ഡൽഹി എയിംസിൽ കൊവിഡ് വ്യാപനം

covid

ഡൽഹി എയിംസിൽ കൊവിഡ് വ്യാപനം. ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ പ്രതിസന്ധി രൂക്ഷമായി. എയിംസിലെ 20 ഡോക്ടർമാരും ആറ് മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടെ 32 ആരോഗ്യപ്രവർത്തകർക്ക് ഒഴാഴ്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിലെ മറ്റൊരു പ്രധാന ആശുപത്രിയായ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു.ഇതിൽ 32 പേർ നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിലാണ്. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടർമാർക്ക് കൊവിഡ് ബാധയേൽക്കുന്നത്. ഡോക്ടർമാർക്കെല്ലാം രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചിരുന്നു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഗംഗാറാം ആശുപത്രി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തി. പ്രതിദിന രോഗികൾ ഏഴായിരം കടന്ന ഡൽഹിയിൽ കഴിഞ്ഞ പത്തുദിവസം കൊണ്ട് രോഗ സ്ഥിരീകരണ നിരക്ക് 2.8 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായാണ് കുതിച്ചുയർന്നത്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ഡൽഹി സർക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വീണ്ടും കൊവിഡ് ആശുപത്രിയാക്കി മാറ്റി. മറ്റ് ആരോഗ്യസേവനങ്ങൾ താത്കാലികമായി നിറുത്തി. ഡൽഹിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.