കോഴിക്കോട്: തൃശ്ശൂരിൽ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് കെ മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കെപിസിസി. ഇതിന് വേണ്ടി മുരളീധരനെ നേരിട്ട് കണ്ട് ചർച്ച നടത്താനാണ് കെപിസിസി അധ്യക്ഷനും നിയുക്ത കണ്ണൂർ എംപി.യുമായ കെ സുധാകരന്റെ തീരുമാനം. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് കോഴിക്കോട് വെച്ച് കെ സുധാകരൻ കെ മുരളീധരനുമായി കൂടിക്കാഴ്ച്ച നടത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഏറ്റുവാങ്ങിയ പരാജയത്തിന് പിന്നാലെ പൊതുജീവിതത്തിൽ നിന്നും വിട്ടുനിൽക്കുമെന്നായിരുന്നു കെ മുരളീധരൻ അറിയിച്ചിരുന്നത്. മുരളീധരനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനാണ് കോൺഗ്രസ് ഇപ്പോൾ പദ്ധതിയിടുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്നേക്കാവുന്ന വയനാട് സീറ്റാണ് ഫോർമുലയെങ്കിലും ഇത് മുരളീധരൻ ഏറ്റെടുക്കില്ലെന്ന വിവരവും പുറത്തു വരുന്നുണ്ട്.
വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായി എഐസിസി തീരുമാനം വരാൻ സാധ്യതയുണ്ടെന്നിരിക്കെ കെപിസിസി അധ്യക്ഷ സ്ഥാനം അദ്ദേഹം ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചപ്പോൾ എൽഡിഎഫിന്റെ വി എസ് സുനിൽ കുമാർ രണ്ടാം സ്ഥാനത്തുമെത്തി.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനക്കെതിരെ മുരളീധരൻ രംഗത്തെത്തിയിരുന്നു. തോൽവി സംബന്ധിച്ച് ജില്ലാനേതൃത്വത്തോട് വിശദീകരണം തേടുമെന്ന് പിന്നീട് കെ. സുധാകരൻ അറിയിച്ചു.

