി ഫലംപ്രഖ്യാപിക്കണമെന്നും അതിന് ശേഷം മാത്രമേ ഇവിഎമ്മിലെ വോട്ടുകൾ എണ്ണാവു എന്ന് ഇന്ത്യ സഖ്യം നേതാക്കൾ ആവശ്യപ്പെട്ടു. ഫോം 17 സിയിൽ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകൾ ലഭ്യമാക്കണമെന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവെച്ചു.

നേരത്തെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ജില്ലാ മജിസ്‌ട്രേട്ടുമാരെ വിളിച്ച് അമിത് ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു. 150 പേരെ വിളിച്ച വിവരം അറിഞ്ഞെന്ന ആരോപണത്തിൽ കമ്മിഷൻ ജയറാം രമേശിനോട് വിശദാംശങ്ങൾ തേടുകയും ചെയ്തു. അതേസമയം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്നും കമ്മിഷൻ തന്നെ ശരിയല്ലെന്നും ഇന്ത്യ സഖ്യം പ്രചരിപ്പിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ വീണ്ടും ഭരണം ഉറപ്പിച്ച് ബിജെപി. അരുണാചലിൽ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് മുന്നേറി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകെ 60 അംഗ മന്ത്രിസഭയിൽ 46 സീറ്റുകൾ ബിജെപി നേടി.

മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ 10 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യമായിരുന്നത്. വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകർക്കും അരുണാചൽ ജനതയ്ക്കും നന്ദി അറിയിച്ചു.

ബിജെപിക്ക് ലീഡ് നിലയിൽ വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ വൻ മുന്നേറ്റമാണ് ഉണ്ടായിരുന്നത്.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ പരിഹാസവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ പരിഹസിച്ചാണ് അമിത് ഷാ രംഗത്തെത്തിയത്. കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു.

കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി കാര്യമായി ഇടപെട്ടു തുടങ്ങിയതോടെ പാർട്ടി നിഷേധാത്മക പാർട്ടിയായി മാറി. തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു തിരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ അവർ ഇപ്പോൾ യാഥാർത്ഥ്യം തിരിച്ചറിയുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള എക്‌സിറ്റ് പോൾ ഫലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് അവർക്കറിയാം. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഉണ്ടാകുന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ കോൺഗ്രസിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് എക്‌സിറ്റ് പോൾഫല ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നതും എക്‌സിറ്റ് പോൾ ഫലങ്ങൾ കൊണ്ട് യാതൊരു അർഥവുമില്ല എന്ന് ആരോപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. നാളെ ദൃശ്യമാധ്യമങ്ങളിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കില്ലെന്നായിരുന്നു അറിയിപ്പ്.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളിൽ പങ്കെടുക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ജനവിധിയോട് പ്രതികരിക്കാമെന്നും, ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നുമാണ് കോൺഗ്രസ് പാർട്ടി വക്താവ് പവൻ ഖേര അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ് അവസാനഘട്ടമെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചർച്ച ചെയ്യാൻ ബിജെപി തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം, പാർപ്പിടം തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളൊന്നും ബിജെപി ചർച്ചയ്ക്കെടുത്തില്ല. 400 സീറ്റിലധികം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞത്. രണ്ടുഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ വിധം മാറി. സാധാരണ ആർഎസ്എസുകാരനേക്കാൾ നിലവാരം കുറഞ്ഞ പ്രചരണമാണ് മോദി നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് അവസാനഘട്ടമെത്തുമ്പോഴേയ്ക്കും മോദി ധ്യാനത്തിലാണ്. താൻ കേവലമൊരു ജൈവിക മനുഷ്യനല്ല എന്നാണ് മോദി ഇപ്പോൾ പറയുന്നത്. ദൈവത്തിന്റെ പ്രതിപുരുഷനായി സ്വയം അവരോധിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവന്ന സാഹചര്യത്തിൽ സമനില തെറ്റിയ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമ്പയിൻ ചെയ്തത്. രാഷ്ട്രീയം ഇതുപോലെ വർഗീയവത്കരിച്ച മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

ഗാന്ധി വധത്തെക്കാൾ വലിയ വധമാണ് നരേന്ദ്ര മോദിയുടെ പ്രസ്താവന. പ്രധാനമന്ത്രിയായി പ്രവർത്തിക്കുന്ന ഒരാൾ ബോധമില്ലാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് രാജ്യത്തിന് അപമാനമുണ്ടാക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കള്ളപ്രചരണങ്ങൾ നടത്തുക, ആ കള്ളപ്രചരണം വാർത്തയാക്കി ചർച്ച ചെയ്യുക, ആ ചർച്ചയെ അടിസ്ഥാനപ്പെടുത്തി ജനങ്ങളുടെ മനസ്സിൽ സംശയം ഉണ്ടാക്കുക. ഇതിനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്നത്. മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരെ നടക്കുന്നത് അപവാദ പ്രചാരണമാണ്. പുതിയ ആരോപണങ്ങൾ നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ലാവ്ലിൻ അടക്കമുള്ള ആരോപണങ്ങൾ കോടതി നിഷ്‌കരുണം തള്ളിയതാണ്. നട്ടാൽക്കുരുക്കാത്ത നുണ പ്രചരിപ്പിക്കുകയാണ്. എക്‌സാലോജിക് ആരോപണ പരമ്പര പ്രതിപക്ഷവും മാധ്യമങ്ങളും ഒരുപോലെ മുന്നോട്ട് വെച്ചു. കോടതിയിൽ നിന്ന് പ്രഹരമേറ്റ മാത്യു കുഴൽനാടൻ ഇപ്പോൾ മൂലയ്ക്ക് ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.