Latest News (Page 3,162)

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക കത്തയക്കുകയായിരുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വധേര കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വീട്ടില്‍ ക്വാറന്റൈനിലാണ് പ്രിയങ്ക ഗാന്ധി. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും പരീക്ഷാ കേന്ദ്രം കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയാല്‍ അതിന് ഉത്തരവാദികള്‍ കേന്ദ്രവും സിബിഎസ്ഇ ബോര്‍ഡുമായിരിക്കുമെന്നും പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് നടന്‍ സോനു സൂദും രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: സര്‍വകലാശാലയുടെ ഉത്തരക്കടലാസ് കത്തിക്കുത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പ്രൊഫസര്‍ അബ്ദുള്‍ ലത്തീഫിനോട് യുജിസി വിശദീകരണം തേടി. യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷാ ചുമതല വഹിച്ചിരുന്ന അധ്യാപകന്‍ അബ്ദുള് ലത്തീഫിനെ കേരള സര്‍വകലാശാലയില്‍ അറബിക് പ്രൊഫസറായി നിയമിക്കാന്‍ തീരുമാനിച്ച വിഷയത്തിലാണ് യുജിസി വിശദീകരണം തേടിയത്.
യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് സര്‍വകലാശാലയുടെ ഉത്തരക്കടലാസ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ സമിതിയാണ് പരീക്ഷാചുമതല വഹിച്ചിരുന്ന അധ്യാപകന്‍ അബ്ദുള്‍ ലത്തിഫിനെ കുറ്റക്കാരനായി കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പരീക്ഷാ ജോലികളില്‍ നിന്ന് സ്ഥിരമായി ഡീബാര്‍ ചെയ്തിരുന്നു. സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും ശിക്ഷാനടപടികള്‍ക്ക് വിധേയനായ അധ്യാപകനെ സര്‍വകലാശാലയുടെ തന്നെ പരീക്ഷാ ചുമതലകള്‍ ഉള്ള ഒരു പോസ്റ്റിലേക്ക് നിയമിക്കാന്‍ യൂണിവേഴ്‌സിറ്റി എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് സേവ് എഡ്യൂക്കേഷന്‍ ഫോറം യുജിസി സെക്രട്ടറിക്ക് നിവേദനം നല്കിയിരുന്നു. തുടര്‍ന്നാണ് വിശദീകരണം ചോദിച്ച് യുജിസി രംഗത്തെത്തിയത്്.അറബിക് ഭാഷാ ഗവേഷണത്തിന് രാഷ്ട്രപതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ അപേക്ഷകരുള്‍പ്പടെയുള്ളവരെ ഒഴിവാക്കി അബ്ദുള്‍ ലത്തീഫിന് നിയമനം നല്കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു.

പാര്‍ട്ടിയുടെ ക്ഷീണം മാറ്റാന്‍ കോടിയേരിയുടെ പടിയിറക്കം

തിരുവനന്തപുരം: വോട്ടുകച്ചവടങ്ങൾ ഫലം കാണുകയില്ല. തുടർഭരണം ഉറപ്പാണെന്നും ഭരണത്തിലേറാനുള്ള അംഗബലം മുന്നണിക്ക് ലഭിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ. എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകൾ പൊളിയുമെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണിക്ക് സർവേകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കും. മന്ത്രി കെടി ജലീൽ ആരോപണ വിധേയനായ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടുള്ള ലോകായുക്താ ഉത്തരവിൽ നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ടുകച്ചവടമുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ കോൺഗ്രസ് വോട്ട് കച്ചവടം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് ഗൗരവതരമായ കാര്യമാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നതാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള മുൻ‌കൂർ ജാമ്യമെടുക്കൽ കൂടിയാണത്. കോടിയേരി ആരോപിച്ചു.

ശ്രീനഗർ : ജമ്മു കശ്മീരിലെ നാലിടങ്ങളിലായി മൂന്ന് ദിവസത്തിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന വധിച്ചത് 12 ഭീകരരെ. പോലീസ് ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഏറെക്കാലമായി ശാന്ത സ്വഭാവത്തിലായ കശ്മീരിൽ വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുളള ഗൂഢനീക്കങ്ങളാണ് ഏറ്റുമുട്ടലുകളിലൂടെ സുരക്ഷാസേന വിഫലമാക്കിയത്.അൻസർ ഖസ്വത്ത് ഉൽ ഹിന്ദ്, അൽ ബാദർ, ലഷ്‌കർ ഇ ത്വായ്ബ എന്നീ തീവ്രവാദ സംഘടനകളിലെ ഭീകരരെയാണ് നാല് ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന വധിച്ചത്.

ഇന്ന് രാവിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ പതിന്നാലുകാരൻ ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് സേന വധിച്ചത്. പതിന്നാലുകാരന് കീഴടങ്ങാൻ സേന അവസരം നൽകിയെങ്കിലും സംഘടനയിലെ മറ്റ് അംഗങ്ങൾ അതിന് അനുവദിച്ചില്ല. തുടർന്നാണ് ഇവരെ സുരക്ഷാ സേന വധിച്ചത്.ഷോപ്പിയാനിൽ മണിക്കൂറുകളോളം നേരം നടന്ന ഏറ്റുമുട്ടലിൽ അൻസർ ഖസ്വത്ത് ഉൽ- ഹിന്ദിനെ സുരക്ഷാ സേന ജമ്മു കശ്മീരിൽ നിന്നും തുടച്ച് നീക്കയിരുന്നു. ഭീകരരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരമാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.

ഭീകരപ്രവർത്തനങ്ങലെ രാജ്യത്ത് നിന്നും വേരോടെ ഉന്മാൂലനം ചെയ്യാനുള്ള പദ്ധതികളാണ് സുരക്ഷാ സേന തയ്യാറാക്കുന്നത്.ജമ്മു കശ്മീരിലെ ഷോപ്പിയാനിലും ത്രാലിലുമായി ഏഴ് ഭീകരരെയും, ഹരിപോറയിൽ മൂന്ന് ഭീകരരെയും, ബിജ്‌ബെഹാറയിൽ രണ്ട് ഭീകരരെയും സേന വധിച്ചതായി അദ്ദേഹം അറിയിച്ചു. അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹാറയിൽ ലഷ്‌കർ ഇ ത്വായ്ബയിലെയും ടിആർഎഫിലെയും ഭീകരരുമായാണ് ഏറ്റുമുട്ടൽ നടന്നത്. തുടർന്ന് രണ്ട് ഭീകരരെയാണ് സേന വധിച്ചത്. ഇന്നലെ ഗൊരിവാനിൽ ആക്രമണം നടത്തിയത് ഇവരാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമുട്ടലിൽ സലീം അഖൂൺ എന്ന ജവാൻ വീരമൃത്യു വരിച്ചിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മന്ത്രി കെടി ജലീല്‍ ബന്ധുനിയമനം നടത്തിയതെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്ത്. അദീപിന്റെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ചിലര്‍ ആ അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ജലീലിന്റെ ബന്ധുവായ അദീപ് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയായിരുന്നു. ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനുള്ള എം ബി എ അല്ലെങ്കില്‍ എച്ച് ആര്‍/സി എസ്/സിഎ/ഐസിഡബ്ല്യുഎഐ/ബിടെക് വിത്ത് പിജിഡിബിഎയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് ബന്ധുവിന് വേണ്ടിയായിരുന്നു എന്നാണ് ആരോപണം.

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെക്കുറിച്ച് പ്രതികരിച്ച് കാനം രാജേന്ദ്രന്‍. ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്നും മാധ്യമങ്ങളില്‍ വന്ന വിവരം മാത്രമാണ് വിധിയെ കുറിച്ചുള്ളതെന്നും വിധി ഔദ്യോഗിക രൂപത്തില്‍ മുഖ്യമന്ത്രിയ്ക്ക് കിട്ടട്ടെയെന്നും കാനം പറഞ്ഞു. കെ.ടി ജലീലിനെ പ്രതിരോധിക്കാതെയായിരുന്നു കാനത്തിന്റെ പ്രതികരണം. ബന്ധുനിയമന ആരോപണത്തില് മന്ത്രി കെ.ടി. ജലീല് കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്ത വിധി. ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്.

തൃശൂര്‍: പൂരത്തിന്റെ പതിവ് ചടങ്ങുകള്‍ അതുപോലെ തന്നെ നടത്തുമെന്നും തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ മാത്രമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍.പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ദേവസ്വം ഇക്കാര്യത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. പൂരത്തെ തകര്‍ക്കാനാണ് ഡിഎം ഒയുടെ ശ്രമമെന്നും, കൊവിഡ് മരണം പെരുകുമെന്ന ഡിഎംഒയുടെ കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ദേവസ്വങ്ങള്‍ പ്രതികരിച്ചത്.

covid

സംസ്ഥാനത്ത് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1243, എറണാകുളം 809, മലപ്പുറം 695, കോട്ടയം 601, കണ്ണൂര്‍ 470, തിരുവനന്തപുരം 381, തൃശൂര്‍ 395, ആലപ്പുഴ 338, പാലക്കാട് 135, കൊല്ലം 298, ഇടുക്കി 276, കാസര്‍ഗോഡ് 228, പത്തനംതിട്ട 205, വയനാട് 184 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 5, തൃശൂര്‍ 4, കോഴിക്കോട് 3, തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 208, പത്തനംതിട്ട 64, ആലപ്പുഴ 190, കോട്ടയം 176, ഇടുക്കി 77, എറണാകുളം 120, തൃശൂര്‍ 205, പാലക്കാട് 185, മലപ്പുറം 265, കോഴിക്കോട് 407, വയനാട് 34, കണ്ണൂര്‍ 216, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കേരളത്തിൽ ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 391 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

high court

കൊച്ചി ;’ഒപ്പം ജീവിച്ചിരുന്ന പുരുഷൻ ഉപേക്ഷിച്ച ഘട്ടത്തിൽ കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും പിന്നീട് മറ്റൊരു ദമ്പതികൾക്ക് ദത്ത് എടുക്കാൻ അനുവദിക്കുകയും ചെയ്‌ത നടപടികൾ റദ്ദാക്കി ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താക്, കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ സുപ്രധാന വിധി.സമൂഹത്തിൽ ഒറ്റപ്പെട്ട ഇത്തരം സ്തികളെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 2018ൽ പ്രളയകാലത്ത് ഒന്നിച് ജീവിക്കാൻ തീരുമാനമെടുത്ത യുവതിയും യുവാവിനും കുട്ടി ജനിച്ചു. വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നില്ല സർക്കാർ ആശുപത്രിയിലായിരുന്നു പ്രസവം.

ആശുപത്രി രേഖകളിൽ കുട്ടിയുടെ പിതാവിൻ്റെ പേരും നൽകിയിരിന്നു. പിന്നിട് യുവാവ് ബന്ധത്തിൽ നിന്ന് അകന്നു. സിനിമയിലഭിനയിക്കാൻ കർണ്ണാടകത്തിലേക്ക് പോകുകയായിരുന്നു. ശിശുക്ഷേമസമിതിയിൽ അമ്മ ഏൽപ്പിച്ച കുട്ടിയെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുടുംബകോടതി അനുമതിയോടെ മറ്റൊരു ദമ്പതികൾക്ക് ദത്ത് നൽകി. തിരിച്ചെത്തിയ പിതാവ് കുട്ടിയെ വിട്ടുകിട്ടാൻ ഹേബിയസ് കോർപസ് ഹരജി നൽകിയെങ്കിലും ദത്തെടുക്കൽ നടപടി നിയമാനുസൃതമാണന്ന് കോടതി വിലയിരുത്തി.അതേസമയം ലിവിംഗ് ടുഗദർ ബന്ധത്തിൽ ഉണ്ടാവുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അതെ അവകാശങ്ങൾ ഉണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

കണ്ണൂര്‍: ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. ബാങ്കുകളുടെ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഇട്ടിരിക്കുന്നത്. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂര്‍ മണ്ണുത്തി സ്വദേശിനിയുമായ കെ എസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് പരിശോധന നടത്തി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ് എല്‍ ബി സി) കണ്‍വീനര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. നിക്ഷേപം, വായപാ, ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങി വിവിധ ടാര്‍ഗറ്റുകള്‍ കൈവരിക്കാനാണ് ബാങ്കുകള്‍ ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നത് എന്ന് മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.