മദ്യനയ അഴിമതിക്കേസ്; പണം ആർക്ക് ലഭിച്ചെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് കെജ്രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ പണം ആർക്ക് ലഭിച്ചെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ സുനിതയ്ക്ക് നൽകിയ സന്ദേശത്തിലൂടെയാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്.

നാളെ വിചാരണക്കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്ന അഴിമതി കഥയുടെ സത്യം വെളിപ്പെടുത്തും, പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് കെജ്രിവാൾ ഭാര്യ സുനിതക്ക് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ശരീരം മാത്രമാണ് തടവിലായിരിക്കുന്നത്. ആത്മാവ് ഇപ്പോഴും എല്ലാവർക്കുമൊപ്പമാണ്. കണ്ണടച്ചാൽ മതി തന്നെ തൊട്ടരികിൽ അനുഭവിക്കാമെന്നും കെജ്രിവാൾ സന്ദേശത്തിൽ പറയുന്നു.

നാളെ കെജ്രിവാളിനെ വിചാരണ കോടതിയിൽ ഹാജരാക്കാനാരിക്കുകയാണ്. അതേസമയം, ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി 250 റെയ്ഡുകളാണ് ഇതുവരെ നടത്തിയത്. ഒരു രൂപ പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.