Latest News (Page 44)

പാലക്കാട്: പുതിയ ട്രാവൽ കൾച്ചർ രൂപീകരിക്കുന്നതിന് ഭാഗമായി കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളും എസി ആക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസുകളിൽ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് കോഴിക്കോട് സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും. പാലക്കാട് നിന്നും ബാംഗ്ലൂർ മൈസൂർ ബസുകൾ ഉടൻ ഓടിത്തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാർ കുമളി സർവീസ് ആരംഭിക്കും. പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നൽ സർവീസ് വലിയ ലാഭത്തിലാണ്. ‘പുതിയ 35 എസി, സെമി സ്ലീപ്പർ ബസുകൾ പുറത്തിറക്കും. അതിൽനിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി മദ്രാസിലേക്കും സർവീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സർവീസ് നിർത്തില്ല പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സർവീസ് പുനരാരംഭിക്കും. സ്ത്രീകളും കുട്ടികളും കെഎസ്ആർടിസിയിൽ കയറാതെ കെഎസ്ആർടിസി രക്ഷപ്പെടില്ല. അതിന് മികച്ച സൗകര്യങ്ങൾ ശുചിത്വം, ഭക്ഷണം എന്നിവ പ്രധാനമാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ക്യാമറകൾ ഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ഹെഡ് കോർട്ടേഴ്‌സുകളിൽ ആയിരിക്കും. ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകൾ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ് ‘പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് പുറകുവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന പെട്രോൾ പമ്പ് സ്ഥാപിക്കും. ജീവനക്കാർക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കാനാണ് തീരുമാനം. നല്ല വിശ്രമം ലഭിക്കുന്നത് അപകടങ്ങൾ കുറയ്ക്കും. കെഎസ്ആർടിസിയിലെ ടോയ്‌ലറ്റ് ഉടൻ ഉപയോഗയോഗ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി തൃഷയും നടൻ വിജയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. വിജയുടെ പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസ പോസ്റ്റ് വൈറലായതോടെയാണ് തൃഷ-വിജയ് ബന്ധം ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായായത്. ഇപ്പോഴിതാ ഗോവയിൽ നടന്ന കീർത്തി സുരേഷിന്റെ വിവാഹ ചടങ്ങിലും തൃഷയും വിജയിയും ഒരുമിച്ച് എത്തിയതോടെ ഈ ‘പ്രണയ ഗോസിപ്പ്’ വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്.

ഒരിക്കൽ വിവാഹ നിശ്ചയം വരെ കഴിഞ്ഞ താരമാണ് തൃഷ. എന്നാൽ, അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ ആ വിവാഹം മുടങ്ങി. അതിന് ശേഷം മറ്റൊരു വിവാഹത്തിനായി താരം മുതിർന്നിട്ടില്ല. എന്നാൽ, 20 വർഷത്തോളമായി താരത്തിന്റെ പേരിനൊപ്പം പല നടന്മാരുടെയും പേര് ചേർത്ത് പല ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. ഇതിന്റെ ബാക്കിപത്രമായാണ് വിജയും തൃഷയും തമ്മിൽ പ്രണയമാണെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നത്.

വിജയ് തന്റെ ഭാര്യ സംഗീതയിൽ നിന്നും വേർപ്പെട്ട് കഴിയുകയാണെന്നും അതിന് കാരണം തൃഷയുമായുള്ള ബന്ധമാണെന്നും വരെ കഥകളുണ്ട്. വിജയ്യുടെ മാനേജർ ജഗദീഷിനൊപ്പം വിജയ്യും തൃഷയും ഒരുമിച്ച് യാത്ര ചെയ്യുന്നതായി വ്യക്തമാക്കുന്ന ഫ്‌ലൈറ്റ് ടിക്കറ്റ് ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതും ഗോസിപ്പുകൾക്ക് ശക്തിപകർന്നിരുന്നു. എയർപോർട്ടിലെ സെക്യൂരിറ്റി ചെക്ക് പോയിന്റിലൂടെ ഇരുവരും മുന്നോട്ട് പോകുന്നതിന്റെ ഫോട്ടോകളും പ്രചരിച്ചിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 62,201 4ജി ടവറുകൾ സ്ഥാപിച്ചുവെന്ന് കേന്ദ്രം. ടെലികോം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇവ മൊത്തമായി കമ്മീഷൻ ചെയ്തിട്ടില്ലെന്നും ടോലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

രാജ്യത്ത് ഒരു ലക്ഷം ടവറുകൾ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും വൈകാതെ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി ടവറുകൾ സ്ഥാപിക്കുന്നത് ടാറ്റയുമായി സഹകരിച്ചാണ്.

700 MHz, 2100 MHz ബാൻഡുകളിലാണ് ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്വർക്ക് പ്രവർത്തിക്കുന്നത്. തങ്ങളുടെ നെറ്റ്വർക്ക് മറ്റ് ടെലികോം കമ്പനികളുടെ നെറ്റ്വർക്കിന് തുല്യമായ വേഗതയാണ് നൽകുന്നതെന്നാണ് ബിഎസ്എൻഎല്ലിന്റെ അവകാശവാദം.

തൃശ്ശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി സിപിഐ നേതാവ് വി എസ് സുനിൽകുമാർ. പൂരം കലക്കൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനിൽ കുമാർ ആരോപിച്ചു. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

അന്വേഷണ സംഘത്തിന് മൊഴിയായി ഈ കാര്യങ്ങൾ നൽകുമെന്ന് പറഞ്ഞ സുനിൽകുമാർ തന്നെ കേൾക്കാതെ റിപ്പോർട്ട് സമർപ്പിക്കും എന്നാണ് കരുതിയിരുന്നത്. മൊഴിയെടുക്കാൻ വിളിപ്പിച്ചതിൽ സന്തോഷമുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നൽകുമെന്നും അദ്ദേഹം വിശദമാക്കി.

പൂരം കലക്കൽ വിവാദത്തിൽ വി എസ് സുനിൽകുമാർ ഇന്ന് മൊഴി നൽകാൻ എത്തിയിരുന്നു. മലപ്പുറം അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ തൃശ്ശൂർ രാമനിലയത്തിൽ വെച്ചാണ് മൊഴിയെടുക്കൽ നടന്നത്.

കോഴിക്കോട്: മെക് സെവൻ കൂട്ടായ്മ വിവാദത്തിൽ സിപിഎമ്മിന് മറുപടിയുമായി മെക് സെവൻ കൂട്ടായ്മയുടെ കാലിക്കറ്റ് ചീഫ് കോ-ഓഡിനേറ്റർ ടിപിഎം ഹാഷിറലി. മെക് സെവൻ കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയോ പോപ്പുലർ ഫ്രണ്ടോ അല്ലെന്ന് കാലിക്കറ്റ് ചീഫ് കോഡിനേറ്റർ ടി പിഎം ഹാഷിറലി പ്രതികരിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ കൂട്ടായ്മക്ക് ആശംസ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ് കത്തയച്ചിട്ടുണ്ട്. കൂട്ടായ്മ വ്യാപിപ്പിക്കണമെന്ന് മുഹമ്മദ് റിയാസ് തന്നെ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് കോർഡിനേറ്റർ ടി.പി.എം ഹാഷിറലി മെക് സെവൻറെ കോഴിക്കോട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് മുൻ മന്ത്രി അഹമദ് ദേവർകോവിലാണ്. കോഴിക്കോട് മേയർ ബീന ഫിലിപ്പും പരിപാടികൾ ഉദ്ഘാടനം ചെയ്തിരുന്നു. മെക് സെവൻ കൂട്ടായ്മയിൽ സിപിഎം നേതാക്കളും ഉണ്ട്. സിപിഎം വ്യായാമം നടത്തുന്നവരുടെ കൂട്ടായ്മ സമാന്തരമായി സംഘടിപ്പിക്കാൻ ഒരുങ്ങുന്നുണ്ടെന്നും അത് കൊണ്ടാകാം ഇതിനെ എതിർക്കുന്നതെന്നും ടിപിഎം ഹാഷിറലി കൂട്ടിച്ചേർത്തു.

അതേസമയം, മലബാർ മേഖലയിലെ വ്യായാമ പരിശീലന കൂട്ടായ്മക്കെതിരെ സിപിഎമ്മും സുന്നി സംഘടനകളും രംഗത്തെത്തിയിരുന്നു. മെക്ക് 7ന് പിന്നിൽ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്ന് സിപിഎം ആരോപിച്ചു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.

ഹൈദരാബാദ്: സന്ധ്യാ തിയേറ്ററിലെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചത് ദാരുണമായ സംഭവമാണെന്ന് നടൻ അല്ലു അർജുൻ. യുവതിയുടെ കുടുംബത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും നൽകുമെന്ന് താരം അറിയിച്ചു. ജയിൽ മോചിതനായതിന് പിന്നാലെയാണ് താരം ഇക്കാര്യം അറിയിച്ചത്.

സന്ധ്യാ തിയേറ്ററിലുണ്ടായത് ദാരുണാമായ സംഭവമാണ്. അതിൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാൽ യുവതിയുടെ കുടുംബത്തിന് ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കും. കൂടുതൽ വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. കേസിന്റെ പേരിൽ ഒരുപാട് വെല്ലുവിളികൾ ഞാനും കുടുംബവും നേരിട്ടുവെന്ന് നടൻ പറയുന്നു.

തന്നെ പിന്തുണച്ച എല്ലാവർക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. 20 വർഷത്തിലേറെയായി സിനിമകൾ കാണാൻ തിയേറ്ററുകളിൽ പോകാറുണ്ടെന്നും എന്നാൽ ഇത്തരത്തിൽ നിർഭാഗ്യകരമായ സംഭവം മുൻപുണ്ടായിട്ടില്ല. നിയമം പാലിച്ച് ജീവിക്കുന്ന ഒരാളാണ്. നിയമത്തിൽ വിശ്വസിക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കും. വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകുമെന്നും താരം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിനിത് സൂരിയുടെ കീഴിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

രാത്രി 9 മണിയോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, വാർധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച അദ്വാനിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ യൂറോളജി, ജെറിയാട്രിക് മെഡിസിൻ എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള ഡോക്ടർമാരുടെ ഒരു സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്.

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ പേപ്പർ ചേർന്ന സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്ണിലെ കണക്ക് പരീക്ഷയുടേയും എസ്എസ്എൽസി പരീക്ഷയിൽ ഇംഗ്ലീഷിന്റെയും ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പറുകൾ ചോർന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സ്ഥിരീകിരിച്ചു.

കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും പരീക്ഷ പേപ്പർ ചോർച്ചയിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചോദ്യപേപ്പർ ചോർത്തുന്ന യുട്യൂബ് ചാനലുകാർക്കും ട്യൂഷൻ സെന്ററുകൾക്കും താത്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ടമായാണ് അവർ ഇത് പറയുന്നത്. യൂട്യൂബ് ചാനലുകളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട. ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം അറിയിച്ചു.

ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുണ്ടാകും. സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകും. ചോർന്ന പരീക്ഷകൾ വീണ്ടും നടത്തുന്നതിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പെരുമ്പാവൂർ: കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കെ എസ് ആർ ടി സിയിൽ ബ്രാൻഡിംഗ് നടപ്പാക്കാൻ ശ്രമിക്കുന്നത്. കെഎസ്ആർടിസിയുടെ 12 സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്. ഗ്രാനൈറ്റ് ഒട്ടിച്ച് സ്റ്റേഷനുകൾ വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിലെ എല്ലാ ടോയ്‌ലെറ്റുകളും നവീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി നടപ്പാക്കുന്ന യാത്രാ ഫ്യുവൽസ് പദ്ധതിയിൽ സംസ്ഥാനത്തുടനീളം 75 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണ് സ്ഥാപിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഭാവിയിൽ ഹരിത ഇന്ധനങ്ങളായ സിഎൻജി, എൽഎൻജി, ഇലക്ട്രിക് ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഔട്ട്‌ലെറ്റുകളിൽ ലഭിക്കും. ഗുണമേന്മയുള്ളതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉത്പന്നങ്ങളാകും ഔട്ട്‌ലെറ്റിൽ ലഭിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളിൽ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു.

അതുപോലെ തന്നെ 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും കണക്കാക്കും. പന്നികളിൽ മാത്രമാണ് രോഗം കണ്ടുവരുന്നത്. മറ്റു മൃഗങ്ങളിലേക്ക് മനുഷ്യരിലേക്കോ രോഗം പകരില്ല. പന്നികളെ ബാധിക്കുന്ന വളരെയധികം ഗൗരവമുള്ള വൈറൽ അണുബാധയാണ് ആഫ്രിക്കൻ പന്നിപ്പനി. 1900കളിൽ ഈസ്റ്റ് ആഫ്രിക്കയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കുന്നത്. രോഗബാധയുണ്ടായാൽ പന്നികളിൽ മരണനിരക്ക് കൂടുതലാകുന്ന- അത്രയും ഗൗരവമുള്ള രോഗമാണിത്.