സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ്;പോളിംഗില്‍ ഒന്നാമത് എത്തി കോഴിക്കോട്

election

സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.02 ശതമാനം പോളിങ്.77.9 ശതമാനവുമായി കോഴിക്കോടാണ്‌ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം 73.85 ശതമാനം.ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്.

കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിമാരില്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്തെന്ന പരാതിയും ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.