ഇന്ത്യയിലെ നിലവിലെ അവസ്ഥ ഹൃദയം തകര്‍ക്കുന്നതാണെന്ന് ലോകാരോഗ്യസംഘടന തലവന്‍

കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചുവീഴുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവഗുരുതരമാണെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗബ്രീയേസസ്. ഇന്ത്യയിലെ നിലവിലെ അവസ്ഥ ഹൃദയം തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പലരാജ്യങ്ങളിലും കോവിഡ് വ്യാപനം കുറയുന്നുവെന്നത് സന്തോഷം പകരുന്നു. എന്നാല്‍ ചില രാജ്യങ്ങളിലത് അതിരൂക്ഷമാണ്. ഇന്ത്യയിലേത് ഹൃദയഭേദകമായ സാഹചര്യമാണ്,’- ടെഡ്രോസ് പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യക്ക് ഓക്സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പല ആശുപത്രികളിലും ഓക്‌സിജന്‍ വിതരണം നിലച്ചതുകൊണ്ട് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. മരിച്ചവരെ സംസ്കരിക്കാന്‍ പോലും ഇടമില്ലാതെ ആയിരിക്കുന്നു. ഓക്സിജന്‍ ലഭിക്കാതെ നിരവധിപേരാണ് രാജ്യത്ത് മരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം മൂന്നരലക്ഷം പിന്നിട്ടിരിക്കുകയാണ്. മരണവും കൂടുന്നു. മെയ് പകുതി വരെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവാത്തവിധം കൂടിക്കൊണ്ടിരിക്കുമെന്നാണ് വിദഗ്‍ധര്‍ പറയുന്നത്.