തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. അതിരുവിട്ട ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായി. നവ കേരള സദസ്സിലെ ധൂർത്തും ക്ഷേമപെൻഷൻ മുടങ്ങിയതും സപ്ലൈകോയുടെ ദുരവസ്ഥയും ജനങ്ങളെ സർക്കാരിനെതിരാക്കിയെന്ന അഭിപ്രായവും യോഗം മുന്നോട്ടുവെച്ചു.
മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന അഭിപ്രായവും ചിലർ ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രകടനവും മോശമാണ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള അഴിമതി ആരോപണവും തിരിച്ചടി സൃഷ്ടിച്ചത്.
പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടു. പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറി. യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറിയെന്നും വിമർശനം ഉണ്ടായി.

