എം.എസ് ധോണിക്ക് മേല്‍ 12 ലക്ഷം രൂപ പിഴ
മുംബൈ: സൂപ്പര്‍കിംഗ്‌സ് നായകന്‍ എം.എസ് ധോണിക്ക് മേല്‍ 12 ലക്ഷം രൂപ പിഴ ചുമത്തി. കുറഞ്ഞ ഓവര്‍ നിരക്കിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സീസണിലെ ആദ്യ വീഴ്ചയായതിനാല്‍ നടപടി പിഴയില്‍ മാത്രം ഒതുങ്ങി. ടൈംഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ 14.1 ഓവര്‍ പൂര്‍ത്തിയാക്കണം എന്നാണ് ഐപിഎല്‍ പതിനാലാം സീസണിലെ ചട്ടം പറയുന്നത്. മത്സരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 90 മിനുറ്റിനുള്ളില്‍ 20 ഓവര്‍ ക്വാട്ട പൂര്‍ത്തീകരിക്കണം.
ശിഖര്‍ ധവാന്‍-പൃഥ്വി ഷാ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയത്തുടക്കം നല്‍കിയത്. പവര്‍പ്ലേയില്‍ 65 റണ്‍സ് നേടിയ ഇരുവരും ഒന്നാം വിക്കറ്റിന് 138 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ശിഖര്‍ ധവാന് 54 പന്തില്‍ 85 റണ്‍സും പൃഥ്വി ഷാ 38 പന്തില്‍ 72 റണ്‍സുമെടുത്താണ് പുറത്തായത്. ഏഴാമനായി ബാറ്റിംഗിന് ഇറങ്ങിയ ധോണി നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി.










