Latest News (Page 3,113)

ചെന്നൈ: തമിഴ്‌നാട് ബിജെപി നേതാക്കള്‍ തന്റെ ഫോണ്‍ ചോര്‍ത്തിയെന്നും, കുടുംബത്തിനടക്കം വധഭീഷണി നടത്തിയെന്നും ആരോപിച്ച് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. ട്വീറ്റിലൂടെയാണ് നടന്‍ ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകള്‍

എന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പി. അംഗങ്ങള്‍ ചോര്‍ത്തി. 500ലധികം ഫോണ്‍കോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗ ഭീഷണി, അസഭ്യവര്‍ഷം തുടങ്ങിയവയാണ്. എല്ലാ കോളുകളും ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബി.ജെ.പി. ലിങ്കും, ഡി.പിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാന്‍ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും.’ സിദ്ധാര്‍ഥ് കുറിച്ചു’.

ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള കസ്റ്റംസ് സഹകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. കസ്റ്റംസ് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനും പരസ്പരം വിവരങ്ങൾ കൈമാറുന്നതടക്കമുള്ള വിഷയങ്ങളിലാണ് ധാരണയായത്. രഹസ്യ വിവരങ്ങളടക്കം പരസ്പരം കൈമാറുന്നതിൽ നിയമപരമായ ബലം കൂടി നൽകുന്നതാണ് കരാർ.

വ്യാപാര രംഗത്ത് സഹകരണം മെച്ചപ്പെടുത്താനും കൂടുതൽ കാര്യക്ഷമതയോടെ ചരക്കുകൾ പരസ്പരം കൈമാറുന്നതിനും ഇതുവഴി സാധിക്കും. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചാൽ, തൊട്ടടുത്ത മാസം മുതൽ ഈ കരാർ പ്രാബല്യത്തിലെത്തും.

കസ്റ്റംസ് നിയമങ്ങളുടെ കൃത്യമായ രീതിയിലുള്ള നടപ്പാക്കൽ, നിയമപരമായ വ്യാപാരം സാധ്യമാക്കൽ, അന്വേഷണം നടത്താനും കുറ്റകൃത്യങ്ങൾ തടയാനുമുള്ള അധികാരം എന്നിവ ഇതിലൂടെ ഉറപ്പാകുന്നുണ്ട്.ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതർ ഒന്നായിരുന്ന് ഈ കരാറിലെ വ്യവസ്ഥകളുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കസ്റ്റംസ് താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് കരാറിലെ വ്യവസ്ഥകൾ രൂപപ്പെടുത്തുന്നത്.

സീയോള്‍: രൂക്ഷമായ കൊവിഡ് ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കുമെന്ന് അറിയിച്ച് ദക്ഷിണ കൊറിയ. ഓക്സിജൻ കോൺസെൻട്രേറ്റ്സ്, കൊവിഡ് 19 ഡയ​ഗ്നോസ്റ്റിക് കിറ്റുകൾ, മറ്റ് മെഡിക്കൽ സഹായങ്ങൾ എന്നിവ നൽകും. അതുപോലെ തന്നെ ഇന്ത്യയിൽ നിന്ന് ദക്ഷിണ കൊറിയൻ പൗരൻമാരെ തിരികെ കൊണ്ടുവരാൻ വിമാന സർവ്വീസുകൾ ഏർപ്പെടുത്തുമെന്നും ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥനായ യൂൻ തഹോ പറഞ്ഞു. ഇവരെ മൂന്നു തവണ കൊവിഡ് പരിശോധനക്ക് വിധേയരാക്കുകയും സമ്പർക്കവിലക്ക് ഏർപ്പെടുത്തുകയം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ദക്ഷിണ കൊറിയ ഇന്ത്യക്ക് നൽകാനുദ്ദേശിക്കുന്ന സഹായങ്ങളുടെ അളവ് എത്രയാണെന്ന വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3645 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്. രോഗവ്യാപനം തീവ്രമാകുന്നതിനിടെ ഓക്സിജന്‍, വാക്സീന്‍ പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്.

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യക്ക് ഒരു മില്യണ്‍ ന്യൂസിലന്‍ഡ് ഡോളറിന്റെ സഹായം നല്‍കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജനീന്ത ആന്‍ഡേന്‍. ഇതു ഉപയോഗിച്ച് ഓക്‌സിജന്‍ അടക്കമുള്ള കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് ആവശ്യമുള്ളവ വാങ്ങി വിതരണം ചെയ്യുമെന്നും ജസീന്ത വ്യക്തമാക്കി.റെഡ് ക്രോസ് വഴിയാണ് ഇന്ത്യയ്ക്ക് സഹായമെത്തിക്കുകയെന്ന് വിദേശകാര്യ മന്ത്രി നാനിയ മഹൂതയും അറിയിച്ചു.

കൊച്ചി: ഇന്ത്യന്‍ റെയില്‍വേ വിവിധ സംസ്ഥാനങ്ങളിലേക്ക് 510 മെട്രിക് ടണ്‍ ഓക്‌സിജനാണ് എത്തിച്ചത്. യുപിയിലേക്ക് മാത്രം 202 മെട്രിക് ടണ്‍ ഓക്‌സിജനാണു എത്തിച്ചത്. യുപിക്കു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവടങ്ങളിലേക്കും ട്രെയിനില്‍ ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്. ഹരിയാനയും റെയില്‍വേയുടെ സഹായം തേടിയിട്ടുണ്ട്. 5 ടാങ്കറുകള്‍ വീതമുള്ള രണ്ടു ട്രെയിനുകള്‍ ഹരിയാനയിലേക്കു പോകും.മഹാരാഷ്ട്രയിലേക്ക് 174 മെട്രിക് ടണ്ണും ഡല്‍ഹിയിലേക്ക് 70 മെട്രിക് ടണ്ണും മധ്യപ്രദേശിലേക്കു 64 മെട്രിക് ടണ്ണുമാണു ദ്രവീകൃത ഓക്‌സിജന്‍ എത്തിച്ചിട്ടുള്ളത്.യുപിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

ചെന്നൈ : കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചരണം നടത്തിയ മന്‍സൂര്‍ അലിഖാന് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തി. നടന്‍ വിവേക് മരിച്ചത് വാക്‌സിന്‍ സ്വീകരിച്ചത് കാരണമാണെന്നും ജനങ്ങള്‍ അത് സ്വീകരിക്കരുതെന്നുമായിരുന്നു നടന്റെ പ്രസ്താവന. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പ്രമുഖ തമിഴ്താരം വിവേക് മരിച്ചത്. രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാകുമെന്നും മാധ്യമങ്ങള്‍് ജനങ്ങളെ അനാവശ്യമായി പേടിപ്പിക്കുകയാണെന്നും താന്‍ മാസ്‌ക് ധരിക്കാതെ ഭിക്ഷക്കാര്‍ക്കൊപ്പം വരെ കിടന്നുറങ്ങിയിട്ടുണ്ടെന്നും പുറത്തേയ്ക്ക് വിടുന്ന ശ്വാസം മാസ്‌ക് വെയ്ക്കുന്നത്‌കൊണ്ട് ശരീരത്തിലേക്ക് തന്നെ പോവുകയാണ് ഇത് ശ്വാസകോശത്തിന് കുഴപ്പമാണെന്നുമായിരുന്നു മന്‍സൂറിന്റെ കണ്ടെത്തല്‍.

modi

ന്യൂഡൽഹി: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഒരു ലക്ഷം പോർട്ടബിൾ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാനും 500 പുതിയ പി.എസ്.എ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനും കേന്ദ്രസർക്കാർ തീരുമാനം. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിനായുളള തുക ചെലവഴിക്കുക. പി‌എം കെയേഴ്സ് ഫണ്ടിനു കീഴിൽ നേരത്തെ അനുവദിച്ച 713 പി‌എസ്‌എ പ്ലാന്റുകൾ‌ക്ക് പുറമേയാണ് ഇപ്പോൾ 500 പുതിയ ഓക്‌സിജൻ പ്ലാന്റുകൾ കൂടി അനുവദിച്ചിരിക്കുന്നത്.

പ്ലാന്റുകൾ സ്ഥാപിക്കുന്നതിലൂടെയും പോർട്ടബിൾ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുകയും ചെയ്യുന്നതിലൂടെ നിലവിലെ ഓക്‌സിജൻ ക്ഷാമം ഒരു പരിധിവരെ കുറയ്ക്കാനാകും.കൊവിഡ് മാനേജ്മെന്റിനായി ദ്രവ മെഡിക്കൽ ഓക്‌സിജൻ വിതരണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ എത്രയും വേഗം വാങ്ങണമെന്നും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ ഇവ എത്രയും വേ​ഗം ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

പി.എസ്‌.എ പ്ലാന്റുകൾ ജില്ലാ ആസ്ഥാനങ്ങളിലെയും ടയർ 2 നഗരങ്ങളിലെയും ആശുപത്രികളിൽ ദ്രവ മെഡിക്കൽ ഓക്‌സിജൻ വിതരണം വർദ്ധിപ്പിക്കും. ഡി.ആർ.ഡി.ഒയും സി.എസ്‌.ഐ‌.ആറും വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക വിദ്യ ആഭ്യന്തര നിർമ്മാതാക്കൾക്ക് കൈമാറും. നമുക്ക് ചു‌റ്റുമുള‌ള വായുവിൽ നിന്നും ഓക്‌സിജൻ നിർമ്മിക്കുന്ന യന്ത്രമാണ് ഓക്‌സിജൻ കോൺസെൻട്രേ‌റ്റർ. ഒരു കമ്പ്യൂട്ടർ മോണി‌റ്ററിനെക്കാൾ വലുപ്പം കുറവാണ് ഇവയ്ക്ക്.

ഓക്‌സിജൻ തെറാപ്പിയുടെ ഭാഗമായി ഏ‌റ്റവും ആവശ്യമുള‌ളതാണിവ. ഹോം ഐസൊലേഷനിലും ആശുപത്രിയിലുമുള‌ളവർക്ക് ഒരുപോലെ ആവശ്യമാണിത്.അന്തരീക്ഷത്തിൽ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനും മ‌റ്റ് വാതകങ്ങൾ ഒരു ശതമാനവുമാണ്. ഈ വായു വലിച്ചെടുത്ത് അതിൽ നിന്നും നൈട്രജൻ നീക്കി 90 മുതൽ 95 ശതമാനം വരെ ശുദ്ധമായ ഓക്‌സിജൻ ഓക്‌സിജൻ കോൺസെൻട്രേ‌റ്റർ പുറത്തുവിടുന്നു. 24 മണിക്കൂറും, ആഴ്‌ചയിൽ ഏഴ് ദിവസവും പ്രവർത്തിപ്പിക്കാവുന്ന യന്ത്രമാണിത്. അഞ്ച് വർഷം വരെ ഇവ പ്രവർത്തിക്കും.ഓക്‌സിജൻ സിലിണ്ടർ വഴി നൽകുന്ന ഓക്‌സിജൻ 99 ശതമാനവും ശുദ്ധമാണ്.

covid

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി സൈന്യം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തി. സൈന്യം നേരിട്ട് ആശുപത്രികള്‍ തുടങ്ങുമെന്നും ഇവിടെ എല്ലാവര്‍ക്കും ചികിത്സ ഏര്‍പ്പാടാക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണത്തിനായി സൈന്യത്തിന് മതിയായ സാമ്പത്തിക സഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറല്‍ റാങ്കുള്ള ഓഫീസര്‍മാര്‍ക്ക് അഞ്ച് കോടിയും മേജര്‍ ജനറല്‍മാര്‍ക്ക് മൂന്ന് കോടിയും ബ്രിഗേഡിയര്‍ റാങ്കുള്ളവര്‍ക്ക് രണ്ട് കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.ഓക്‌സിജന്‍ നിര്‍മാണത്തിനായുള്ള പ്ലാന്റുകള്‍ ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ സൈന്യം തീരുമാനിച്ചു.

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്.

സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നും അതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്നുമാണ് സര്‍ക്കാര്‍ കെജിഎംഒഎ ആവശ്യപ്പെട്ടിരിക്കുന്നത്.വായുവിലൂടെ തന്നെ വൈറസ് വ്യാപിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ആളുകള്‍ പുറത്തിറങ്ങുന്നത് വ്യാപനത്തോത് വര്‍ധിപ്പിക്കും. മാത്രവുമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ് നിലവില്‍ സംസ്ഥാനത്ത്. ഇത് അപായ സൂചനയാണ് .

ഇത് രോഗികളുടെ വര്‍ധന ഇനിയും കൂടുമെന്ന സൂചനയാണ്‌ നല്‍കുന്നത്. ഗുരുതരരോഗികളെ മാത്രമേ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യാവൂ എന്നും ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് സംസ്ഥാനത്തുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കോവിഡ് വ്യാപനത്തിന്റെ ഗുരുതര പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളില്‍ കെ ജി എം ഒ എ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനം. സ്വകാര്യ ആശുപത്രികള്‍ നിര്‍മ്മാതാക്കളില്‍ നിന്നും വാക്‌സിന്‍ വാങ്ങണം. നിലവില്‍ ലഭിച്ചിട്ടുളള വാക്‌സിന് 250 രൂപയേ വാങ്ങാവൂയെന്നും ഈ മാസം മുപ്പതിന് മുമ്പ് വാക്‌സിന്‍ കൊടുത്ത് തീര്‍ക്കണമെന്നുമാണ് നിര്‍ദേശം.കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുളളിലും കൊവാക്‌സിന്‍ നാല് മുതല്‍ ആറ് ആഴ്ചക്കുളളിലുമാണ് എടുക്കേണ്ടത്.ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുളളവരുടെ ലിസ്റ്റ് കൊവിന്‍ പോര്‍ട്ടലില്‍ ലഭ്യമായതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.