Politics (Page 20)

ന്യൂഡൽഹി: എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഇതു ജനാധിപത്യത്തിന്റെ വിജയമാണ്. ഭരണഘടനയിൽ വിശ്വാസം ഉണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

1962 നുശേഷം ആദ്യമായാണ് ഒരു സർക്കാർ തുടർച്ചയായി മൂന്നാം വട്ടം അധികാരത്തിൽ വരുന്നത്. ഒഡീഷയിലും തങ്ങൾ സർക്കാർ രൂപീകരിക്കും. ആദ്യമായാണ് അവിടെ ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാകുന്നത്. കേരളത്തിൽ അക്കൗണ്ട് തുറന്നു. നിരവധി പാർട്ടി പ്രവർത്തകരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്. മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഡൽഹിയിലും മധ്യപ്രദേശിലും മികച്ച നേട്ടമുണ്ടാക്കിയതിൽ സന്തോഷംമെന്ന് അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷം ഒന്നിച്ചെങ്കിലും ബിജെപിക്ക് ഒറ്റയ്ക്കു കിട്ടിയതിന്റെ അത്രയും സീറ്റുകൾ നേടാൻ അവർക്കായില്ല. മൂന്നാം വട്ടം വലിയ തീരുമാനങ്ങളിലൂടെ പുതിയ തുടക്കം നൽകുമെന്ന മോദിയുടെ ഗ്യാരന്റിയാണ് നൽകാനുള്ളത്. ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസം അർപ്പിച്ചു. ഇതൊരു ചരിത്രനേട്ടമാണ്. കഴിഞ്ഞ പത്തുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പു നൽകുന്നു. ബിജെപി പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇൻഡോർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ടാം സ്ഥാനത്തെത്തി നോട്ട. 2,18,674 വോട്ടുകളാണ് നോട്ടയ്ക്ക് വീണത്. ബിജെപി സ്ഥാനാർത്ഥി ഷങ്കർ ലാൽവാനിയാണ് മണ്ഡലത്തിൽ വിജയിച്ചത്. 1008077 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ബിഎസ്പിയുടെ സഞ്ജയ് ലക്ഷ്മൺ സോളങ്കിയാണ് മൂന്നാം സ്ഥാനം നേടിയത്.

ഷങ്കർ ലാൽവാനി 11,60,627 വോട്ടുകളാണ് നേടിയത്. അതേസമയം, ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അക്ഷയ് കാന്തി ബാം ഏപ്രിൽ 29 ന് ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ, നിയമസഭാംഗം രമേഷ് മെൻഡോള എന്നിവർക്കൊപ്പം ഇൻഡോർ ജില്ലാ കളക്ടറുടെ ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക പിൻവലിച്ചിരുന്നു. ഇതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു പിന്നീട് മണ്ഡലത്തിൽ കോൺഗ്രസ് നടത്തിയ പ്രചാരണം.

ജനാധിപത്യത്തെ അട്ടിമറിക്കാൻ പണവും ആളുകളെയും ഉപയോഗിച്ച ബിജെപിക്ക് ജനങ്ങൾ ഉചിതമായ മറുപടിയാണ് നൽകിയതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പട്വാരി പറഞ്ഞു. നോട്ടയെ പിന്തുണച്ചതിന് അദ്ദേഹം ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ന്യൂഡൽഹി: പാർട്ടി പ്രവർത്തകർക്ക് നന്ദി അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗ. ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം പ്രവർത്തകർക്ക് നന്ദി അറിയിച്ചത്. കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ എല്ലാ പ്രവർത്തകർക്കും ഇന്ത്യാ മുന്നണിയിലെ എല്ലാ പാർട്ടികളിലെയും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.പോരാട്ടം തുടരും. ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല. പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണവും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എക്കാലത്തും ഓർമിക്കപ്പെടും. ഭാരത് ജോഡോ യാത്ര അടക്കമുള്ളവയാണ് കോൺഗ്രസിനെ ജനങ്ങളുമായി അടുപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.

രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് പളത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഭരണഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു പോരാട്ടമെന്ന് രാഹുൽഗാന്ധി പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികളെയടക്കം നിയന്ത്രണത്തിലാക്കിയതിനെതിരെയാണ് പോരാട്ടം നടത്തിയത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കൈകോർത്ത എല്ലാ പ്രവർത്തകരെയും ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്കും നന്ദി പറയുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി മോദിക്കുള്ള ശക്തമായ സന്ദേശമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

തൃശൂർ: തൃശൂരിൽ അടിപതറി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മണ്ഡലത്തിൽ വിജയിച്ചപ്പോൾ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. 324810 വോട്ടുകളാണ് ഇത്തവണ കെ. മുരളീധരന് ലഭിച്ചത്.

തൃശൂരിലെ തോൽവി കോൺഗ്രസിന് മാത്രമല്ല കെ മുരളീധരന് വ്യക്തിപരമായും വലിയ തിരിച്ചടിയാണ്. സഹോദരി പദ്മജ വേണുഗോപാൽ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെ മുരളീധരനെ വടകരയിൽ നിന്ന് തൃശൂരിലേക്ക് മാറ്റുകയാണെന്ന തീരുമാനം പ്രഖ്യാപിച്ചത്. വി ഡി സതീശൻ നേരിട്ടെടുത്ത തീരുമാനമായിരുന്നു ഇത്. എന്നാൽ, ഈ തീരുമാനം തിരിച്ചടിയായെന്നാണ് ഇലക്ഷൻ ഫലം വ്യക്തമാക്കുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലൂടെയായിരുന്നു കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത്. 8000ൽ അധികം വോട്ടുകൾക്ക് അന്ന് സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയെ ഒ രാജഗോപാൽ പരാജയപ്പെടുത്തി. എന്നാൽ, പിന്നീട് 2021ൽ മണ്ഡലം നിലനിർത്താൻ കുമ്മനം രാജശേഖരനെ ഇറക്കിയ ബിജെപിക്ക് അടിതെറ്റി. കെ മുരളീധരന്റെ എൻട്രിയിലൂടെ ത്രികോണ മത്സരം നടന്ന നേമത്ത് ബിജെപി തോറ്റു. ജയിച്ചത് ശിവൻകുട്ടിയാണെങ്കിലും ബിജെപിക്ക് നഷ്ടമായ വോട്ടുകളിൽ ഭൂരിഭാഗവും ഏകീകരിച്ചത് മുരളീധരനിലേക്കായിരുന്നു. അതിനാൽ തന്നെ മുരളീധരനെതിരെയുള്ള തൃശൂരിലെ ബിജെപിയുടെ വിജയം ഒരു മധുര പ്രതികാരം കൂടിയാണ്.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ നിർണായക നീക്കവുമായി ബിജെപി. പ്രതീക്ഷിച്ച പ്രകടനം സാദ്ധ്യമാകാതെ വന്നതോടെ, മുന്നണിയിലെ പാർട്ടികളെ ചേർത്തുനിർത്താനും പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനുമുള്ള ശ്രമം ആരംഭിക്കുകയാണ് ബിജെപി.

ആന്ധ്രാപ്രദേശിൽ തിരിച്ചുവരവ് നടത്തിയ ചന്ദ്രബാബു നായിഡു, ബിഹാറിൽ മികച്ച പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ എന്നിവരുടെ പിന്തുണ തേടി ഭരണ, പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. എൻഡിഎയ്ക്ക് കഴിഞ്ഞ തവണത്തേത് പോലെ മികച്ച പ്രകടനം സാദ്ധ്യമാകാതെ വന്നതോടെ, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ബന്ധപ്പെട്ടു. അതേസമയം, ഇന്ത്യ മുന്നണി നേതാക്കളും ചന്ദ്രബാബു നായിഡുവിനെ സമീപിച്ചുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. എൻസിപി നേതാവ് ശരദ് പവാറും സർക്കാർ രൂപീകരണത്തിന് ഇന്ത്യാ മുന്നണിക്കായി മറ്റ് കക്ഷികളുടെ പിന്തുണ തേടി രംഗത്തെത്തി.

ന്യൂഡൽഹി: ഡൽഹിയിൽ ഉൾപ്പെടെ ആംആദ്മി പാർട്ടിയ്ക്ക് തിരിച്ചടി. ഇന്ത്യ സഖ്യത്തിന്റെ പ്രചാരണ വേദികളിൽ അരവിന്ദ് കെജ്രിവാൾ മിന്നും താരമായിട്ടും ഡൽഹിയിൽ ഉൾപ്പെടെ നേട്ടം ഉണ്ടാക്കാൻ ആംആദ്മിയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി 22 സീറ്റിലാണ് ആംആദ്മി പാർട്ടി മത്സരിച്ചത്. എന്നാൽ, പഞ്ചാബിലെ മൂന്ന് സീറ്റുകളിൽ മാത്രമാണ് മുന്നേറ്റമുണ്ടാക്കാൻ എഎപിയ്ക്ക് കഴിഞ്ഞത്.

ഡൽഹിയിൽ ആംആദ്മി മത്സരിച്ച നാല് മണ്ഡലങ്ങളിലും ഗുജറാത്തിലെ നാല് മണ്ഡലങ്ങളിലും പാർട്ടിയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. ഡൽഹിയിൽ ഏഴ് സീറ്റിലും ബിജെപി മുന്നേറുകയാണ്.

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദ് കെജ്രിവാൾ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജയിലിലേക്ക് മടങ്ങിയത്.

ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപി മത്സരിച്ചത്. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്രുർ എന്നിവിടങ്ങളിൽ എഎപി മുന്നേറുന്നുണ്ടെങ്കിലും, നേരിയ ഭൂരിപക്ഷത്തിന്റെ പിൻബലം മാത്രമാണുള്ളത്.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലത്തിൽ വൻ വിജയം നേടി ബിജെപി സ്ഥാനാർഥിയും നടിയുമായ കങ്കണ റണൗട്ട്. എഴുപതിനായിരം വോട്ടിന്റെ ലീഡാണ് കങ്കണ നേടിയത്.

ബിജെപിയും കോൺഗ്രസും ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലമാണ് മണ്ഡി. ഹിമാചൽ പ്രദേശിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ മകനായ വിക്രമാദിത്യസിങ്ങായിരുന്നു കങ്കണയുടെ എതിരാളി.

ഹിമാചൽ പ്രദേശിലുള്ളത് നാല് ലോക്സഭ മണ്ഡലങ്ങളാണ്. നാല് സീറ്റുകളിലും ബിജെപി മുന്നേറ്റമാണുള്ളത്. 2019 തിരഞ്ഞെടുപ്പിൽ മണ്ഡി ഒഴികേ മൂന്ന് സീറ്റിലും ബിജെപിയായിരുന്നു വിജയിച്ചത്. ഇത്തവണ മണ്ഡി മണ്ഡലത്തിലും വിജയിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു.

തിരുവനന്തപുരം: തൃശൂരിൽ വിജയിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. 74,840 വോട്ടുകളുടെ ലീഡിലാണ് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ്. രണ്ടാം സ്ഥാനത്തെത്തിയത്. ഗുരുവായൂരപ്പനും ലൂർദ് മാതാവിനും നന്ദി അറിയിക്കുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

ഈ വിജയം തനിക്കും തന്റെ കുടുംബത്തിനും വലിയ ഖ്യാതിയാണ് നേടി തരുന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ തൃശ്ശൂരിലെ യഥാർഥ പ്രജാദൈവങ്ങളെ വണങ്ങുകയാണ്. അവർ മൂലമാണ് തനിക്ക് ഈ വിജയം സാധ്യമായത്. കഴിഞ്ഞ അഞ്ചു വർഷമായി താൻ എന്തൊക്കെ ആവശ്യപ്പെട്ടോ അതിന്റെ അഞ്ചിരട്ടിയായി തിരിച്ചു നൽകിയ തൃശൂരിലെ പ്രവർത്തകർക്കു നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ഭാര്യ രാധിക സുരേഷ് ഗോപിയ്ക്ക് മധുരം നൽകി ആഹ്ലാദം പങ്കിട്ടു. തുടർന്ന് വീട്ടിലെത്തിയവർക്കെല്ലാം മധുരം വിതരണം ചെയ്തു. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നും സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുകുന്ദേട്ടൻ, ഭാസ്‌കർ റാവു ജി, മാരാർ ജി, 800-ലധികം ബലിദാനികളുടെ കുടുംബങ്ങൾ.. എല്ലാവർക്കും വേണ്ടിയാണ് ഈ വിജയം സമർപ്പിക്കുന്നത്. തൃശൂർ എടുത്തിട്ടില്ലെന്നും അവർ തനിക്ക് തന്നതിനെ ഹൃദയത്തോട് ചേർക്കുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ലൂർദ് മാതാവിന് താൻ സമർപ്പിച്ച കിരീടം പോലെയാണ് തൃശൂർ ഞാൻ തലയിലെടുത്ത് വച്ചിരിക്കുന്നത്. ജനങ്ങളോട് എന്നും കടപ്പാടുള്ളവനായിരിക്കും എന്നും അവർക്ക് നൽകിയ ഉറപ്പ് ലംഘിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമരാവതി: ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസിന് തിരിച്ചടി. തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ തിരിച്ചുവരവാണ് നടത്തിയത്. ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം അധികാരമേറ്റ് മധുര പ്രതികാരം ചെയ്യാനാണ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം.

ചന്ദ്രബാബു നായിഡു ജൂൺ 9ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടിഡിപി വ്യക്തമാക്കി. ടിഡിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് ആന്ധ്രാപ്രദേശിലെ 149 സീറ്റുകളിലും ലീഡ് ചെയ്യുന്നത്. 175 സീറ്റുകളാണ് ഇവിടെയുള്ളത്. 25ൽ താഴെ സീറ്റുകളിലേ വൈഎസ്ആർ ലീഡ് ചെയ്യുന്നുള്ളൂ. അതേസമയം, ഇതിനോടകം തന്നെ പാർട്ടി ആസ്ഥാനത്ത് ടിഡിപി പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചു.

മെയ് 13നാണ് ആന്ധ്രാ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. വൈഎസ്ആർസിപി 175 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ടിഡിപി 144 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി. പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി (ജെഎസ്പി) 21 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലും മത്സരിച്ചു.

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ തോൽവി ഉറപ്പിച്ച ഇടതു മുന്നണി സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് സ്‌നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചർ എന്ന് കെ കെ രമ പറഞ്ഞു. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും രമ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമയുടെ പരാമർശം.

അങ്ങനെയുള്ള വടകരയിൽ നിന്ന് മടങ്ങുമ്പോൾ ചിരി മായാതെ വേണം ടീച്ചർ മടങ്ങാനെന്നും രമ കൂട്ടിച്ചേർത്തു. ഇരുവരും ഒപ്പമുള്ള മനോഹരമായ ഒരു ചിത്രവും രമ പങ്കുവെച്ചു. അതേസമയം, വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വലിയ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ചിരി മായാതെ മടങ്ങൂ ടീച്ചർ..

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ
മടങ്ങാവൂ??..

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ
ഇന്നാട് ബാക്കിയുണ്ട്..

സ്വന്തം,
കെ.കെ.രമ