തിരുവനന്തപുരം: പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന് എ.കെ ആന്റണിയുടെ മകന്‍ അനില്‍. കെ. ആന്റണി. സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി പാര്‍ട്ടി സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഇപ്പോഴത്തെ ദൗത്യമെന്നും കോണ്‍ഗ്രസുമായുള്ളത് വൈകാരിക ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കെ.പി.സി.സി രൂപീകരിച്ച ഐ.ടി സെല്ലിന്റെ നേതൃത്വം അനിലിനായിരുന്നു. പ്രവര്‍ത്തനം ഫലപ്രദമായില്ലെന്ന് കുറ്റപ്പെടുത്തിയും കളിയാക്കിയും കഴിഞ്ഞദിവസം സൈബര്‍ കോണ്‍ഗ്രസ് എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നിരുന്നു. ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്ന് അനില്‍ പറഞ്ഞു.
ആക്രമണത്തിനെതിരെ
അനിലിന്റെ പോസ്റ്റ്
ചില സൈബര്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ എനിക്കെതിരായി ദുരുദ്ദേശ്യപരമായി പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കിലെ നിരവധി കോണ്‍ഗ്രസ് അനുകൂല സംഘങ്ങളില്‍ ഒന്നു മാത്രമാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജല്ല. ഇതിന്റെ അഡ്മിനായ ടോണി ഏതാനും ആഴ്ച മുമ്പ് എന്നെ ബന്ധപ്പെടുകയും പേജിന് ഔദ്യോഗിക അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി. കെ.പി.സി.സി നേതൃത്വം ചില മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ എല്ലാവര്‍ക്കും അംഗീകാരം നല്‍കുക പ്രയാസമാണ്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം അനൗദ്യോഗിക പേജുകളിലെ പോസ്റ്റുകള്‍ ചില മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വലിയ നിരാശയുണ്ട്.

