വി.എസും ഭാര്യയും വോട്ട് ചെയ്തില്ല

തിരുവനന്തപുരം: സമര നായകന്‍ വി.എസ്. അച്യുതാനന്ദനും ഭാര്യ വസുമതിയും വോട്ട് രേഖപ്പെടുത്തിയില്ല. അവസാന നിമിഷം വരെയും പോസ്റ്റല്‍ വോട്ടിനു വേണ്ടി ഇരുവരും കാത്തിരുന്നെങ്കിലും മോഹം സഫലമായില്ല. നിയമപരമായി പാേസ്റ്റല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന അറിയിപ്പാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയത്. എണ്‍പത് വയസിന് മുകളിലുള്ളതിനായി വസുമതിക്കും കോവിഡ് മാനദണ്ഡപ്രകാരം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. പുന്നപ്രയിലാണ് ഇരുവര്‍ക്കും വോട്ട്. താമസിക്കുന്ന തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് കാണിച്ച് വി.എസും ഭാര്യയും അമ്പലപ്പുഴ റിട്ടേണിംഗ് ഓഫീസര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ നല്‍കിയതാണ്. ഫലമില്ലെന്ന് കണ്ടപ്പോള്‍ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റൈ ഓഫീസിലും അപേക്ഷ നല്‍കി. വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ബാലറ്റ് വോട്ട് അനുവദിക്കാനാവില്ലെന്ന അറിയിപ്പാണ് കിട്ടിയത്. അമ്പലപ്പുഴയിലെ റിട്ടേണിംഗ് ഓഫീസര്‍ ഒരു ചടങ്ങുപോലെ പുന്നപ്രയിലെ വി.എസിന്റെ വീടായ വേലിക്കകത്ത് വീട്ടില്‍ ബാലറ്റുമായി ചെന്ന് മടങ്ങി. വി.എസ് തിരുവനന്തപുരത്താണെന്ന് അവരെ അറിയിച്ചു.