ചൂടിനെ അതിജീവിക്കാൻ തിരുവനന്തപുരം മൃഗശാലയിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി

zoo

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. കനത്ത ചൂടിനെ അതിജീവിക്കാൻ പക്ഷി മൃഗാദികളെ സഹായിക്കുന്ന സജ്ജീകരണങ്ങളാണ് നടപ്പാക്കുന്നത്.ചൂടിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന കരടിക്ക് ഫ്രൂട്ട് സാലഡും ഐസ് ക്യൂബുകളും നൽകും. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന മൃഗങ്ങൾക്ക് തണ്ണിമത്തന്‍ ജ്യൂസും ഫ്രൂട്ട് സാലഡും ലഭ്യമാക്കി തുടങ്ങി.

ചൂടുകാലാവസ്ഥയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് പ്രത്യേക കരുതല്‍ നല്‍കുന്നതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.കുരങ്ങന്‍, കാട്ടുപോത്ത്, കരടി, കടുവ, പാമ്പുകള്‍, കണ്ടാമൃഗം തുടങ്ങിയവയുടെ കൂടുകളിലെ കുളങ്ങളില്‍ വെള്ളം നിറച്ച്‌ നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ ചെറിയ പാമ്പുകൾക്ക് ചട്ടിയിൽ വെള്ളം നിറച്ചു നൽകുന്നുമുണ്ട്.

ഒട്ടകപക്ഷിക്ക് ഫാനും പനയോലകൊണ്ടുള്ള കുടിലുകളുമാണ് ചൂടിനെ പ്രതിരോധിക്കാനായി തയ്യാറാക്കിയിരിക്കുന്നത്. നീലക്കാളയ്ക്ക് ഫാനും നാലുപാടും വെള്ളം ചീറ്റുന്ന സ്പ്രിങ്ക്‌ളറും നല്‍കി.രാജവെമ്പാലയ്ക്കും അനാക്കോണ്ടയ്ക്കു എയർ കണ്ടീഷൻ സൌകര്യം ഏർപ്പെടുത്തി. കടുവയ്ക്ക് ഫാനും കുളിക്കാൻ ഷവറും ക്രമീകരിക്കും. ചൂടിന്‍റെ കാഠിന്യം കുറയ്ക്കാൻ തണുത്ത സാഹചര്യങ്ങളും ഭക്ഷണങ്ങളും തയ്യാറാക്കും.

പക്ഷികളുടെ കൂടുകളിലെല്ലാം വെള്ളം നിറച്ചു. കാണ്ടാമൃഗത്തിനും മ്ലാവിനും തണുപ്പ് കൂടുതല്‍ വേണ്ടതിനാല്‍ ചെളിക്കുളമാണ് തയാറാക്കിയിരിക്കുന്നത്. വെജിറ്റേറിയന്മാരുടെ ഭക്ഷണത്തില്‍ തണ്ണിമത്തന്‍, സലാഡ് തുടങ്ങിയവയുടെ അളവ് കൂട്ടിയിട്ടുണ്ട്.