ജമ്മു കശ്മീരിന്റെ പ്രത്യേക സായുധ സേന നിയമം പിൻവലിക്കുന്നത് പരിഗണിക്കും; അമിത് ഷാ

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന് വിട്ടുകൊടുക്കാനും കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക സായുധ സേന നിയമം പിൻവലിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്തംബറിന് മുൻപായി ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ജെ കെ മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൈനികരെ പിൻവലിച്ച് ക്രമസമാധാനം ജമ്മു കാശ്മീർ പൊലീസിന് നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. മുൻപ് ജമ്മു കാശ്മീരിലെ പൊലീസിനെ വിശ്വാസമില്ലായിരുന്നു. എന്നാൽ ഇന്ന് അവർ നിരവധി സൈനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്ന അഫ്സ്പ നിയമം പിൻവലിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്‌സ്പ. ക്രമസമാധാനപാലനത്തിന് ആവശ്യമെന്ന് തോന്നിയാൽ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരം സൈന്യത്തിന് നൽകുന്നതാണ് നിയമം. ജമ്മു കാശ്മീരിൽ ഈ നിയമം പ്രാബല്യത്തിൽ ഉണ്ടെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70 ശതമാനം പ്രദേശങ്ങളിലും അഫ്‌സ്പ റദ്ദാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കാശ്മീരിൽ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്. അത് നടപ്പാക്കും. മൂന്ന് കുടുംബങ്ങളുടെ ഉള്ളിൽ മാത്രമായി ഒതുങ്ങുന്നില്ല. അത് ജനകീയ ജനാധിപത്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.