Politics (Page 15)

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്കും ഇന്ത്യ മുന്നണിയിലെ അംഗങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചതിനാണ് രാഹുൽ നന്ദി അറിയിച്ചത്.

തന്നിൽ വിശ്വാസമർപ്പിച്ചതിൽ നന്ദിയുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല. അതൊരു വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ ദരിദ്രരുടേയും ന്യൂനപക്ഷങ്ങളുടേയും കർഷകരുടേയും ഏറ്റവും വലിയ ആയുധം ഭരണഘടനയാണ്. അതിനെതിരെയുള്ള എല്ലാ ആക്രമണങ്ങളേയും പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

താൻ നിങ്ങളുടേതാണ്. നിങ്ങൾക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ന്യൂഡൽഹി: ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാൻ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയിരുന്നു. മുപ്പത്തി മൂന്നാമതായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

ഇംഗ്ലീഷിലാണ് രാഹുൽ ഗാന്ധി സത്യവാചകം ചൊല്ലിയത്. രാഹുലിന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രകടനം. ഇതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും എത്തി. അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു. മീററ്റ് എംപിയായി അരുൺ ഗോവിലും 39-ാമതായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡൽഹി: ഉത്തർപ്രദേശിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. പരീക്ഷയെഴുതുന്നതിനു മുൻപേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമാണ് ഉത്തർ പ്രദേശ് എന്നായിരുന്നു തരൂരിന്റെ പരിഹാസം. നീറ്റ് നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടായിരുന്നു തരൂരിന്റെ പരാമർശം. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഉത്തരക്കടലാസിന്റെ മാതൃക ഉപയോഗിച്ചായിരുന്നു തരൂർ ഈ പരിഹാസം ഉന്നയിച്ചത്.

ഹിന്ദിയിലായിരുന്നു ചോദ്യവും ഉത്തരവും. ചോദ്യം ഇങ്ങനെ: ഉത്തർ പ്രദേശ് എന്നാൽ എന്ത്. ഉത്തരം: പരീക്ഷയ്ക്കു മുൻപേ ഉത്തരങ്ങൾ (ഉത്തർ) അറിയുന്ന സംസ്ഥാനം. അതിശയകരം എന്നർഥം വരുന്ന വാക്കിനൊപ്പം പരീക്ഷാ പേ ചർച്ച എന്ന ഹാഷ്ടാഗും അദ്ദേഹം ചേർത്തിട്ടുണ്ട്. അതേസമയം, തരൂരിന്റെ പോസ്റ്റിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി.

സഹജീവികളായ ഇന്ത്യക്കാരെ അപമാനിക്കുന്ന നാണംകെട്ട രാഷ്ട്രീയ പോസ്റ്റുകളാണ് തരൂരിന്റേതെന്നാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഇത് കോൺഗ്രസിന്റെ ശൈലിയാണ്. സ്വയം പ്രഖ്യാപിത വിശ്വപൗരനിൽ നിന്നാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നത് ലജ്ജാകരമാണ്. മാസങ്ങൾക്കു മുൻപ് മറ്റൊരു വിശ്വപൗരൻ പിത്രോഡ ഇന്ത്യക്കാരെ ആഫ്രിക്കക്കാരോടും ചൈനാക്കാരോടും പശ്ചിമേഷ്യക്കാരോടും ഉപമിച്ചു. ഇത്തരം മേധാവിത്വ ചിന്തകൾ കോൺഗ്രസുകാരുടെ ഡിഎൻഎയിൽ ഉൾച്ചേർന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൽപറ്റ: പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്തായി നിന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് ഹൃദയനിർഭരമായ കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനു പിന്തുണ അഭ്യർഥിച്ച് അഞ്ചുവർഷം മുൻപ് നിങ്ങളുടെ മുൻപിലേക്ക് വരുമ്പോൾ താൻ അപരിചിതനായിരുന്നു. എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങൾ ഹൃദയത്തോട് ചേർത്തണച്ചു. തുടർന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

അവാച്യമായ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങൾ ഏതു രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏതു സമുദായത്തിൽ നിന്നുള്ളയാളാണെന്നോ, ഏതു മതത്തിൽ വിശ്വസിച്ചെന്നോ, ഏതു ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്‌നമായിരുന്നില്ല. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും എന്നെ ചേർത്തു നിർത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങൾ. എന്റെ പോരാട്ടത്തിന്റെ ഊർജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടു. ഒരു നിമിഷം പോലും തളരാതെ മനുഷ്യരോട് സംവദിക്കാനും ആകുലതകൾ ഏറ്റെടുക്കാനുമുള്ള പ്രചോദനം വയനാട്ടുകാരായിരുന്നു. കേരളത്തെ വിഴുങ്ങിയ പ്രളയകാലം മനസിൽ വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നുു. വയനാട്ടിലെ ജനങ്ങൾ നൽകിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും നിരുപാധികമായ സ്‌നേഹവും ഹൃദയ താളമായി എന്നുമുണ്ടാകുമെന്ന് ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ കഴിഞ്ഞത് ചാരിതാർഥ്യവും അഭിമാനവുമായിരുന്നുവെന്നും യാത്ര പറയുന്നതിൽ അഗാധമായ ഹൃദയ വേദനയുണ്ട്. ഇനി വയനാടിനെ പ്രതിനിധീകരിക്കാൻ സഹോദരി പ്രിയങ്കയുണ്ടാകും. അവർക്ക് എല്ലാവിധ പിന്തുണ നൽകണമെന്നും ജനങ്ങളോട് അഭ്യർഥിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ ഒരു മാതാവിനെ പോലെ ചേർത്തണച്ച വയനാടിനൊടൊപ്പം എന്നും താൻ കൂടെയുണ്ടാകുമെന്ന വാക്ക് നൽകുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അമരാവതി: ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡിന്റെ ചാനലായ സാക്ഷി ടി വി ഉൾപ്പെടെ നാല് തെലുഗ് ചാനലുകളുടെ സംപ്രേഷണം നിലച്ചത് വിവാദമാകുന്നു. ചാനലുകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ആന്ധ്രാപ്രദേശിലെ കേബിൾ ഓപ്പറേറ്റർമാർ പിൻവാങ്ങുകയായിരുന്നു. തെലുഗ് ചാനലുകളായ ടിവി 9, സാക്ഷി ടിവി, എൻ ടിവി, 10 ടിവി എന്നീ ചാനലുകളുടെ സംപ്രേഷണമാണ് നിർത്തിവെച്ചിരിക്കുന്നത്.

എന്നാൽ, ഇക്കാര്യത്തിൽ കേബിൾ ഓപ്പറേറ്റർമാർക്ക് യാതൊരു വിധ നിർദേശവും നൽകിയിട്ടില്ലെന്നാണ് വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. ടിഡിപി സർക്കാർ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകൾ അപ്രത്യക്ഷമാകുന്നത്. വൈ എസ്ആർ കോൺഗ്രസിനെ വേട്ടയാടുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ചാനലുകളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുന്നത്.

പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാൻ സമ്മർദമുണ്ടാകുന്നു എന്നാണ് വൈഎസ്ആർസിപിയുടെ ആരോപണം. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, ടിഡിപിയോ സംസ്ഥാനത്തെ ഏതെങ്കിലും എൻഡിഎ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടില്ലെന്ന് ആന്ധ്ര ഐടി മന്ത്രി എൻ ലോകേഷ് നായിഡു പറഞ്ഞു.

ലഖ്നൗ: തന്റെ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ തിരിച്ചെടുത്ത് ബിഎസ്പി അധ്യക്ഷ മായാവതി. പാർട്ടിയുടെ ദേശീയ കോർഡിനേറ്റർ ചുമതലയും അദ്ദേഹത്തിന് തിരിച്ച് നൽകിയിട്ടുണ്ട്. ലഖ്നൗവിൽ ചേർന്ന ബിഎസ്പി യോഗത്തിന് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ആകാശ് ആനന്ദിനെ മായാവതി തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത് ഇത് രണ്ടാം തവണയാണ്.

2023 ഡിസംബറിലാണ് ആദ്യം മായാവതി ആകാശിനെ തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത്. എന്നാൽ, 2024 മേയിൽ മായാവതി തന്റെ തീരുമാനം മാറ്റുകയും ദേശീയ കോർഡിനേറ്റർ സ്ഥാനത്തു നിന്നുൾപ്പെടെ നീക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പക്വത കൈവരിക്കുന്നത് വരെ ആകാശിനെ മാറ്റുന്നുവെന്നായിരുന്നു ഇതിന് മായാവതി നൽകിയ വിശദീകരണം.

സമാജ്വാദി പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച മായാവതി 2019ൽ പാർട്ടി സംഘടന പുനഃക്രമീകരിച്ചപ്പോഴാണ് ആകാശ് ആനന്ദിനെ ബിഎസ്പിയുടെ ദേശീയ കോർഡിനേറ്ററായി നിയമിച്ചത്. സംഘടന ദുർബലമായ സംസ്ഥാനങ്ങളിലെ പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിച്ചത്. നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോയെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. മൂന്നാം മോദി സർക്കാരിനെ ‘പേപ്പർ ലീക്ക് സർക്കാർ’ എന്നാണ് കോൺഗ്രസ് പരിഹസിച്ചത്.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആദ്യം നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് വിഷയത്തിൽ ബിഹാർ, ഗുജറാത്ത്, ഹരിയാണ അടക്കമുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ അറസ്റ്റ് ചെയ്തു. നരേന്ദ്ര മോദി ജീ, നിങ്ങൾ പരീക്ഷയെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. ഇനി എപ്പോഴാണ് നിങ്ങൾ നീറ്റ് പരീക്ഷാ പേ ചർച്ച സംഘടിപ്പിക്കുക. യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. യുവജനങ്ങളുടെ ഭാവി പ്രതിസന്ധിയിലാക്കിയ മോദി സർക്കാരിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

വിഷയത്തിൽ രാഹുൽ ഗാന്ധിയും പ്രതികരണം നടത്തി. വിദ്യാഭ്യാസ സംവിധാനം ആർ.എസ്.എസ്.- ബിജെപി കൈയടക്കിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ ആരും ഭയപ്പെടുന്നില്ല. നേരത്തെ 56 ഇഞ്ച് നെഞ്ചളവായിരുന്നുവെങ്കിൽ ഇപ്പോൾ നമ്പർ പറയാൻ സാധിക്കില്ലെങ്കിലും 30-32 ആയി ചുരുങ്ങിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് താൻ രാഷ്ട്രീയത്തിൽ വരുന്നതിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി ഭർത്താവ് റോബർട്ട് വാദ്ര. അടുത്ത അവസരത്തിൽ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബവാഴ്ചയെന്ന ആക്ഷേപം ഇനി വിലപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. വയനാട്ടിൽ പ്രിയങ്ക മത്സരിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിയെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാടിനായുള്ള രാഹുലിന്റെ പദ്ധതികൾ പ്രിയങ്ക മുന്നോട്ട് കൊണ്ടുപോകും. പാർട്ടിക്കായി പ്രിയങ്ക പ്രചാരണം നടത്തുന്ന ഘട്ടത്തിലേ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വയനാട്ടിലെ ജനങ്ങൾ പ്രിയങ്കക്ക് മികച്ച ഭൂരിപക്ഷം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റോബർട്ട് വാദ്ര കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിന് സന്നദ്ധ പ്രവർത്തനം എന്ന് പേരിട്ടവരാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോംബ് നിർമ്മാണത്തിനിടെ മരിക്കുന്നവരെ ആദ്യം തള്ളിപ്പറയും, പിന്നീട് രക്തസാക്ഷികളാക്കും. ഇതാണ് സിപിഎമ്മിന്റെ പതിവ് രീതിയെന്ന് അദ്ദേഹം പറഞ്ഞു.

ഇവരൊക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. തലശ്ശേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്ഫോടനത്തിൽ മരിച്ച സംഭവം സഭയിൽ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരൂഹ സാഹര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നു നോക്കരുതെന്ന നിർദേശം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ ആളാണ് മരിച്ചത്. എടുത്ത് നോക്കിയതും കൈയ്യിലിരുന്ന് പൊട്ടി. മുഖം പോലും ഉണ്ടായില്ല. പാർട്ടിയിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് ബോംബ് നിർമാണത്തിന് പിന്നിൽ. സ്വന്തം പാർട്ടിക്കാർക്കുവേണ്ടി ഉണ്ടാക്കിയ ബോംബാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സിപിഎമ്മിന് ചിഹ്നം പോയാൽ എ കെ ബാലൻ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.

ബിഹാർ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലെ അറസ്റ്റുകൾ, നീറ്റ് പരീക്ഷാ പ്രക്രിയയിൽ ആസൂത്രിതവും സംഘടിതവുമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രമായി മാറി. 24 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകുന്ന വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. തങ്ങളുടെ പ്രകടനപത്രികയിൽ, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശനമായ നിയമങ്ങൾ കൊണ്ടുവന്ന് യുവതയുടെ ഭാവി സംരക്ഷിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പ്രതിപക്ഷമെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റും. രാജ്യത്തെ യുവതയുടെ ശബ്ദം തെരുവുകൾ മുതൽ പാർലമെന്റ് വരെ ഉയർത്തും. കർശന നയങ്ങൾ വികസിപ്പിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനും പ്രതിജ്ഞാബദ്ധരാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.