ഇന്ത്യയും യുകെയും തമ്മിലുള്ള കസ്റ്റംസ് സഹകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള കസ്റ്റംസ് സഹകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. കസ്റ്റംസ് കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനും പരസ്പരം വിവരങ്ങൾ കൈമാറുന്നതടക്കമുള്ള വിഷയങ്ങളിലാണ് ധാരണയായത്. രഹസ്യ വിവരങ്ങളടക്കം പരസ്പരം കൈമാറുന്നതിൽ നിയമപരമായ ബലം കൂടി നൽകുന്നതാണ് കരാർ.

വ്യാപാര രംഗത്ത് സഹകരണം മെച്ചപ്പെടുത്താനും കൂടുതൽ കാര്യക്ഷമതയോടെ ചരക്കുകൾ പരസ്പരം കൈമാറുന്നതിനും ഇതുവഴി സാധിക്കും. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചാൽ, തൊട്ടടുത്ത മാസം മുതൽ ഈ കരാർ പ്രാബല്യത്തിലെത്തും.

കസ്റ്റംസ് നിയമങ്ങളുടെ കൃത്യമായ രീതിയിലുള്ള നടപ്പാക്കൽ, നിയമപരമായ വ്യാപാരം സാധ്യമാക്കൽ, അന്വേഷണം നടത്താനും കുറ്റകൃത്യങ്ങൾ തടയാനുമുള്ള അധികാരം എന്നിവ ഇതിലൂടെ ഉറപ്പാകുന്നുണ്ട്.ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതർ ഒന്നായിരുന്ന് ഈ കരാറിലെ വ്യവസ്ഥകളുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കസ്റ്റംസ് താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് കരാറിലെ വ്യവസ്ഥകൾ രൂപപ്പെടുത്തുന്നത്.