കെ അണ്ണാമലൈ കേന്ദ്രമന്ത്രിയായേക്കും; മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട്‌

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ മന്ത്രിയാകുമെന്ന് റിപ്പോർട്ട്. വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്ത മന്ത്രിമാർക്കായി നിയുക്ത പ്രധാനമന്ത്രി നടത്തുന്ന ചായസൽക്കാരത്തിൽ പങ്കെടുക്കുന്നവരിൽ അണ്ണാമലൈയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും അണ്ണാമലൈ പരാജയപ്പെട്ടിരുന്നു. ഡിഎംകെയുടെ മുൻമേയർ ഗണപതി രാജ്കുമാറിനോട് 1,18,068 വോട്ടുകൾക്കാണ് അണ്ണാമലൈ പരാജയപ്പെട്ടത്.

അതിനാൽ അണ്ണാമലൈ കേന്ദ്രമന്ത്രി ആവുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തു നിന്ന് മത്സരിച്ച് അദ്ദേഹത്തിന് രാജ്യസഭാംഗമാകേണ്ടിവരും. ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ, പ്രൾഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാൻ, എൽജെപി നേതാവ് ചിരാഗ് പസ്വാൻ, ജെഡിഎസ് നേതാവ് കുമാരസ്വാമി എന്നിവർക്ക് കേന്ദ്രമന്ത്രിസ്ഥാനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചു.

ഇന്ന് വൈകിട്ട് 7.15നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, ‘വികസിത് ഭാരത്’ അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.