ഇന്ത്യാ സഖ്യത്തിന് തിരിച്ചടി; ബിഹാറിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കവുമായി എഎപി

ന്യൂഡൽഹി: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. ബിഹാറിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പദ്ധതിയുണ്ടെന്നറിയിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. 2025-ലാണ് ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറിലെ എഎപി നേതാക്കളും പ്രവർത്തകരുമായി എഎപി ജനറൽ സെക്രട്ടറി സന്ദീപ് പഥക്ക് ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിഹാറിൽ പാർട്ടി ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ സന്ദീപ് ഉയർത്തിക്കാട്ടി. ഡൽഹിയിൽ നിന്നുള്ള എഎപി എംഎൽഎയും ബിഹാറിന്റെ ചുമതലയുമുള്ള അജേഷ് യാദവും യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും പാർട്ടി ശക്തിപ്പെടുത്തുന്നതിനായി കമ്മിറ്റി രൂപീകരണമെന്ന നിർദ്ദേശം യോഗം മുന്നോട്ടുവെച്ചു. ബിഹാറിൽ മത്സരിക്കുമെങ്കിലും എപ്പോൾ വേണമെന്നത് പാർട്ടി തീരുമാനിക്കും. നേരിട്ട് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാനാവില്ല. അതിനായി ആദ്യം സംഘടനയെ ശക്തിപ്പെടുത്തണം. എല്ലാ ഗ്രാമങ്ങളിലും പാർട്ടിക്ക് സ്വന്തമായി കമ്മിറ്റിയുണ്ടാക്കണം. അതിനായി ഇപ്പോൾ മുതൽ തന്നെ കഠിനാധ്വാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഘടന ശക്തമായിത്തീരുന്ന മുറയ്ക്ക്, ബിഹാറിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിപ്രായങ്ങൾ പലതാണെങ്കിലും രാജ്യം ആദ്യം വരണമെന്ന് ഇന്ത്യാ സഖ്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.