Kerala (Page 2,119)

കോഴഞ്ചേരി :കോഴഞ്ചേരി പഞ്ചായത്തിലെ വെണ്ണപ്ര ശുദ്ധജല സംഭരണിയിലെ വെള്ളം കുടിച്ച കുട്ടികൾക്ക് വയറിളക്കം.1, 4, 5 വാർഡുകളിലെ 1500–ൽ അധികം കുടുംബങ്ങൾക്ക് വെള്ളം ലഭിച്ചിരുന്നത് ഈ സംഭരണിയിൽ നിന്നാണ്.അതേസമയം കുട്ടികൾക്ക് വയറിളക്കം ബാധിച്ചതോടെയാണു സംഭരണിക്ക് അകത്തേക്ക് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും നോട്ടം എത്തിയത്.ചെളിയുടെ കൂമ്പാരമായിരുന്നു അകം മുഴുവൻ. പതിറ്റാണ്ടുകളിലേറെയായി ഈ ജലസംഭരണ ശുചീകരിച്ചിട്ടെന്നു നാട്ടുകാർ പറയുന്നു.രണ്ടു ലോഡ് ചെളിയാണ് ജലസംഭരണിയിൽ നിന്ന് കോരിയെടുത്തു കളഞ്ഞത്. വർഷങ്ങളായി വൃത്തിയാക്കാതെ കിടന്നിരുന്ന ജലസംഭരണി ഇപ്പോഴെങ്കിലും ശുചീകരിച്ചതിലുള്ള ആശ്വാസത്തിലാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും. നദിയുടെ അടിത്തട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കയറ്റുമ്പോഴും പൈപ്പുകൾ പൊട്ടുമ്പോൾ കയറുന്നവയും വെള്ളത്തിനൊപ്പം എത്തി അടിഞ്ഞു കൂടിയതാണ് ഇത്രയും വലിയതോതിൽ ചെളി ഉണ്ടാകാൻ കാരണം.

ഈ ചെളി വെള്ളമായിരുന്നു കഴിഞ്ഞ കുറെ വർഷങ്ങളായി പ്രദേശത്തെ വീടുകളിൽ ശുദ്ധജലമായി ലഭിച്ചുകൊണ്ടിരുന്നത്. ജല അതോറിറ്റിയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളാണ് ഇത്രയധികം ചെളി സംഭരണിയിൽ അടിഞ്ഞു കൂടാൻ കാരണം. കൃത്യമായ ഇടവേളകളിൽ ജലസംഭരണി ശുചീകരിക്കാൻ ജല അതോറിറ്റി അധികൃതർ തയാറാകുന്നില്ല. മിക്ക ജലസംഭരണിയുടെയും അവസ്ഥ ഇതുതന്നെയാണ്. പലപ്പോഴും ഇവിടങ്ങളിൽ ജോലി ചെയ്യുന്നത് തുച്ഛമായ വേതനം ലഭിക്കുന്ന കരാർ ജീവനക്കാരാണ്.

ഇവരാകട്ടെ പമ്പ് തുറന്നു വിടുകയും അടയ്ക്കുകയും ചെയ്യുന്ന പ്രവൃത്തികൾ മാത്രമാണ് ചെയ്യുന്നത്. വെള്ളത്തിന്റെ ഗുണനിലവാരം പോലും അധികൃതർ പരിശോധിക്കാറില്ല. ഇവയൊക്കെ ചെയ്യണമെന്ന് നിയമമുണ്ടെങ്കിലും അതൊന്നും അധികൃതർ പാലിക്കാറില്ലെന്നു മാത്രം. പരാതി ഉയരുമ്പോൾ മാത്രം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി പരിശോധനയും മറ്റും നടത്താറുണ്ടെന്നതു അല്ലാതെ സ്ഥിരം പരിശോധനകൾ അപൂർവം.

ശുദ്ധീകരിക്കുന്നതിനുവേണ്ടി ഇടുന്ന ക്ലോറിനും മറ്റും വെള്ളത്തിന്റെ അളവും മറ്റും നോക്കിയല്ല ഇടുന്നത്, എല്ലാം തോന്നിയതു പോലെയാണ്. നാട്ടുകാർക്ക് സാംക്രമിക രോഗങ്ങളും മറ്റും പിടിപെടുമ്പോഴാണ് അന്വേഷണങ്ങളും ശുചീകരണങ്ങളുമൊക്കെ നടത്തുന്നത്. പഞ്ചായത്ത് അംഗം ബിജോ പി. മാത്യുവിന്റെ നേതൃത്വത്തിലാണ് ജലസംഭരണിയിലെ ചെളി മുഴുവൻ നീക്കം ചെയ്തത്. മൂന്നുമാസം കൂടുമ്പോഴെങ്കിലും ജലസംഭരണികൾ ശുചീകരിക്കുന്നതിന് ജലഅതോറിറ്റി അധികൃതർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ramesh chennithala

തിരുവനന്തപുരം: സ്പീക്കറെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ സ്പീക്കര്‍ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷം പറഞ്ഞു കൊണ്ടിരുന്ന ഓരോ കാര്യങ്ങളും ശരിയാണെന്ന് തെളിയുകയാണ് ഇതിലൂടെയെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെയാണ് ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥര് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ 5 മണികൂറിലേറെയാണ് ചോദ്യം ചെയ്യല്‍ നടന്നത്.

തിരുവനന്തപുരം: ബന്ധുനിയമനത്തിൽ ജലീലിന്റെ രാജി സംബന്ധിച്ച എ കെ ബാലന്റെ പ്രസ്തവാന പരിഹാസ്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിക്കും ജലീലിനും ചില രഹസ്യബന്ധങ്ങളുണ്ടെന്നും അതിനാലാണ് സീനിയര്‍ നേതാക്കളെ പോലും സംരക്ഷിക്കാത്ത രീതിയില്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

ജലീലിന്റെ രാജി സംബന്ധിച്ച ബാലന്റെ പ്രസ്താവന പരിഹാസ്യമാണ്. ഗവര്‍ണറും ഹൈക്കോടതിയും പരിശോധിക്കുന്നതു പോലെയല്ല ലോകായുക്ത പരിശോധന. ഇത് പൊതുജനത്തിന് അറിയാത്തതുകൊണ്ടാണ് സിപിഎം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കും ജലീലിനും ചില കാര്യങ്ങളില്‍ ബന്ധമുണ്ട്.

അതാണ് ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ മാത്രമല്ല സംസ്ഥാന അഴിമതി വിരുദ്ധ ഏജന്‍സികളേയും സിപിഎം തള്ളുകയാണ്. സ്വജന പക്ഷപാതം അഴിമതിയാണെന്നാണ് സിപിഎം നിലപാടാണെങ്കില്‍ അതിനെ ബാലന്‍ തള്ളുകയാണ് ചെയ്യുന്നത്. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് കെ.ടി.ജലീല്‍.

സിപിഎന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത പ്രിവിലേജാണ് മുഖ്യമന്ത്രി ജലീലിന് നല്‍കുന്നത്. ജലീലിനെ മുഖ്യമന്ത്രിക്ക് പേടിയാണ്. ജലീല്‍ കൂടി ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഇടപാട് പുറത്തു വരുമെന്ന് പേടിച്ചാണിത്. പണ്ട് കുഞ്ഞാലിക്കുട്ടിയുടെ രഹസ്യ സൂക്ഷിപ്പുകാരനായിരുന്നു ജലീല്‍. എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

തൃശൂര്‍: പൂരം വിളംബരത്തിന് തെക്കേഗോപുര നട തളളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി ഇത്തവണ എത്തുക കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ തലയെടുപ്പുളള ഉയരക്കേമന്‍ എറണാകുളം ശിവകുമാറാണ്. ഉയരംകൊണ്ടും തലയെടുപ്പുകൊണ്ടും കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ ഒന്നാമനായ ആനയാണ് ശിവകുമാര്‍.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നളളിപ്പില്‍ നിന്ന് വിലക്കി വനംവകുപ്പ് ഉത്തരവുളളതിനാലാണ് നെയ്തലക്കാവ് ദേവസ്വം ഇത്തവണ ശിവകുമാറിന് അവസരം നല്‍കിയത്. കേരളത്തിലെ നാടന്‍ ആനകളിലും മികച്ച ഉയരവും എഴുന്നളളിപ്പുകളില്‍ തലയെടുത്ത് നില്‍ക്കാനുളള കഴിവുമുളള ശിവകുമാറിന് പത്തടിയിലേറെ ഉയരമുണ്ട്. ഒറ്റകൊമ്പനാണ്.

പൂരം നാളില്‍ കണിമംഗലം ശാസ്താവിന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി പൂരത്തലേന്ന് തെക്കേ ഗോപുര നട നെയ്തലക്കാവ് ഭഗവതി തുറന്നിടുന്ന ചടങ്ങാണ് ശിവകുമാര്‍ നിര്‍വഹിക്കുക. ആദ്യകാലങ്ങളില്‍ അധികം അറിയപ്പെടാത്ത ചടങ്ങ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വന്നതോടെ വളരെയധികം ശ്രദ്ധയാകര്‍ഷിച്ചു. കൊച്ചിന്‍ ദേവസ്വത്തിന്റെ ആനകള്‍ തന്നെയായിരുന്നു ആദ്യകാലങ്ങളില്‍ ഈ ചടങ്ങിനുണ്ടായിരുന്നത്.

ഇത്തവണ കൊവിഡിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും പൂരം കേമമാക്കാനുളള ശ്രമത്തിലാണ് പൂരസമിതിയും അധികൃതരും. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ തൃശൂര്‍പൂരം ചടങ്ങ് മാത്രമായാണ് നടന്നത്.

തിരുവനന്തപുരം: പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന് എ.കെ ആന്റണിയുടെ മകന്‍ അനില്‍. കെ. ആന്റണി. സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി പാര്‍ട്ടി സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഇപ്പോഴത്തെ ദൗത്യമെന്നും കോണ്‍ഗ്രസുമായുള്ളത് വൈകാരിക ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കെ.പി.സി.സി രൂപീകരിച്ച ഐ.ടി സെല്ലിന്റെ നേതൃത്വം അനിലിനായിരുന്നു. പ്രവര്‍ത്തനം ഫലപ്രദമായില്ലെന്ന് കുറ്റപ്പെടുത്തിയും കളിയാക്കിയും കഴിഞ്ഞദിവസം സൈബര്‍ കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നിരുന്നു. ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് അനില്‍ പറഞ്ഞു.

ആക്രമണത്തിനെതിരെ
അനിലിന്റെ പോസ്റ്റ്
ചില സൈബര്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ എനിക്കെതിരായി ദുരുദ്ദേശ്യപരമായി പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കിലെ നിരവധി കോണ്‍ഗ്രസ് അനുകൂല സംഘങ്ങളില്‍ ഒന്നു മാത്രമാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജല്ല. ഇതിന്റെ അഡ്മിനായ ടോണി ഏതാനും ആഴ്ച മുമ്പ് എന്നെ ബന്ധപ്പെടുകയും പേജിന് ഔദ്യോഗിക അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. കെ.പി.സി.സി നേതൃത്വം ചില മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ എല്ലാവര്‍ക്കും അംഗീകാരം നല്‍കുക പ്രയാസമാണ്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം അനൗദ്യോഗിക പേജുകളിലെ പോസ്റ്റുകള്‍ ചില മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വലിയ നിരാശയുണ്ട്.

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ തലസ്ഥാനത്തെ പേട്ടയിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന തുടങ്ങി. സ്വപ്ന നല്‍കിയ മൊഴിയനുസരിച്ച് ഈ ഫ്‌ളാറ്റില്‍ വച്ചാണ് ഡോളര്‍ കൈമാറിയതെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കസ്റ്റംസ് സംഘം ഇന്നലെ അതീവ രഹസ്യമായി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. കഴിഞ്ഞ മാസമാണ് കസ്റ്റംസ് ഹാജരാകാന്‍ സ്പീക്കര്‍ക്ക് ആദ്യം നോട്ടീസ് നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ തിരക്ക് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഹാജരായില്ല. രണ്ടാമതും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കസ്റ്റംസ് വസതിയിലെത്തി സ്പീക്കറെ ചോദ്യം ചെയ്തത്.

ഗുരുവായൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്തുകോടി രൂപ തിരിച്ചടയ്ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.ബി.ജെ.പി. നേതാവ് എ. നാഗേഷിന്റെ ഹർജിയിലായിരുന്നു, തുക തിരിച്ചടയ്ക്കാനുള്ള ഹൈക്കോടതി വിധി. ഹിന്ദു ഐക്യവേദിയും ക്ഷേത്രസംരക്ഷണസമിതിയും ദേവസ്വത്തിനെതിരേ ഹർജി നൽകിയിരുന്നു.

അതേസമയം ഇതിനെതിരെ മുതിർന്ന അഭിഭാഷകൻ ചെന്നൈയിലെ ആര്യാമസുന്ദരം മുഖേനയാണ് ഹർജി. 2018, 2020 വർഷങ്ങളിൽ അഞ്ചുകോടി രൂപ വീതമാണ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് ചില ഹൈന്ദവസംഘടനകൾ ആക്ഷേപമുന്നയിച്ചതോടെയാണ്‌ വിവാദം കത്തിയത്. .

ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ ഹർജി നൽകാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചപ്പോൾ ക്ഷേത്രം ഊരാളനും സ്ഥിരാംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് മാത്രമാണ് എതിർത്തത്. ബാക്കി അംഗങ്ങളെല്ലാം എൽ.ഡി.എഫ്. കക്ഷിയിൽപ്പെട്ടവരായതിനാൽ തീരുമാനത്തോട് യോജിക്കുകയായിരുന്നു.

ദേവസ്വംതുക ഗുരുവായൂരപ്പന്റേതാണെന്നും ക്ഷേത്രസംബന്ധിയില്ലാത്തവയ്ക്ക് ആ പണം ചെലവഴിച്ചുകൂടായെന്നുമാണ്‌ ഹൈക്കോടതി വിധിയിൽ പറയുന്നത്. 1978-ൽ ആണ് ദേവസ്വം നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ, ചില ദുരന്തങ്ങൾ വന്നുചേരുമ്പോൾ നിയമത്തിൽ മാത്രം അടയിരിക്കാതെ കാര്യങ്ങളെ വിശാലമായി കാണേണ്ടതുണ്ടെന്നാണ് ദേവസ്വം വിലയിരുത്തുന്നത്.

‘‘ഭഗവാൻ കൃഷ്ണൻ ആപദ്‌ബാന്ധവനാണ്. ആപത്തിൽപ്പെട്ടവരെ സഹായിക്കുകയെന്നതുതന്നെയാണ് കൃഷ്ണസങ്കല്പവും. മനുഷ്യരാശിയെ മുഴുവൻ നാശംവിതയ്ക്കുന്ന ദുരന്തമുണ്ടാകുമ്പോൾ സഹജീവികളെ സഹായിക്കുന്നത് മാനവസേവയായും കാണണം’’-ദേവസ്വം ഭരണസമിതിയംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ.വി. മോഹനകൃഷ്ണൻ പറഞ്ഞു.

shibu

കൊല്ലം: ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കൊലക്കേസുകളിലെ ദുരൂഹത എണ്ണിപ്പറഞ്ഞ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലപാതകം മുതല്‍ മന്‍സൂര്‍ കൊലപാതകം വരെയുള്ള കേസുകള്‍ ഷിബു തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

ഷിബു ബേബി ജോണിന്റെ കുറിപ്പ്

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. അടുത്ത കാലത്തായി സി.പി.എം സമ്മര്‍ദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും അതെങ്ങനെ സംഭവിക്കുന്നു…?

കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്: ഒരു പ്രതി കൊല്ലപ്പെട്ടു.
ശുക്കൂര്‍ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.
ഫസല്‍ വധക്കേസ് : മൂന്ന് പ്രതികള്‍ കൊല്ലപ്പെട്ടു.
വാളയാര്‍ ഇരട്ട കൊല : ഒരു പ്രതി ആത്മഹത്യ ചെയ്തു.
മന്‍സൂര്‍ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.

സ്വന്തം അയല്‍ക്കാരനെയും സുഹൃത്തിനെയും പോലും ബോംബെറിഞ്ഞും ക്രൂരമായി വെട്ടിയും കുത്തിയും കൊല്ലാന്‍ ഒരു മടിയും ഇല്ലാത്തവര്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം മനസ്സിന് ബലമില്ലാത്തവരാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്ക് കഴിയും?
ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങള്‍ ആണിതെല്ലാമെല്ലാം എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ?
പാര്‍ട്ടിയ്ക്ക് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരെ, നിങ്ങള്‍ക്ക് പിന്നിലും പാര്‍ട്ടിയുടെ കൊലയാളിക്കണ്ണുകള്‍ കാത്തിരിപ്പുണ്ടെന്ന് ഓര്‍ക്കണം.

ration

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടങ്ങളിലും റേഷൻ കടകളിലെ സൗജന്യ വിഷുക്കിറ്റ് വിതരണം നിലച്ചു. .വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യുന്നത് വിവാദമായപ്പോൾ അത് വിതരണം ചെയ്യാൻ സർക്കാർ കാണിച്ച ഉത്സാഹം വോട്ടെടുപ്പിന് ശേഷം ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. വിഷു സ്‌പെഷ്യൽ കിറ്റ് വിതരണം മാർച്ച് 29നാണ് ആരംഭിച്ചത്.90 ലക്ഷം കാർഡുടമകളിൽ വിഷുക്കിറ്റ് ലഭിച്ചത് 4,16,119 പേർക്ക് മാത്രമാണ്. അന്ത്യോദയ അന്നയോജനയ്ക്ക് (മഞ്ഞ കാർഡ്) ആദ്യഘട്ട കിറ്റുകൾ നൽകാനായിരുന്നു തീരുമാനം.

എന്നാൽ ഒന്നു മുതൽ കാർഡ് നോക്കാതെ കിറ്റ് നൽകാനുള്ള നിർദ്ദേശവും റേഷൻ കടക്കാർക്ക് ലഭിച്ചു.മാർച്ചിലെ കിറ്റ് മലബാർ മേഖലയിൽ ആവശ്യത്തിന് ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തേയും കൊല്ലത്തേയും റേഷൻ കടകളിൽ പലയിടത്തും ആവശ്യത്തിലേറെ കിറ്റ് കിട്ടുകയും ചെയ്തു. വിഷുക്കിറ്റിൽ കൂടുതൽ ഇനങ്ങൾ ഉള്ളതിനാൽ ഇത് പകരം നൽകാനും റേഷൻകടക്കാർക്ക് കഴിയില്ല. നീല, വെള്ള കാർഡുകളുടെ മാർച്ചിലെ കിറ്റാണ് മറ്റ് ജില്ലകളിൽ കിട്ടാനുള്ളത്.15 രൂപ നിരക്കിൽ മുൻഗണനാ വിഭാഗത്തിന് 10 കിലോ അരി നൽകാൻ തീരുമാനിച്ചെങ്കിലും എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് അരി എത്തിച്ചിട്ടില്ല.

ചിലയിടങ്ങളിൽ അരി ആവശ്യത്തിലേറെ സ്റ്റോക്കുള്ളപ്പോൾ മറ്റ് കടകളിൽ അരി ലഭ്യമല്ലാത്ത അവസ്ഥ. ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയ ശേഷമാണ് സൗജന്യനിരക്കിലെ അരി വിതരണം ആരംഭിച്ചത്.ഇങ്ങനെ പോയാൽ വിഷുവിനു മുമ്പ് എല്ലാർക്കും കിറ്റ് ലഭിക്കില്ല.മാർച്ചിലെ കിറ്റ് വിതരണവും പൂർത്തിയായിട്ടില്ല. വിഷുക്കിറ്ര് വോട്ടർമാരെ സ്വാധീനിക്കാനാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതോടെയാണ് വിവാദമായത്.

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടും അസുഖബാധിതനായതുകൊണ്ട് ഹാജരാകാതിരുന്ന സ്പീക്കറെ തിരുവനന്തപുരത്തെ ഔദ്യോഗികവസതിയിലെത്തിയാണ് മൊഴിയെടുത്തത്. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടു. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം.
യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് സ്പീക്കര്‍ക്കെതിരെയുള്ള കേസ്.