തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന്റെ ഐശ്വര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തേക്കിൻകാട് മൈതാനിയിൽ സിപിഎം ജനകീയ പ്രതിരോധ ജാഥാ സ്വീകരണവേദിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ കറുത്ത തുണിയിൽ കല്ലുംകെട്ടി അക്രമത്തിന് തുനിഞ്ഞാൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കോൺഗ്രസിനും ബിജെപിയ്ക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് അദ്ദേഹം സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗം നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇപി ജയരാജൻ തൃശൂരിലെത്തിയത്. രാമനിലയത്തിൽ തങ്ങിയ അദ്ദേഹം വൈകിട്ടാണ് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിലെത്തിയത്. സിപിഎം നേതാക്കളാണ് അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചത്.

