തിരുവനന്തപുരം: മലയാളം സർവകലാശാല വിസിയുടെ അധിക ചുമതല മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സാബു തോമസിന് നൽകി. മലയാളം സർവകലാശാലയിലെ താൽക്കാലിക വിസി നിയമനത്തിന് കഴിഞ്ഞ ദിവസം സർക്കാർ നൽകിയ മൂന്നംഗ പാനൽ ഗവർണർ തള്ളിയിരുന്നു. പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളാണ് സാബു തോമസ്.
വിസി നിയമനത്തിനായി സെർച് കമ്മിറ്റിയുമായി ഗവർണ്ണറും സർക്കാരും സ്വന്തം നിലയ്ക്ക് മുന്നോട്ടു പോയിരുന്നു. ഒക്ടോബർ മാസം രാജ്ഭവൻ പുതിയ വിസി നിയമനത്തിനായി സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ മറുപടി നൽകാതെ ഗവർണ്ണറെ മറികടക്കാനാണ് ശ്രമിച്ചത്. സർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാക്കി ഗവർണ്ണറുടെ അധികാരം കുറക്കുന്ന ബില്ലും സർക്കാർ പാസാക്കി.
ജനുവരി 18ന് ചാൻസലറുടെ നോമിനിയെ നൽകാനാവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. പുതിയ ബില്ലിനും ഗവർണ്ണർ അംഗീകാരം നൽകാത്ത കാര്യം ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ മറികടന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി തന്നെ മുൻകയ്യെടുത്താണ് നിയമനത്തിന് ശ്രമം ആരംഭിച്ചതെന്ന് വ്യക്തമാക്കുന്ന ഫയലുകൾ പുറത്തു വന്നിരുന്നു.

