തൽക്കാലം സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് ഇല്ല; പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ സഖ്യം

ന്യൂഡൽഹി: തൽക്കാലം സർക്കാർ രൂപീകരണ ശ്രമങ്ങൾക്ക് ഇല്ലെന്ന തീരുമാനത്തിൽ ഇന്ത്യ മുന്നണി. പ്രതിപക്ഷത്തിരിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ തീരുമാനമെടുത്തിട്ടുള്ളത്. ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന എല്ലാ പാർട്ടികളേയും ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയായിരുന്നു യോഗം ചേർന്നത്. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു. ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിനെ മികച്ച രീതിയിൽ, ഐക്യത്തോടെ, ഫലപ്രദമായി നേരിട്ടുവെന്ന് ഖാർഗെ പറഞ്ഞു. ഫലം സുവ്യക്തമായും മോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയരീതികൾക്കും എതിരാണ്. വ്യക്തമായ ധാർമ്മിക പരാജയം എന്നതിലുപരി വ്യക്തിപരമായി അദ്ദേഹത്തിന് ഇത് വലിയ രാഷ്ട്രീയ നഷ്ടമാണ്. എന്നിരുന്നാലും, ജനങ്ങളുടെ നിശ്ചയദാർഢ്യത്തെ അട്ടിമറിക്കാനാണ് മോദിയുടെ തീരുമാനമെന്നും അദ്ദേഹം വിമർശിച്ചു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ കോൺഗ്രസിൽ നിന്ന് യോഗത്തിൽ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഡിഎംകെ. നേതാവ് ടി ആർ ബാലു, ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ, കൽപന സോറൻ, എൻസിപി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുലെ, അഖിലേഷ് യാദവ്, രാം ഗോപാൽ യാദവ്, അഭിഷേക് ബാനർജി, തേജസ്വി യാദവ്, സഞ്ജയ് റാവുത്ത്, അരവിന്ദ് സാവന്ത്, ഒമർ അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി രാജ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, എൻ കെ പ്രേമചന്ദ്രൻ, ജി ദേവരാജൻ, ജോസ് കെ മാണി തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.