തിരുവനന്തപുരം: പാർട്ടി പ്രവർത്തകരുടെ പെരുമാറ്റ ശൈലി കൃത്യതയുള്ളതാണോ എന്ന് പരിശോധിക്കപ്പെടണമെന്ന് മുതിർന്ന സിപിഎം നേതാവ് ടി എം തോമസ് ഐസക്. അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളിൽ ജനങ്ങൾക്ക് ദേഷ്യമുണ്ടോയെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണോയെന്നും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു എന്ന വിശദീകരണം നൽകി മുന്നോട്ടു പോകാൻ കഴിയില്ല. എന്തുകൊണ്ട് ജനങ്ങൾ എതിരായി വോട്ടു ചെയ്തു എന്നത് മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടത്. ജനം പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിലും അഭിപ്രായങ്ങൾ പരിഗണിക്കണം. പാർട്ടിക്കാരുടേതല്ല, ജനങ്ങളുടേതാണ് പാർട്ടി.യെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
സംഭവിച്ച പിശക് സംബന്ധിച്ച് സംവാദങ്ങൾ ഉണ്ടാകണം. തുറന്ന മനസ്സോടെ വിമർശനങ്ങൾ കേൾക്കണം. സിപിഎമ്മിന്റെ വോട്ട് ബാങ്കായ സാധാരണക്കാർ എന്തുകൊണ്ട് വിട്ടുനിന്നു എന്ന് തുറന്നു പരിശോധിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

