കോവിഡ് രൂക്ഷമായത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമില്ലായ്മ കാരണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമില്ലായ്മയാണ് കോവിഡ് രൂക്ഷമായതിന് കാരണമെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടതാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ലംഘിച്ചപ്പോള്‍ കമ്മിഷന്‍ ഇടപെട്ടില്ലെന്നും ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവര്‍് അടങ്ങുന്ന ബെഞ്ച് വിലയിരുത്തി.
മേയ് രണ്ടിന് ഫലപ്രഖ്യാപനം നടക്കുമ്പോള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കണം. അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പൊതുജനാരോഗ്യം വളരെയധികം പ്രാധാന്യമുള്ളതാണ്. ഒരു ഭരണഘടനാ സ്ഥാപനത്തെ ഇക്കാര്യം ഓര്‍മപ്പെടുത്തേണ്ടി വരുന്നുവെന്നത് ദുഃഖകരമാണെന്നും ഹൈക്കോടതി ബെഞ്ച് കുറ്റപ്പെടുത്തി.