റിയാസി ഭീകരാക്രമണം; അക്രമികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം റിയാസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അമിത് ഷാ. ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളോട് അദ്ദേഹം അനുശോചനം അറിയിച്ചു. ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും, കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ അതീവ ദു:ഖമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ലഫ്റ്റനന്റ് ഗവർണറുമായും ജമ്മു കശ്മീർ ഡിജിപിയുമായും സംസാരിച്ചു. ക്രൂരമായ ആക്രമണം നടത്തിയവരെ ഒരു കാരണവശാലും വെറുതെ വിടില്ല. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിക്കേറ്റവർക്ക് അടിയന്തര സഹായങ്ങൾ നൽകാൻ പ്രാദേശിക ഭരണകൂടം യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

റിയാസിയിലെ ശിവ്ഖോരിയിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഒൻപതോളം പേരാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.