കോവാക്‌സിനെടുത്തവര്‍ക്ക് യാത്രാവിലക്ക് : ആശങ്ക തള്ളി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്ക തള്ളി കേന്ദ്രസര്‍ക്കാര്‍. മികച്ച വാക്‌സിനുകളിലൊന്നാണ് കോവാക്‌സിനെന്നും ഇത് കുത്തിവച്ചവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ യാത്രാവിലക്കേര്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചില്ലെന്നും കേന്ദ്രമന്ത്രി പ്രകാഷ് ജാവദേക്കര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തരോപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍ കോവാക്‌സിന്‍ ഇടം നേടിയിട്ടില്ലാത്തതും ഒമ്പതുരാജ്യങ്ങള്‍മാത്രമാണ് കോവാക്‌സിന് അംഗീകാരം നല്‍കിയിട്ടുള്ളതും ചൂണ്ടിക്കാട്ടിയാണ് ചില മാധ്യമങ്ങള്‍ യാത്രാവിലക്കുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചത്. വാക്‌സിനുമായി ബന്ധപ്പെട്ട് ഭാരത് ബയോടെകില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് 130 രാജ്യങ്ങള്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.