National (Page 85)

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ള പാർട്ടി നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചുവെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഇതിനുള്ള കാരണവും ധനമന്ത്രി വെളിപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ അതേക്കുറിച്ച് പത്ത് ദിവസത്തോളം ചിന്തിച്ചുവെന്നും അതിന് ശേഷമാണ് നിരസിച്ചതെന്നും മന്ത്രി അറിയിച്ചു.

ആന്ധ്രപ്രദേശിലെയോ തമിഴ്നാട്ടിലേയോ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നാണ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ആവശ്യപ്പെട്ടത്. എന്നാൽ തന്റെ കൈവശം അതിനുള്ള പണമില്ലാത്തതിനാലാണ് നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചതെന്നും നിർമല സീതാരാമൻ പറഞ്ഞു. ആന്ധ്രപ്രദേശിൽ മത്സരിക്കണോ അതോ തമിഴ്നാട്ടിൽ മത്സരിക്കണോ എന്നതും തനിക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. തന്റെ തീരുമാനത്തെ പാർട്ടി നേതൃത്വം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യയുടെ ധനമന്ത്രിയുടെ കയ്യിൽ പണമില്ലെന്നാണോ പറയുന്നതെന്ന് ചോദ്യത്തിനും നിർമ്മലാ സീതാരാമൻ മറുപടി നൽകി. രാജ്യത്തിന്റെ പണം ഇന്ത്യയുടെ ജനങ്ങളുടെ സ്വത്താണെന്നും അതിൽ തനിക്ക് ഒരു അവകാശവും ഇല്ലെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. തന്റെ സ്വത്ത് സമ്പാദ്യം എന്നിവ മാത്രമാണ് തനിക്ക് അവകാശപ്പെട്ടത്. അല്ലാതെ രാജ്യത്തിന്റെ പൊതുസ്വത്തിൽ മന്ത്രിക്ക് ഒരു അവകാശവുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാരായ നിരവധി രാജ്യസഭാ അംഗങ്ങൾ മത്സരിക്കുന്നുണ്ട്. അവർക്കായി പ്രചാരണത്തിൽ പങ്കെടുക്കുമെന്നും അതിലാണ് ഇപ്പോൾ ശ്രദ്ധയെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ആംആദ്മി നേതാക്കൾക്ക് മറുപടിയുമായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി സക്സേന. അരവിന്ദ് കെജ്രിവാളിനെ ജയിലിനുള്ളിൽ നിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് ഡൽഹിയുടെ ഭരണം തുടരുമെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജയിലിനുള്ളിൽവെച്ച് സർക്കാർ പ്രവർത്തിക്കില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പുനൽകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 21-നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. മാർച്ച് 28 വരെ കോടതി കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള ആരോപണങ്ങളിൽ ചോദ്യംചെയ്യലിനായാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ തുടരവേ കെജ്രിവാൾ ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ച നിർദേശം നൽകിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അത് കെട്ടടങ്ങുംമുമ്പ് തന്നെ കെജ്രിവാൾ അടുത്ത ഉത്തരവും പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ജയിലിനുള്ളിൽനിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ലഫ്റ്റനന്റ് ഗവർണർ രംഗത്തെത്തിയിരിക്കുന്നത്.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ പണം ആർക്ക് ലഭിച്ചെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ സുനിതയ്ക്ക് നൽകിയ സന്ദേശത്തിലൂടെയാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്.

നാളെ വിചാരണക്കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്ന അഴിമതി കഥയുടെ സത്യം വെളിപ്പെടുത്തും, പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് കെജ്രിവാൾ ഭാര്യ സുനിതക്ക് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ശരീരം മാത്രമാണ് തടവിലായിരിക്കുന്നത്. ആത്മാവ് ഇപ്പോഴും എല്ലാവർക്കുമൊപ്പമാണ്. കണ്ണടച്ചാൽ മതി തന്നെ തൊട്ടരികിൽ അനുഭവിക്കാമെന്നും കെജ്രിവാൾ സന്ദേശത്തിൽ പറയുന്നു.

നാളെ കെജ്രിവാളിനെ വിചാരണ കോടതിയിൽ ഹാജരാക്കാനാരിക്കുകയാണ്. അതേസമയം, ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി 250 റെയ്ഡുകളാണ് ഇതുവരെ നടത്തിയത്. ഒരു രൂപ പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ന്യൂഡൽഹി: ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ദക്ഷിണ ചൈന കടലിൽ ചൈന തുടരുന്ന നടപടികൾക്കെതിരെ ഫിലിപ്പീൻസ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിലിപ്പീൻസിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചത്.

ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി എന്റിക് മനാലോയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം ഇന്ത്യയുടെ നിലപാട് അറിയിച്ചത്. അടുത്തിടെയായി ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ സുരക്ഷാപ്രതിരോധ മേഖലകളിൽ സഹകരണം വർധിച്ചിരുന്നു. ഫിലിപ്പീൻസ് ആയിരുന്നു ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ഉപഭോക്താവ്. ദേശീയ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനുള്ള ഫിലിപ്പീൻസിന്റെ ശ്രമങ്ങൾക്കുള്ള പിന്തുണ ഊട്ടിയുറപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു.

സമുദ്ര നിയമങ്ങളെ കുറിച്ചുള്ള യുഎൻ ഉടമ്പടി പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു. യു എൻ സമുദ്ര നിയമങ്ങളെ ജയശങ്കർ സമുദ്ര ഭരണഘടന എന്നാണ് വിശേഷിപ്പിച്ചത്.

ഫിലിപ്പീൻസിന്റെ നിയമാനുസൃത സമുദ്ര പ്രവർത്തനങ്ങൾക്കെതിരെ ചൈന നടത്തുന്ന അപകടകരമായ പ്രവർത്തനങ്ങളെ യുഎസും അപലപിച്ചിരുന്നു. ഇതിനിടെ ഇന്ത്യയുടെ നിലപാടിൽ ചൈന അതൃപ്തി രേഖപ്പെടുത്തി. രണ്ട് രാജ്യങ്ങൾക്കിടയിലുള്ള സമുദ്ര അതിർത്തി പ്രശ്നങ്ങളിൽ മൂന്നാമതൊരു രാജ്യത്തിന് ഇടപെടാനുള്ള അധികാരം ഇല്ലെന്നായിരുന്നു ചൈനീസ് വക്താവ് ലിൻ ജിയാൻ അറിയിച്ചത്.

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന് വിട്ടുകൊടുക്കാനും കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക സായുധ സേന നിയമം പിൻവലിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്തംബറിന് മുൻപായി ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ജെ കെ മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൈനികരെ പിൻവലിച്ച് ക്രമസമാധാനം ജമ്മു കാശ്മീർ പൊലീസിന് നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. മുൻപ് ജമ്മു കാശ്മീരിലെ പൊലീസിനെ വിശ്വാസമില്ലായിരുന്നു. എന്നാൽ ഇന്ന് അവർ നിരവധി സൈനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ നിയമം പിൻവലിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്‌സ്പ. ക്രമസമാധാനപാലനത്തിന് ആവശ്യമെന്ന് തോന്നിയാൽ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം സൈന്യത്തിന് നൽകുന്നതാണ് നിയമം. ജമ്മു കാശ്മീരിൽ ഈ നിയമം പ്രാബല്യത്തിൽ ഉണ്ടെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70 ശതമാനം പ്രദേശങ്ങളിലും അഫ്‌സ്പ റദ്ദാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കാശ്മീരിൽ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്. അത് നടപ്പാക്കും. മൂന്ന് കുടുംബങ്ങളുടെ ഉള്ളിൽ മാത്രമായി ഒതുങ്ങുന്നില്ല. അത് ജനകീയ ജനാധിപത്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടി താപ്സി പന്നു വിവാഹിതയായി. ബാഡ്മിന്റൺ താരം മാതിയസ് ബോയാണ് താപ്സി പന്നുവിന്റെ വരൻ. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ഡാനിഷ് ബാഡ്മിന്റൺ കോച്ച് ആണ് മതിയസ് ബോ. 10 വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ബോളിവുഡിലെ തന്റെ ആദ്യചിത്രം ചഷ്മേ ബദൂർ ചെയ്ത വർഷമാണ് താൻ മത്യാസിനെ കണ്ടുമുട്ടിയതെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ന്യൂഡൽഹി: കേരളം ചൊവ്വാഴ്ച കടപ്പത്ര ലേലത്തിലൂടെ 4,866 കോടി രൂപ കടമെടുക്കും. ഈ സാമ്പത്തിക വർഷത്തിലെ അവസാന കടമെടുപ്പ് ദിവസമാണ് ഇന്ന്. സുപ്രീം കോടതി വിധി അനുകൂലമായാലും ഈ സാമ്പത്തിക വർഷം അധിക കടമെടുക്കാൻ കേരളത്തിന് കഴിയില്ലെന്നാണ് റിപ്പോർട്ട്.

60,032.49 കോടി രൂപയാണ് സാമ്പത്തിക വർഷത്തിലെ അവസാന കടമെടുപ്പ് ദിവസത്തിൽ സംസ്ഥാനങ്ങൾ കടമെടുപ്പിലൂടെ സമാഹരിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ ആണ് ഇന്ന് ഏറ്റവും അധികം തുക കടമെടുക്കുന്നത് 10,500 കോടി രൂപയാണ് ഉത്തർപ്രദേശ് കടമെടുക്കുന്നത്. മഹാരാഷ്ട്ര സർക്കാർ 8,000 കോടി രൂപ കടമെടുക്കും.

4866 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേരളത്തിന് കേന്ദ്രം നൽകിയിരിക്കുന്നത് വൈദ്യുതി മേഖലയിലെ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്. ഈ സാമ്പത്തിക വർഷം 10000 കോടി അധിക കടമെടുക്കാനുള്ള അനുമതി തേടി കേരളം നൽകിയ ഹർജിയിൽ വാദം പൂർത്തിയായെങ്കിലും ഇതുവരെ വിധി വന്നിട്ടില്ല. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ഇനി അനുകൂല വിധി ഉണ്ടായാലും ഈ സാമ്പത്തിക വർഷം കേരളത്തിന് കടമെടുക്കാൻ സാധിക്കില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്കെതിരെ വെളിപ്പെടുത്തലുമായി ഖലിസ്ഥാനി ഭീകരനും സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനുമായ ഗുർപത്വന്ത് സിംഗ് പന്നൂ. തെരഞ്ഞെടുപ്പ് ഫണ്ടെന്ന പേരിൽ ഖലിസ്ഥാനി ഗ്രൂപ്പുകൾ ആം ആദ്മി പാർട്ടിക്ക് 16 മില്യൺ യുഎസ് ഡോളർ നൽകിയെന്ന് പന്നുവിന്റെ വെളിപ്പെടുത്തൽ.

ഖലിസ്ഥാനി ഭീകരൻ പ്രൊഫസർ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ ഡൽഹിയിൽ സർക്കാർ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ വിട്ടയക്കാമെന്ന് കെജ്രിവാൾ പറഞ്ഞിരുന്നുവെന്നും ഗുർപത്വന്ത് സിംഗ് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 2014-ൽ ന്യൂയോർക്കിലെ ഗുരുദ്വാര റിച്ച്മണ്ട് ഹിൽസിൽ വെച്ച് ഖലിസ്ഥാൻ അനുകൂല സിഖുകാരുമായി കൂടിക്കാഴ്ച നടത്തിയതായി അവകാശപ്പെടുന്ന ഒരു വീഡിയോയും ഗുർപത്വന്ത് സിംഗ് പുറത്തുവിട്ടിട്ടുണ്ട്.

സത്യസന്ധരായ ഇന്ത്യൻ ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്ന അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ കൂട്ടാളികളും സത്യസന്ധരായ ഇന്ത്യൻ ഹിന്ദുക്കളേക്കാൾ അപകടകാരികളാണ്. 2014ൽ മുഖ്യമന്ത്രി പദവി ഇല്ലാതിരുന്ന സമയത്ത് കെജ്രിവാൾ യുഎസിൽ വന്നു. സർക്കാർ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ പ്രൊഫസർ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ മോചിപ്പിക്കുമെന്ന് ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾക്ക് വാഗ്ദാനം നൽകി. എന്നാൽ അയാളെ വിശ്വസിക്കരുതെന്ന് തങ്ങൾ അവരോട് പറഞ്ഞു. ഇപ്പോൾ അയാൾ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷമായി. 2014 മുതൽ ഖലിസ്ഥാൻ അനുകൂല സംഘടനകൾ ഗവൺമെന്റ് രൂപീകരിക്കുന്നതിനായി എഎപിക്ക് 14 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകിയിട്ടുണ്ടെന്നും പന്നൂൻ വ്യക്തമാക്കി.

2022ലെ തെരഞ്ഞെടുപ്പിലും എ എ പി ഖലിസ്ഥാൻ ഫണ്ട് ഉപയോഗിച്ചു. യുഎസ്എ, കാനഡ, യുകെ, ഇയു, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഖലിസ്ഥാൻ അനുകൂല സിഖുകാർ എഎപിക്ക് വൻതോതിൽ ധനസഹായവും പിന്തുണയും നൽകിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ കൂട്ടിച്ചേർത്തു.

ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരെ വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. നാല് വിക്കറ്റിനാണ് ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി 49 പന്തിൽ 11 ഫോറും രണ്ട് സിക്സും സഹിതം 77 റൺസ് വിരാട് കോഹ്ലി നേടി.

അതേസമയം, പഞ്ചാബ് കിംഗ്സിന് വേണ്ടി കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പഞ്ചാബ് കിംഗ്‌സാണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് പഞ്ചാബ് കിംഗ്‌സ് നേടി. ക്യാപ്റ്റൻ ശിഖർ ധവാൻ 45(37), പ്രഭ്സിമ്രാൻ 25(17), ലിയാം ലിവിംഗ്സ്റ്റൺ 17(13), സാം കറൻ (23(17) ജിതേഷ് ശർമ്മ 27(20), ശശാങ്ക് സിംഗ് 21*(8) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോർ നേടിയത്.

ആർസിബിക്ക് വേണ്ടി മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ യാഷ് ധയാൽ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 10 പന്തിൽ 28 റൺസ് നേടി പുറത്താകാതെ നിന്ന ദിനേശ് കാർത്തിക് ഫിനിഷിംഗ് മികവിലൂടെ ടീമിനെ വിജയതീരത്ത് എത്തിച്ചു. എട്ട് പന്തിൽ 17 റൺസ് നേടി പുറത്താകാതെ നിന്ന ഇംപാക്ട് സബ് മഹിപാൽ ലോംറോറും റോയൽ ചലഞ്ചേവ്‌സ് ബംഗളൂരുവിനെ വിജയത്തിലെത്തിച്ചു.

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന ഹർജിയിലാണ് അരവിന്ദ് കെജ്രിവാളിന് തിരിച്ചടി നേരിടേണ്ടി വന്നത്.

ഇഡിയുടെ റിമാൻഡിനെതിരായ തന്റെ ഹർജിയിൽ, ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്ച രാവിലെയോ അതായത് മാർച്ച് 24 ന് നേരത്തെ വാദം കേൾക്കണമെന്നായിരുന്നു കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നത്. കെജ്രിവാളിന്റെ ഹർജി ഹോളി അവധിക്ക് ശേഷം അതായത് മാർച്ച് 27 ന് കോടതി തുറന്നതിന് ശേഷം പരിഗണിക്കാനാണ് സാധ്യത.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഹൈക്കോടതിയിൽ ഹോളി അവധിയുണ്ട്. തന്റെ അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും കസ്റ്റഡിയിൽ നിന്ന് ഉടൻ മോചിപ്പിക്കാൻ തനിക്ക് അർഹതയുണ്ടെന്നും കെജ്രിവാൾ തന്റെ ഹർജിയിൽ വാദിച്ചിരുന്നു. തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നുവെന്നായിരുന്നു കെജ്രിവാൾ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.