കേരളം ഉരുകുന്നു; ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്‌

തിരുവനന്തപുരം: കേരളത്തില്‍ ചൂട് വര്‍ധിച്ചതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി സിഡബ്ല്യു ആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞര്‍. അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന തോതിലാണ്.

സംസ്ഥാനത്തിന്റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആവശ്യത്തിനുളള മഴ ലഭിച്ചില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് ഇനിയും താഴുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പാലക്കാട് ജില്ലയില്‍ രാത്രി താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്ന കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളെ ക്രിട്ടിക്കല്‍ മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജലം ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.