ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന ഹർജിയിലാണ് അരവിന്ദ് കെജ്രിവാളിന് തിരിച്ചടി നേരിടേണ്ടി വന്നത്.
ഇഡിയുടെ റിമാൻഡിനെതിരായ തന്റെ ഹർജിയിൽ, ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്ച രാവിലെയോ അതായത് മാർച്ച് 24 ന് നേരത്തെ വാദം കേൾക്കണമെന്നായിരുന്നു കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നത്. കെജ്രിവാളിന്റെ ഹർജി ഹോളി അവധിക്ക് ശേഷം അതായത് മാർച്ച് 27 ന് കോടതി തുറന്നതിന് ശേഷം പരിഗണിക്കാനാണ് സാധ്യത.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഹൈക്കോടതിയിൽ ഹോളി അവധിയുണ്ട്. തന്റെ അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും കസ്റ്റഡിയിൽ നിന്ന് ഉടൻ മോചിപ്പിക്കാൻ തനിക്ക് അർഹതയുണ്ടെന്നും കെജ്രിവാൾ തന്റെ ഹർജിയിൽ വാദിച്ചിരുന്നു. തന്റെ ജീവിതം നാടിന് സമർപ്പിക്കുന്നുവെന്നായിരുന്നു കെജ്രിവാൾ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.

