പുതുപ്പള്ളിയിൽ വിജയിച്ച് കയറി ചാണ്ടി ഉമ്മൻ: സത്യപ്രതിജ്ഞ സെപ്തംബർ 11 ന്‌

തിരുവനന്തപുരം: 53 വർഷത്തിന് ശേഷമാണ് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരാൾ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് എത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ മകന് തന്നെ ആ ഭാഗ്യം ലഭിച്ചുവെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. സെപ്തംബർ 11 ന്‌ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.

എൻഎസ്‌യുവിന്റെ സജീവ പ്രവർത്തകൻ എന്ന നിലയിലാണ് ചാണ്ടി ഉമ്മൻ ആദ്യമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. തിരുവനന്തപുരം കാർമൽ, ലയോള, സെന്റ് തോമസ് എന്നിവടങ്ങളിൽ നിന്നാണ് അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്ന് ബി എ ഓണേഴ്സും എം എ ഹിസ്റ്ററിയും ഡൽഹി സർവകലാശാലയിൽ നിന്ന് എൽ എൽ ബിയും ഡൽഹി നാഷണൽ ലോ സ്‌കൂളിൽ നിന്ന് ക്രിമിനോളജിയിലും ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റിയൂഷണൽ ലോയിലും എൽ എൽ എമ്മും ചാണ്ടി ഉമ്മൻ കരസ്ഥമാക്കി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സമ്മർ കോഴ്സും അദ്ദേഹം പാസായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനും കെപിസിസി അംഗവുമായി നിലവിൽ പ്രവർത്തിക്കുന്ന അദ്ദേഹം സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്, എഎസ്‌യുഐ ദേശീയ തിരഞ്ഞെടുപ്പ് സമിതി അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതി അംഗം, മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 മുതൽ ചാണ്ടി ഉമ്മൻ സുപ്രീം കോടതി അഭിഭാഷകനാണ്.