Latest News (Page 45)

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു. പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മി ചടങ്ങിൽ മുഖ്യഥിതിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി.

മുന്നാം ലോക സിനിമക്ക് പ്രാധാന്യം നൽകുന്ന മേളയാണ് ഇത്തവണത്തെതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോർപറേറ്റ് താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സിനിമകൾ ഇപ്പോൾ കൂടുതലായി ഉണ്ടാകുന്നു. ഇതോടൊപ്പം കലാമൂല്യമുള്ള സിനിമകളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളുടെ സമീപനമാണ്, ഐഎഫ്എഫ്‌കെയ്ക്ക് രാജ്യത്തെ മേളകളിൽ മികച്ച പദവി നേടിക്കൊടുത്തതെന്ന് ശബാന ആസ്മി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയർലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയർലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയർ വൈസ് മാർഷൽ കത്ത് നൽകിയിട്ടുണ്ട്.

എത്രയും പെട്ടെന്ന് തുക അടക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ലെ പ്രളയത്തിലും തുടർന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയർലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. 132,62,00,000 രൂപയാണ് കേന്ദ്രത്തിന്റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത്.

അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികൾ പരിഹരിക്കാൻ കേരളത്തെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി വിമർശിച്ചു. സഹായം നൽകുന്നില്ലെന്ന് മാത്രമല്ല, അന്യായമായി കേരളത്തെ കുറ്റപ്പെടുത്തുകയുമാണ് കേന്ദ്രം. ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ കഴിയുന്നതെല്ലാം ചെയ്തുവരികയാണ്. പ്രധാനമന്ത്രി ദുരന്തമേഖല നേരിട്ട് സന്ദർശിച്ച് ഡൽഹിയിൽ മടങ്ങിയെത്തിയപ്പോൾ സഹായം പ്രഖ്യാപിക്കുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നു. കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥതല സംഘവും സന്ദർശിച്ചു. കേരളത്തിന് സഹായം ലഭിച്ചില്ല. 420 പേരുടെ ജീവൻ നഷ്ടപ്പെട്ട, ആയിരങ്ങൾ ഭവനരഹിതരായ ദുരന്തമാണ് ഉണ്ടായത്. സംസ്ഥാന സർക്കാരുകളുമായോ തദ്ദേശസ്ഥാപനങ്ങളുമായോ ചർച്ച നടത്താതെയാണ് നിയമഭേദഗതി കൊണ്ടുവന്നത്. അധികാര കേന്ദ്രീകരണമാണ് ലക്ഷ്യം. ലോകമെമ്പാടും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ സമഗ്ര കാഴ്ചപ്പാട് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈദരാബാദ്: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. തെലങ്കാന ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അല്ലു അർജുനെതിരെ ചുമത്തിയ മനപൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബെഞ്ചാണ് അല്ലു അർജുൻ നൽകിയ ജാമ്യഹർജി പരിഗണിച്ചത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി അല്ലു അർജുൻ എത്തിയതുകൊണ്ടാണ് ദുരന്തമുണ്ടായതെന്ന് പ്രഥമദൃഷ്ടിയാൽ ഇപ്പോൾ പറയാൻ കഴിയില്ല. അതിനാൽ അല്ലുവിന് ജാമ്യം അനുവദിക്കരുതെന്ന സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജനപ്രീതിയുള്ള നടനായതിനാൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരത്തിന് ഒരിടത്തും പോകാൻ പാടില്ലെന്ന തരത്തിൽ നിയന്ത്രണങ്ങൾ വയ്ക്കാൻ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

മരിച്ചുപോയ യുവതിയുടെ കുടുംബത്തോട് തങ്ങൾക്കെല്ലാവർക്കും സഹതാപമുണ്ട്. എന്നാൽ അതിന്റെ കുറ്റം അല്ലു അർജുന്റെ മേൽ ചുമത്താൻ സാധിക്കുമോ. അതിനാൽ താത്കാലികമായി ഇടക്കാല ജാമ്യം താരത്തിന് അനുവദിക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു.ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് സംഘമാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. സന്ധ്യ തിയേറ്ററിലെത്തിയ താരത്തെ കാണാൻ ജനക്കൂട്ടം ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

കൊച്ചി: സ്ത്രീകളെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് ഹൈക്കോടതി. വസ്ത്രധാരണത്തിന്റെ പേരിൽ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹമോചനം ആഘോഷിച്ച യുവതിയെ കുറ്റപ്പെടുത്തിയ കുടുംബക്കോടതി നടപടിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സ്ത്രീയുടെ സ്വാതന്ത്ര്യമാണ് ഏത് വസ്ത്രമാണ് ധരിക്കേണ്ടതെന്നത്. അതിന്റെ പേരിൽ കോടതി തന്നെ സദാചാര ഗുണ്ടയാവരുതെന്ന് കോടതി പറഞ്ഞു.

ഈ വർഷം ആദ്യം പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടിയ മാവേലിക്കരക്കാരിയായ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു ഹർജിക്കാരി. തന്റെ ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുവെന്നും ഡേറ്റിംഗ് ആപ്പിൽ ചിത്രങ്ങൾ അപ്പ് ലോഡ് ചെയ്തു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ചു തുടങ്ങി കാര്യങ്ങൾ പരാമർശിച്ചാണ് തനിക്ക് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതെന്നാണ് യുവതി നൽകിയ പരാതി.

പ്രയാഗ് രാജ്: 5500 കോടി രൂപയുടെ 167 വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രയാഗ് രാജിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാകുംഭമേളയ്ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രയാഗ് രാജ് സന്ദർശനം. ഋഷിമാരെയും സന്യാസിമാരെയും കണ്ട് പ്രധാനമന്ത്രി ആശിർവാദം നേടി. ത്രിവേണീ സംഗമത്തിൽ ഏതാണ്ട് അരമണിക്കൂറോളം അദ്ദേഹം ഗംഗാ ആരാധന നടത്തുകയും ചെയ്തു.

പ്രധാനമന്ത്രിക്കൊപ്പം ഗവർണർ ആനന്ദി ബെൻ പട്ടേലും മുഖ്യമന്ത്രി യോഗിയുമുണ്ടായിരുന്നു. മഹാകുംഭം-2025-ലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി നരേന്ദ്ര മോദി പരിശോധിക്കും. നിരവധി പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും മോദി നിർവഹിക്കും. ഡിജിറ്റൽ മഹാ കുംഭ മേള പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കുംഭ് സഹായക് ചാറ്റ്‌ബോട്ടും പുറത്തിറക്കും.

അതേസമയം, ശ്രിങ്വേർപൂർ ധാമിൽ നിർമ്മിച്ച ശ്രീരാമന്റെയും നിഷാദ്രാജിന്റെയും 51 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. നിർമ്മലാ സീതാരാമൻ ഉൾപ്പടെ മൂന്ന് പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഫോബ്സ് പട്ടികയിൽ സ്ഥാനം പിടിച്ചത്. ഇത് മൂന്നാം തവണയാണ് നിർമ്മലാ സീതാരാമൻ പട്ടികയിൽ ഇടംനേടുന്നത്.

എച്ച്‌സിഎൽടെക് ചെയർപേഴ്‌സൺ റോഷിനി നാടാർ മൽഹോത്ര, ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു വനിതകൾ. യൂറോപ്യൻ കമ്മീഷൻ മോധാവി ഉർസുല വോൺ ഡെർ ആണ് ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത. 2022ൽ 32-ാം സ്ഥാനത്തും 2021-ൽ 37-ാം സ്ഥാനവും 2020-ൽ 41-ാം സ്ഥാനത്തും 2019-ൽ 34-ാം സ്ഥാനത്തുമായിരുന്നു പട്ടികയിൽ നിർമ്മലാ സീതാരാമൻ.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ നൂതന സ്പെക്റ്റ് സിടി സ്‌കാനർ പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡിസംബർ 16 മുതൽ ട്രയൽ റണ്ണിന് ശേഷം പ്രവർത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാൻസർ രോഗ നിർണയവും ചികിത്സയും അതോടൊപ്പം തൈറോയിഡ്, ഹൃദയം, തലച്ചോറ്, കരൾ, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും രോഗ നിർണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കും. ഡോക്ടർക്ക് തത്സമയം അവയവങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് രോഗനിർണയം നടത്തി റിപ്പോർട്ട് നൽകാൻ ഇതിലൂടെ സാധിക്കുന്നു. സ്വകാര്യ വൻകിട ആശുപത്രികളിലുള്ള ഈ സംവിധാനം കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് സജ്ജമാക്കിയിരിക്കുന്നത്. ആർസിസിയിലും എംസിസിയിലും ഇത് സ്ഥാപിച്ചിട്ടുണ്ട്. ന്യൂക്ലിയർ മെഡിസിനിൽ പിജി കോഴ്‌സ് ആരംഭിച്ച് ചികിത്സ വിപുലപ്പെടുത്താനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

സ്പെക്റ്റ് (സിംഗിൽ ഫോട്ടോൺ എമിഷൻ കമ്പ്യൂട്ടഡ് ട്രോമോഗ്രഫി), സിടി (കമ്പ്യൂട്ടഡ് ട്രോമോഗ്രഫി) എന്നീ രണ്ട് ഇമേജിംഗ് രീതികൾ സംയോജിപ്പിച്ചുള്ളതാണ് സ്പെക്റ്റ് സിടി സ്‌കാനർ. അൾട്രാസൗണ്ട് സ്‌കാൻ, എക്സ് റേ, സിടി സ്‌കാൻ, എംആർഐ സ്‌കാൻ എന്നിവ പ്രധാനമായും ശരീര ഘടന സംബന്ധിച്ച വിവരങ്ങൾ നൽകുമ്പോൾ ന്യൂക്ലിയർ മെഡിസിൻ സ്‌കാനുകൾ അവയവങ്ങളുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. സ്പെക്റ്റ് സിടി, പെറ്റ് സിടി എന്നീ ഉപകരണങ്ങൾ ശരീര ഘടനയും പ്രവർത്തനവും ഒരേ സമയം പഠിക്കുന്നതിന് സഹായിക്കുന്നു.

റേഡിയോ ആക്ടീവ് ട്രേസർ ഉപയോഗിച്ചാണ് സ്പെക്റ്റ് സിടി പ്രവർത്തിപ്പിക്കുക. വളരെ കുറഞ്ഞ അളവിലുള്ള റേഡിയേഷൻ ഉപയോഗിക്കുന്നതിനാൽ വികിരണം മൂലം കോശങ്ങൾക്ക് ഉണ്ടാകുന്ന തരാറുകൾക്കുള്ള സാധ്യത വളരെ കുറവാണ്. രോഗാധിക്യമുള്ള കോശങ്ങളിലേക്ക് ട്രേസർ ആഗിരണം ചെയ്യപ്പെടുകയും ഗാമ രശ്മികളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു. സ്പെക്റ്റ് സ്‌കാനർ ഈ രശ്മികളെ ഡിറ്റക്റ്റ് ചെയ്യുകയും ത്രീഡി ഇമേജ് സൃഷ്ടിക്കുകയും ചെയ്യുന്നു. അതേസമയം സിടിയിലൂടെ എക്സ്റേ ഉപയോഗിച്ച് ശരീര കലകളുടെ ഘടന സംബന്ധിച്ച് വിശദമായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. രോഗാധിക്യമുള്ള അവയവങ്ങളെ കൃത്യമായി കണ്ടെത്താനും പരിശോധനാ ഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും കഴിയുന്നു.

കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ, തലശ്ശേരി മലബാർ കാൻസർ സെന്റർ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നീ സ്ഥാപനങ്ങളിലാണ് സർക്കാർ മേഖലയിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നത്. രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, ഇമേജിംഗ്, വൈദ്യശാസ്ത്രം എന്നിങ്ങനെ വിവിധ ശാസ്ത്ര ശാഖകളുടെ ഒരു സംയോജനമാണ് ന്യൂക്ലിയർ മെഡിസിൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ ഒപി, തൈറോയ്ഡ് ക്ലിനിക് എന്നീ ഒപി വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. കാൻസറിനും, കാൻസർ ഇതര രോഗങ്ങൾക്കും ന്യൂക്ലിയർ മെഡിസിൻ ചികിത്സ ഫലപ്രദമാണ്. ചുറ്റുമുള്ള ശരീര കലകൾക്ക് ദോഷം ഉണ്ടാകാതെ കാൻസർ ബാധിച്ച കോശങ്ങളിൽ മാത്രം റേഡിയേഷൻ നൽകാൻ ന്യൂക്ലിയർ മെഡിസിൻ ചികിത്സയ്ക്ക് കഴിയും.

7.3 കോടി രൂപ ചെലവഴിച്ചുള്ള സ്പെക്റ്റ് സിടി സ്‌കാനറിന് പുറമേ 15 കോടി ചെലവഴിച്ച് പെറ്റ് സിടി (PET-CT) സ്‌കാനർ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളും 4 കോടി ചെലഴിച്ചുള്ള ന്യൂക്ലിയർ മെഡിസിൻ ഹൈഡോസ് തെറാപ്പി വാർഡ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മെഡിക്കൽ കോളേജിൽ സ്പെക്റ്റ് സിടി സ്‌കാനർ സൗകര്യം ലഭ്യമാക്കുന്നതിലൂടെ രോഗികൾക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയാണ്.

ന്യൂഡൽഹി: റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയപാതയടക്കമുള്ള പ്രധാന റോഡുകൾ ഡിസൈൻ ചെയ്യുന്നത് പലപ്പോഴും കോൺട്രാക്ടർമാരാണെന്നും ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നതെന്നും വിദഗ്ധർക്ക് വലിയ പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു.

പലയിടത്തും ഹൈവേ നിർമാണത്തിൽ എൻജിനിയർമാർക്ക് വലിയ പങ്കില്ലാത്ത അവസ്ഥയാണ്. നിർമാണച്ചുമതല ഏൽപ്പിച്ചിരിക്കുന്ന കമ്പനികളുടെ കോൺട്രാക്ടർമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഗൂഗിൾ മാപ്പ് നോക്കിയാണ് ഡിസൈൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രാദേശികമായ കാര്യങ്ങൾ പരിഗണിക്കില്ല. ലോകബാങ്കിന്റെ റോഡുകൾ പോലെ, പ്രാദേശിക എൻജിനീയർമാരെയോ പ്രാദേശിക ജനപ്രതിനിധികൾക്കോ യാതൊരു പങ്കുമില്ല. ഗൂഗിൾ മാപ്പ് വഴി റോഡ് ഡിസൈൻ ചെയ്തശേഷം പണം നൽകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡരികിൽ വീടുണ്ടോ വഴിയുണ്ടോ എന്നൊന്നും ഡിസൈൻ ചെയ്യുമ്പോൾ പരിഗണിക്കില്ല. വളവ്, കയറ്റം, ഇറക്കം എന്നിവയൊന്നും ശ്രദ്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

മുംബൈ: റിസർവ് ബാങ്കിന് നേരെ ബോംബ് ഭീഷണി. മുംബൈയിലെ റിസർവ് ബാങ്കിന്റെ ആസ്ഥാനം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന ഭീഷണിയാണ് ആർബിഐയ്ക്ക് ലഭിച്ചത്. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘നിങ്ങൾ താമസിയാതെ പൊട്ടിത്തെറിക്കും’ എന്ന് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ഭീഷണി സന്ദേശം ലഭിച്ചപ്പോൾ തന്നെ മുംബൈ പോലീസ് കേസ് ഫയൽ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയിൽ അയയ്ക്കാൻ വിപിഎൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. അതേസമയം, കഴിഞ്ഞ മാസം ആദ്യം, മുംബൈയിലെ ആർബിഐ കസ്റ്റമർ കെയർ സെന്ററിലേക്കും സമാനമായ ഭീഷണി എത്തിയിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ തലവൻ എന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്നാണ് ഫോൺ കോൾ എത്തിയത്.

‘ലഷ്‌കർ-ഇ-തൊയ്ബയുടെ സിഇഒ’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ആർബിഐ കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിക്കുകയും ഒരു ഇലക്ട്രിക് കാറിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയിക്കുകയും പിന്നിലെ റോഡ് തടയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

പനാജി: ഗോവൻ തീരത്ത് കാസീനോ കപ്പലുകളിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. പരിശോധനക്കെത്തിയ ഇഡി സംഘത്തെ തട്ടിപ്പ് സംഘമെന്ന് കരുതി ജീവനക്കാർ തടഞ്ഞു. പ്രാദേശിക പോലീസിന്റെ സഹായത്തോടെയാണ് പിന്നീട് റെയ്ഡ് നടത്തിയത്. കർണാടകയിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് സംഘമാണ് ഗോവയിൽ കാസിനോയിൽ റെയ്ഡിനെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.

കാസിനോ കപ്പലുകളിൽ കയറാൻ ജീവനക്കാർ ഇഡി ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. പറ്റിച്ച് പണം തട്ടാനെത്തിയ സംഘമെന്ന് ആരോപിച്ചായിരുന്നു ജീവനക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതിന് പിന്നാലെ ഗോവ പൊലീസ് സഹായത്തോടെയാണ് ഇഡി സംഘം റെയ്ഡ് പൂർത്തിയാക്കിയത്. ഗോവൻ തീരത്തുള്ള കാസിനോ കപ്പലുകളിലെ സാമ്പത്തിക ഇടപാട് പരിശോധിക്കാനും ജീവനക്കാർ അടക്കമുള്ളവരെ ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടായിരുന്നു ഇഡി സംഘം എത്തിയത്. ടാക്‌സ് രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഒരാഴ്ച്ചയ്ക്ക് മുൻപ് ഗോവയിൽ നിന്നുള്ള ഇഡി സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതിൽ നിരവധി പേർ അറസ്റ്റിലാകുകയും ചെയ്തു.