കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള വേരിയബിൾ ഡിഎ വർദ്ധിപ്പിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം.2021 ഏപ്രിൽ 1 മുതൽ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധനവ് വരുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ മിനിമം വേതനത്തിൽ വർദ്ധനവുണ്ടാക്കാനും തീരുമാനം വഴിവെക്കും. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റയിൽവേ, ഖനനം, ഓയിൽ ഫീൽഡ്, പ്രധാന തുറമുഖങ്ങൾ, കോർപ്പറേഷൻ എന്നിവയിലെ ജീവനക്കാർക്ക് എല്ലാം വർദ്ധനവ് ഉണ്ടാകും.
കരാർ അടിസ്ഥാനത്തിലും, താൽക്കാലികമായും ജോലി ചെയ്യുന്ന ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. മാസം 105 രൂപ മുതൽ 205 രൂപയുടെ വർദ്ധനവാണ് പുതിയ ഉത്തരവ് പ്രകാരം വേരിയബിൾ ഡിഎ യിൽ ഉണ്ടാവുക. രാജ്യത്തെ 1.5 കോടിയോളം ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. കോവിഡ് രണ്ടാം തരംഗത്തിൽ പ്രയാസത്തിൽ ആയിരിക്കുന്ന കേന്ദ്ര സർക്കാരിന് കീഴിലുള്ള വ്യത്യസ്ഥ ഷെഡ്യൂൾ എംപ്ലോയ്മെന്റിൽ ഉൾപ്പെട്ട ജീവനക്കാർക്ക് തീരുമാനം വലിയ ആശ്വാസമാകും എന്നും മന്ത്രാലയം പറഞ്ഞു.”രാജ്യം കോവിഡ് മഹാമാരിയ നേരിടുന്നതിനിടെയാണ് തൊഴിലാളികൾക്ക് ആശ്വാസമായി ഇത്തരം ഒരു വർദ്ധനവ് പ്രഖ്യാപിക്കുന്നത്. 1.5 കോടി ആളുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും”. കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ്വാർ പറഞ്ഞു.
ചീഫ് ലേബർ കമ്മീഷണർ വിഭാഗത്തിലെ ഇൻസ്പെക്ടിംഗ് ഓഫീസറാണ് കേന്ദ്രത്തിന് കീഴിൽ മിനിമം വേജ് ആക്ട് നടപ്പാക്കുന്നത്. രാജ്യത്ത് ഉടനീളമുള്ള ഷെഡ്യൂൾഡ് തൊഴിലാളികൾക്ക് ആവശ്യമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇത് വഴി ചെയ്യുന്നത്.വ്യവസായിക തൊഴിലാളികൾക്കായുള്ള ലേബർ ബ്യൂറോയുടെ ഉപഭോക്തൃ- വില സൂചികയുടെ (CPI-IW) ശരാശരിയുടെ അടിസ്ഥാനത്തിലാണ് വേരിയബിൾ ഡിഎ യിൽ മാറ്റം വരുത്തുന്നത്. ജൂലൈ 2020 മുതൽ ഡിസംബർ 2020 വരെയുള്ള ഉപഭോക്തൃ- വില സൂചിക അടിസ്ഥാനമാക്കിയാണ് നിലവിൽ ഡിഎ യിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്.
1948 ലെ മിനിമം വേതന ആക്ടിൽ ഉൾപ്പെട്ടവർക്ക് നൽകുന്ന ഒന്നാണ് വേരിയബിൾ ഡിഎ. നിലവിൽ 40 തരം ഷെഡ്യൂൾഡ് ജോലികളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന് കീഴിലെ സ്ഥിരം ജീവക്കാർക്ക് നൽകുന്നതാണ് ഡിഎ. സൈന്യം, റയിൽവേ എന്നിവയിലെ ജീവനക്കാർക്ക് ഡിഎ നൽകുന്നു.

