National (Page 48)

ന്യൂഡൽഹി: കഴിഞ്ഞ ദിവസം റിയാസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അമിത് ഷാ. ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളോട് അദ്ദേഹം അനുശോചനം അറിയിച്ചു. ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും, കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ അതീവ ദു:ഖമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് ഗവർണറുമായും ജമ്മു കശ്മീർ ഡിജിപിയുമായും സംസാരിച്ചു. ക്രൂരമായ ആക്രമണം നടത്തിയവരെ ഒരു കാരണവശാലും വെറുതെ വിടില്ല. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിക്കേറ്റവർക്ക് അടിയന്തര സഹായങ്ങൾ നൽകാൻ പ്രാദേശിക ഭരണകൂടം യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

റിയാസിയിലെ ശിവ്ഖോരിയിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഒൻപതോളം പേരാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

ന്യൂഡൽഹി: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മൂന്നാം തവണയാണ് നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്‌നാഥ് സിങ് ആണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമത് അമിത് ഷായും നാലാമത് ജെ പി നദ്ദയും അഞ്ചാമത് നിതിൻ ഗഡ്കരിയും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ബോളിവുഡ് സിനിമാ താരങ്ങളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുന്നുണ്ട്. ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനിൽ കുമാർ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

നിർമ്മലാ സീതാരാമൻ, പീയുഷ് ഗോയൽ, എച്ച് ഡി കുമാരസ്വാമി, പ്രൾഹാദ് ജോഷി, മനോഹർ ലാൽ ഖട്ടാർ, എസ് ജയശങ്കർ, സർബാനന്ദ സെനോവാൾ, ജുവൽ ഓറം തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.

ഭുവനേശ്വർ: സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് നവീൻ പട്നായിക്കിന്റെ അടുത്ത അനുയായി വി കെ പാണ്ഡ്യൻ. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഒഡിഷയിൽ ബിജു ജനതാദൾ തകർന്നടിഞ്ഞതിനു പിന്നാലെയാണ് രാജി. സിവിൽ സർവീസിൽ നിന്നും രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ വി കെ പാണ്ഡ്യനെ പിൻഗാമിയാക്കാനുള്ള നവീൻ പട്നായിക്കിന്റെ തീരുമാനമാണ് ബിജെഡിക്ക് വലിയ തിരിച്ചടി നേരിട്ടതിനു പിന്നിലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡ്യൻ സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുമെന്ന തീരുമാനം പ്രഖ്യാപിച്ചത്.

തന്റെ ഗുരുവാണ് നവീൻ പട്നായിക്കെന്നും ഇത്രയും കാലം പ്രവർത്തിച്ചത് ഒഡിഷയിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണെന്നും പാണ്ഡ്യൻ പറഞ്ഞു. തന്റെ ഏകലക്ഷ്യം നവീൻ പട്നായിക്കിനെ സഹായിക്കുക എന്നതു മാത്രമായിരുന്നു. ഏതൊരാളും ആഗ്രഹിക്കുന്നതുപോലെ, എന്റെ ഗുരുവിനെ സഹായിക്കുക എന്നതായിരുന്നു ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, മറ്റു ചിലർ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ അഴിച്ചുവിട്ടു. തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാൻ സാധിച്ചില്ല. ഒരു പ്രത്യേക പദവി ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത്. തനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത് മാത്രമാണുള്ളത്. സ്വന്തമായി ഒന്നും സമ്പാദിച്ചിട്ടില്ല. താൻ മൂലം പാർട്ടിക്കും പ്രവർത്തകർക്കുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ബംഗ്ലാദേശിലെ മോംഗ്ല തുറമുഖം ഏറ്റെടുക്കാനുള്ള നീക്കവുമായി ഇന്ത്യ. തുറമുഖത്തിന്റെ നടത്തിപ്പിനും വികസനത്തിനും പങ്കാളിയാകാനുള്ള താത്പര്യം ഇന്ത്യ ഔദ്യോഗികമായി ബംഗ്ലാദേശ് അധികൃതരെ അറിയിച്ചു. ഇറാനിലെ ചബഹാർ തുറമുഖം ഏറ്റെടുത്തതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നീക്കങ്ങൾ നടത്തുന്നത്.

അതേസമയം, നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തുന്നുണ്ട്. ഇതിനിടെയാണ് ഈ വിഷയം വീണ്ടും ചർച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് ഹസീന നടത്തുന്ന കൂടിക്കാഴ്ച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് വിവരം.

ദൗത്യം വിജയിച്ചാൽ ഇറാനിലെ ചബഹാർ തുറമുഖത്തിനും മ്യാൻമറിലെ സിറ്റ്വെയ്ക്കും ശേഷം ഇന്ത്യ ഏറ്റെടുക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖമായിരിക്കും ഇത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ നിയന്ത്രണം ലക്ഷ്യമിട്ട് മോംഗ്ല സ്വന്തമാക്കാൻ കാലങ്ങളായി ചൈന ശ്രമംനടത്തുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായിട്ടില്ല.

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ മന്ത്രിയാകുമെന്ന് റിപ്പോർട്ട്. വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്ത മന്ത്രിമാർക്കായി നിയുക്ത പ്രധാനമന്ത്രി നടത്തുന്ന ചായസൽക്കാരത്തിൽ പങ്കെടുക്കുന്നവരിൽ അണ്ണാമലൈയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും അണ്ണാമലൈ പരാജയപ്പെട്ടിരുന്നു. ഡിഎംകെയുടെ മുൻമേയർ ഗണപതി രാജ്കുമാറിനോട് 1,18,068 വോട്ടുകൾക്കാണ് അണ്ണാമലൈ പരാജയപ്പെട്ടത്.

അതിനാൽ അണ്ണാമലൈ കേന്ദ്രമന്ത്രി ആവുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തു നിന്ന് മത്സരിച്ച് അദ്ദേഹത്തിന് രാജ്യസഭാംഗമാകേണ്ടിവരും. ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ, പ്രൾഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാൻ, എൽജെപി നേതാവ് ചിരാഗ് പസ്വാൻ, ജെഡിഎസ് നേതാവ് കുമാരസ്വാമി എന്നിവർക്ക് കേന്ദ്രമന്ത്രിസ്ഥാനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചു.

ഇന്ന് വൈകിട്ട് 7.15നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, ‘വികസിത് ഭാരത്’ അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിൽ നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.

സത്യപ്രതിജ്ഞ ചടങ്ങിനായി സുരേഷ് ഗോപി ഡൽഹിയിലേക്ക് തിരിച്ചു. നരേന്ദ്ര മോദി തീരുമാനിച്ചു, താൻ അനുസരിക്കുന്നു എന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്. വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയിലാണ് സുരേഷ് ഗോപി ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. ഏത് വകുപ്പാണ് സുരേഷ് ഗോപിയ്ക്ക് ലഭിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സുപ്രധാന വകുപ്പ് തന്നെയായിരിക്കും അദ്ദേഹത്തിന് ലഭിക്കുകയെന്നാണ് വിവരം.

അതേസമയം, അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗും, പ്രൾഹാദ് ജോഷിയും മന്ത്രിസഭയിൽ ഉണ്ടായിരിക്കും. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും കേന്ദ്രമന്ത്രിയായേക്കും. ടിഡിപിയുടെ രണ്ട് മന്ത്രിമാരാകും പ്രധാനമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഒരു കേന്ദ്രമന്ത്രി പദവിയും സഹമന്ത്രി പദവിയുമായിരിക്കും ടിഡിപിക്ക് ഇപ്പോൾ ലഭിക്കുക. ശ്രീകാകുളം എംപി കിഞ്ചാരപ്പു റാം മോഹൻ നായിഡു കേന്ദ്രമന്ത്രിയാകും. ഡോ. പെമ്മസാനി ചന്ദ്രശേഖർക്കാണ് സഹമന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യതയുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മലയാള സൂപ്പർ താരം മോഹൻലാലിന് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മോഹൻലാലിനെ ക്ഷണിച്ചത് നരേന്ദ്ര മോദി നേരിട്ടാണെന്നാണ് വിവരം. എന്നാൽ ചടങ്ങിൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചെന്നാണെന്നാണ് സൂചന. വ്യക്തിപരമായ ചില അസൗകര്യം കാരണം എത്താൻ കഴിയില്ലെന്ന് മോഹൻലാൽ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

ഇന്ന് വൈകിട്ട് 7.15നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്‌സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, ‘വികസിത് ഭാരത്’ അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ചടങ്ങിന്റെ ഭാഗമായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

കൊൽക്കത്ത: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമോയെന്നതിൽ നിലപാട് വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു മമത ബാനർജിയുടെ പ്രതികരണം.

തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും പോകില്ലെന്നും നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് മമത മറുപടി നൽകി. ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി സർക്കാർ ഉണ്ടാക്കുമ്പോൾ ആശംസകൾ നേരാൻ തനിക്കാവില്ല. രാജ്യത്തിനാണ് തന്റെ ആശംസയെന്നും മമത വ്യക്തമാക്കി.

പാർട്ടിയെ ശക്തിപ്പെടുത്താൻ താൻ എംപിമാരോട് ആവശ്യപ്പെട്ടു. തങ്ങൾ നിങ്ങളുടെ പാർട്ടിയെ പിളർത്തില്ല, എന്നാൽ നിങ്ങളുടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിഭജനമുണ്ടാകും. നിങ്ങളുടെ പാർട്ടിയിലുള്ളവർ തൃപ്തരല്ലെന്ന മമത ബിജെപിക്ക് നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യാ മുന്നണി ഇന്ന് സർക്കാർ രൂപവത്കരണത്തിന് അവകാശമുന്നയിക്കില്ല. അതിനർഥം നാളെയങ്ങനെ ചെയ്യില്ല എന്നല്ല. രാജ്യത്തിന് മാറ്റം ആവശ്യമുണ്ട്. ഈ ജനവിധി മാറ്റത്തിനുള്ളതാണ്, മോദിക്കെതിരാണ്. അതുകൊണ്ട് മോദി പ്രധാനമന്ത്രിയാവാൻ പാടില്ലെന്നും മമത അഭിപ്രായപ്പെട്ടു.

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് രൺബീർ കപൂർ. അനിമൽ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ താരത്തിന്റെ സ്റ്റാർ വാല്യുവിൽ വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറലാകുന്നത്.

സ്വന്തം മകളുടെ പേര് താരം തോളത്ത് ടാറ്റു കുത്തിയിട്ടുണ്ട്. റാഹ എന്നാണ് തോളത്ത് താരം ടാറ്റു ചെയ്തിരിക്കുന്നത്.

താരത്തിന്റെ പുതിയ ഹെയർ സ്‌റ്റൈലാണ് ആരാധകരെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് താരത്തിന്റെ ഹെയർ സ്‌റ്റൈലിസ്റ്റായ ആലിം ഹക്കിമാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹോളിവുഡ് താരം റയാൻ ഗോസ്ലിനെ പോലെയുണ്ട് എന്നായിരുന്നു ചിലർ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്.

ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കി കോൺഗ്രസ് പ്രവർത്തകസമിതി യോഗം. ദിഗ് വിജയ് സിങ് ആണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാ നേതാക്കളും പ്രമേയത്തെ പിന്താങ്ങി. പ്രമേയത്തെ രാഹുൽ എതിർത്തില്ല.

ഇന്നു വൈകിട്ട് ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കും. ശേഷം ഈ നേതാവായിരിക്കും ലോക്‌സഭയിലെയും രാജ്യസഭയിലെയും നേതാക്കളെ തിരഞ്ഞെടുക്കുക. നിലവിൽ സോണിയ ഗാന്ധിയാണ് പാർലമെന്ററി പാർട്ടി നേതാവ്. ഭരണഘടനയെ സംരക്ഷിക്കാനായി ഇന്ത്യയിലെ മുഴുവൻ ജനങ്ങളും നടത്തിയ പോരാട്ടത്തെ ഇന്നു ചേർന്ന പ്രവർത്തക സമിതി യോഗം പ്രശംസിച്ചു.

തിരിച്ചുവരവിനായി കോൺഗ്രസിനെ പിന്തുണച്ചതിനും യോഗം നന്ദിയറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ജനാധിപത്യം സംരക്ഷിക്കാനും പാർട്ടി വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംവിധാനങ്ങൾ രൂപീകരിക്കുമെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഉടനടി സാമൂഹിക-സാമ്പത്തിക കണക്കെടുപ്പ് നടത്താനും രാജ്യത്തെ കർഷകരെയും യുവാക്കളെയും ബാധിക്കുന്ന സാമൂഹിക പ്രതിസന്ധികളിൽ തീരുമാനമുണ്ടാക്കാനും പാർട്ടി സമ്മർദ്ദം ചെലുത്തുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.